നാം ആഹാരം കഴിക്കുന്നത് എന്തിന്?
ആഹാരം കഴിച്ചില്ലെങ്കില്‍ നമുക്ക് വളരുവാന്‍ സാധിക്കുകയില്ല, കൂടാതെ ശരീരത്തില്‍ ഊര്‍ജ്ജം ഉണ്ടാവുകയുമില്ല. നമ്മുടെ ശരീരവളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളെതെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഓരോ തരം ഭക്ഷണപദാര്‍ത്ഥം ആവശ്യമാണ്.
നമ്മുടെ ശരീരകോശങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളായ പാല്‍, മുട്ട, വെണ്ണ, മാംസം, മത്സ്യം എന്നിവ ആവശ്യമാണ്. പ്രോട്ടീനില്ലെങ്കില്‍ ശരീരത്തിന് പുതിയ കോശങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കുകയില്ല. ശരീരത്തിന്‍റെ ഊഷ്മാവ് നിലനിര്‍ത്തുന്നതിനും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും ധാന്യകം, പഞ്ചസാര എന്നിവയടങ്ങിയ കാര്‍ബോഹൈട്രേറ്റുകള്‍ ആവശ്യമാണ്. തക്കാളി, അരി, പഞ്ചസാര എന്നിവയിലെല്ലാം കാര്‍ബോഹൈട്രേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ ശരീരത്തിന് 18 ഓളം ധാതുക്കളും ആവശ്യമാണ്. ഉദാഹരണമായി എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് കാത്സ്യം ഫോസ്ഫറസ് എന്നീ ധാതുക്കളും കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇരുമ്പും ശരീരപ്രവര്‍ത്തനത്തിനു അയോഡിനും, ശരീരവളര്‍ച്ചക്കും ഹീമോഗ്ലോബിന്റെ ഉത്പാദനത്തിനും കോപ്പര്‍ എന്ന ധാതുവും ആവശ്യമാണ്. ഇവയ്ക്കെല്ലാo പുറമേ വിറ്റാമിനുകളും ശരീരത്തിനാവശ്യമാണ്. വിറ്റാമിനുകള്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനു വളരെയധികം സഹായകമാണ്. ഓരോ വിറ്റാമിനിനും പ്രത്യേക ധര്‍മ്മമാണുള്ളത്. എല്ലാ വിറ്റാമിനുകളും കൂടിച്ചേര്‍ന്ന് വളര്‍ച്ചയും ശരീരത്തിന് സുഖവും ആരോഗ്യവും നല്‍കുന്നു.ജലവും ശരീരത്തിന് വളരെയധികം ആവശ്യമുള്ള ഒരു വസ്തുവാണ്. ഇതില്‍ നിന്നും വിശപ്പ് മാറ്റുന്നതിലുപരി ശരീരത്തിന്‍റെ സമ്പൂര്‍ണ്ണ ആരോഗ്യം ആഹാരം കഴിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നു എന്നു മനസ്സിലാക്കാം.