EncyclopediaTell Me Why

വണ്ടി ഓടുമ്പോള്‍ ടയര്‍ ചൂടാകുന്നത് എന്തുകൊണ്ട്??

കുറെനേരം ഓടിവന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്റെയോ കാറിന്റെയോ ടയര്‍ തൊട്ടുനോക്കിയിട്ടുണ്ടോ? എന്തൊരു ചൂടായിരിക്കും ടയര്‍ റോഡിലൂടെ ഉരയുകയല്ല ഉരുളുകയാണെന്നതുകൊണ്ട് ഈ ചൂട് ഘര്‍ഷണം കൊണ്ടുണ്ടാകുന്നതല്ല.പക്ഷേ ഉരുളുമ്പോഴും അവയ്ക്ക് തുടര്‍ച്ചയായ വിരൂപണം സംഭവിക്കുന്നുണ്ട്. ഭാരം കയറ്റിയ വണ്ടിയുടെ ടയര്‍ നിലത്ത് അമര്‍ന്നിരിക്കുമ്പോള്‍ ടയറിന്‍റെ നിലത്ത് ഭാഗത്ത് വൃത്താകൃതിക്ക് കോട്ടം തട്ടുന്നു.ചക്രം ഉരുളുമ്പോള്‍ അതിന്‍റെ ചുറ്റിനുമുള്ള ഓരോ ഭാഗമായി മാറി മാറി നിലത്തമര്‍ന്നു ക്രമത്തില്‍ വിരൂപണം സംഭവിക്കുകയും ക്ഷണത്തില്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു.വണ്ടിയുടെ വേഗം കൂടുന്തോറും വിരൂപണത്തിന്റെ ആക്കവും വര്‍ധിക്കുന്നു.

ഒരു റബര്‍ക്കഷ്ണമെടുത്ത് വളരെ വേഗത്തില്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യ്തു നോക്കൂ.അതു ചൂടാകുന്നില്ലെ?വിരൂപണത്തിനുപയോഗിക്കുന്ന ഊര്‍ജ്ജമാണ് ആന്തരഘര്‍ഷണം മൂലം താപമായി പ്രത്യക്ഷപെടുന്നത്.ഇത് തന്നെയാണ് ടയറിനും സംഭവിക്കുന്നത്.തുടര്‍ച്ചയായ വിരൂപണം മൂലം അതിന്‍റെ താപനില ഉയരുന്നു.

എന്നാല്‍ തുടര്‍ച്ചയായി ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ടയറിന്റെ താപനില ഉയര്‍ന്നു പൊയ്ക്കണ്ടേയിരിക്കുകയില്ല.ചൂടായ ടയറില്‍ നിന്നും സംവഹനവും വികിരണവും മൂലം താപനഷ്ടം സംഭവിക്കുന്നുണ്ട്.താപനില ഉയരുമ്പോള്‍ ഈ നഷ്ടത്തിന്‍റെ തോതും ഉയരും.ചൂടാകലും താപനഷ്ടവും തുല്യതയിലെത്തുമ്പോള്‍ ടയറിന്റെ താപനില സ്ഥായിയായ ഒരു നിലയിലായിത്തീരുന്നു.പിന്നെ എത്ര ഓടിയാലും ടയര്‍ കൂടുതല്‍ ചൂടാവുകയില്ല.