EncyclopediaInventions

കള്ളിച്ചെടികള്‍ക്ക് ഇലകള്‍ ഇല്ലാത്തത് എന്തുകൊണ്ട്??

ഭക്ഷണം നിര്‍മിക്കുക എന്നതാണല്ലോ ഇലയുടെ മുഖ്യധര്‍മ്മം.ഇതിനായി കാര്‍ബണ്‍ ഡൈ ഓക്സൈഡും സൂര്യപ്രകാശവും വേണം ഈ പ്രക്രിയയുടെ തന്നെ ഭാഗമായി ഓക്സിജന്‍ പുറത്തേക്ക് കളയുകയും വേണമല്ലോ.അതിനായി ഇലകളുടെ ഉപരിതലത്തില്‍ സ്റ്റൊമാറ്റ സൂക്ഷ്മ ദ്വാരങ്ങളും ഉണ്ട്.ഇതിലൂടെ വായു അകത്തേക്ക് കടക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നു.അതേസമയം ഇലകളില്‍ നിന്ന് ജലം നഷ്ടപ്പെടുകയും ചെയ്യാം.ഇങ്ങനെ ഒരു വൃക്ഷത്തില്‍ നിന്ന് വേനല്‍ക്കാലത്ത് ഒറ്റദിവസം കൊണ്ട് ഏതാനും ടണ്‍ വെള്ളം നഷ്ടപ്പെടും സാധാരണഗതിയില്‍ ഇതൊരു പ്രശ്നമല്ല.കാരണം വേരുകള്‍ മണ്ണില്‍ നിന്നും വെള്ളം വലിച്ചെടുത്തുകൊണ്ടിരിക്കും.പക്ഷെ മരുഭൂമിയില്‍ അത് സാധ്യമല്ലല്ലോ.

  കള്ളിച്ചെടികള്‍ മരുഭൂമിയില്‍ വളരുവാനുള്ള അനുകൂലനം സമ്പാദിച്ചിട്ടുള്ള സസ്യങ്ങളില്‍പെട്ടവയാണ് ,ഇവയില്‍ ഇലകള്‍ മുള്ളുകളായി മാറി.ജലനഷ്ടം തടയുവാനുള്ള ഒരു അനുകൂലമാണിത്.പക്ഷെ സസ്യത്തിന് ആഹാരവും വേണമല്ലോ.ഈ ധര്‍മം കാണ്ഡം ഏറ്റെടുത്തിരിക്കുകയാണ്.അതിന്‍റെ ഉപരിതലത്തിലുള്ള കോശങ്ങളില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്.അങ്ങനെ കാണ്ഡത്തിന് പച്ച നിറമായിരിക്കും.കള്ളിച്ചെടികളുടെ കാണ്ഡത്തില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്നതിനാല്‍ അവ ചാറു നിറഞ്ഞത്‌ പോലെയിരിക്കും.