EncyclopediaHistory

വില്യം ഹവാഡ് ടാഫ്റ്റ്

അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ചീഫ്‌ ജസ്റ്റിസായ വ്യക്തിയാണിദ്ദേഹം, ഈ രണ്ട് പദവികളും വഹിച്ച ഒരേ ഒരാളും.
സദാ ഉല്ലാസവാനായിരുന്നു വില്യം ഹവാഡ് ടാഫ്റ്റിന് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. 1857 സെപ്റ്റംബര്‍ 15-ന് ഒഹിയോയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം. നയതന്ത്രജ്ഞനും അഭിഭാഷകനുമായ അല്‍ഫോണ്‍സോ ടാഫ്റ്റ് ആണ് പിതാവ്, മാതാവ് ലൂസിയ മറിയടോറി.വില്യം ടാഫ്റ്റ് ബാല്യത്തില്‍ നല്ലൊരു ബേസ്ബോള്‍ കളിക്കാരനായിരുന്നു. സ്കൂളിലും കൂടുതല്‍ താല്പര്യം കായികരംഗത്തായതോടെ പിതാവിന്‍റെ വിലക്ക് വന്നു. പിന്നെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, കണക്കായിരുന്നു ഇഷ്ടവിഷയം, പിന്നീട് നിയമവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കോടതി ലേഖകനായി പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടുകയും ചെയ്തു.
28-ആം വയസില്‍ അദ്ദേഹം ഹെലനെ വിവാഹം കഴിച്ചു ഇവര്‍ക്ക് മൂന്നു മക്കള്‍ ഉണ്ട്.
ടാഫ്റ്റ് സൈന്യത്തില്‍ സേവനമനുഷ്ടിച്ചിട്ടില്ല. കമീഷണര്‍, ഗവര്‍ണര്‍ ജനറല്‍, സെക്രട്ടറി ഓഫ് വാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1908-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ വില്യം ജെന്നിങ്ങ്സ് ബ്രെയനെ പരാജയപ്പെടുത്തിയ അദ്ദേഹം അമേരിക്കയുടെ 27-മത്തെ പ്രസിഡന്റായി അധികാരമേറ്റു.
എന്നാല്‍, വൈറ്റ്ഹൗസ് അദ്ദേഹത്തെ ഒട്ടും സന്തോഷിപ്പിച്ചില്ല. രാഷ്ട്രീയപ്രശ്നങ്ങള്‍ അദ്ദേഹത്തിന് വല്ലാത്ത ഭാരമായി. അങ്ങനെ ശരാശരി പ്രസിഡന്റുമാരില്‍ ഒരാളായി അദ്ദേഹം 1913 മാര്‍ച്ച് നാലിന് വിരമിക്കുകയും യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറാകുകയും ചെയ്തു. സര്‍ക്കാരിനെക്കുറിച്ചും രാജ്യാന്തര നിയമങ്ങളെക്കുറിച്ചുമാണ് അദ്ദേഹം പഠിച്ചിരുന്നത്. കൂടാതെ പത്രമാസികകളില്‍ നിയമ പ്രബന്ധങ്ങള്‍ എഴുതുകയുo ചെയ്തു. 1921-ല്‍ അന്നത്തെ പ്രസിഡന്റ് ഹാര്‍ഡിംഗ് അദ്ദേഹത്തെ ചീഫ് ജസ്റ്റിസാക്കി, ടാഫ്റ്റ് ഏറെക്കാലമായി മോഹിച്ച പദവിയായിരുന്നു അത്. അവിടെ അദ്ദേഹം ശോഭിക്കുകയും ചെയ്തു.
1930 മാര്‍ച്ച് ഏഴിനായിരുന്നു അന്ത്യം.