ചില ജന്തുക്കളുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങുന്നത് എന്തുകൊണ്ട്?
സാധാരണഗതിയില്‍ ഇരുട്ടത്തിരിക്കുന്ന പൂച്ചയെ നമുക്ക് കാണാന്‍ പറ്റില്ല, പക്ഷേ തിളങ്ങുന്ന രണ്ടു കണ്ണുകള്‍ കാണാം.കടുവ, പുലി, സിംഹം തുടങ്ങിയ വന്യമൃഗങ്ങളുടെയും മറ്റ് അനവധി ജന്തുക്കളുടെയും കണ്ണുകള്‍, പൂച്ചയുടേതുപോലെ ഇരുട്ടില്‍ തിളങ്ങുന്നുണ്ട്. എന്താണിതിനു കാരണം?
മേല്‍പ്പറഞ്ഞതരം ജന്തുക്കളുടെ കണ്ണുകള്‍ക്ക് , വിശേഷപ്പെട്ട ക്രിസ്റ്റല്‍പോലെയുള്ള പദാര്‍ത്ഥം കൊണ്ടു നിര്‍മ്മിതമായ ഒരു നനുത്ത പുറംപാളി ഉണ്ട്, ഈ പാളി അതിനുമേല്‍ വീഴുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഈ പ്രകാശമാണ് കണ്ണുകളുടെ തിളക്കത്തിന് കാരണം. രാത്രിയില്‍ ഈ ക്രിസ്റ്റലൈന്‍ പ്രതലത്തില്‍ പതിക്കുന്ന ഏറ്റവും നേരിയ പ്രകാശംപോലും പ്രതിഫലിക്കപ്പെടുകയും ജന്തുക്കളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണപ്പെടുകയും ചെയ്യുന്നു. ഈ ജന്തുക്കള്‍ക്ക് ഇരുട്ടില്‍ വ്യക്തമായി കാണാനാവും, ഇവ രാത്രിഞ്ചരങ്ങള്‍ എന്നാണറിയപ്പെടുന്നത്.
പൂച്ചയുടെ കണ്ണുകളില്‍ റെറ്റിനയുടെ പുറകിലായി ഒരു ക്രിസ്റ്റലൈന്‍ പാളിയുണ്ട്. ഈ പാളി പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു, അതിനാലാണ് പൂച്ചകള്‍ക്കു മങ്ങിയ പ്രകാശത്തില്‍പ്പോലും വ്യക്തമായി കാണാന്‍ കഴിയുന്നതും രാത്രിയില്‍ അവയുടെ കണ്ണുകള്‍ തിളങ്ങുന്നതും.
വ്യത്യസ്ത ജന്തുക്കളില്‍, വ്യത്യസ്ത നിറങ്ങളിലാണ് കണ്ണുകള്‍ തിളങ്ങുന്നത്, ഈ നിറഭേദം അവയുടെ കണ്ണുകളിലുള്ള രക്തക്കുഴലുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. രക്തക്കുഴലുകള്‍ വളരെ കൂടുതലാണെങ്കില്‍ കണ്ണുകള്‍ ചുവപ്പ്നിറത്തില്‍ തിളങ്ങും, തീരെ കുറവാണെങ്കില്‍, വെളുപ്പിലോ, ഇളം മഞ്ഞയിലോ ആയിരിക്കും തിളങ്ങുക.