ആസിഡ് ശരീരത്തില്‍ വീണാല്‍ പൊള്ളുന്നത് എന്തുകൊണ്ട്??
ആസിഡുകള്‍ക്ക് ജലാംശം വലിചെടുക്കാനും കൂടിയ താപം പുറത്തുവിടാനുമുള്ള കഴിവുണ്ട്.ഈ കഴിവാണ് ആസിഡ് ദേഹത്ത് വീഴുമ്പോള്‍ പൊള്ളുന്നതിനു കാരണം.എല്ലാ ജീവി കോശങ്ങളിലും ജലാംശം അടങ്ങിയിരിക്കുന്നു.ശരീരത്തില്‍ വീഴുന്ന വീര്യം കൂടിയ സള്‍ഫ്യൂരിക് ആസിഡ്,ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ് മുതലായവ ശരീരകോശങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും അവയിലെ ജലാംശം വലിച്ചെടുക്കുകയും താപം വിസര്‍ജ്ജിച്ച് ഗുരുതരമായ പൊള്ളലുണ്ടാക്കുകയും ചെയ്യുന്നു.ഈ മൂന്ന് ആസിഡും മറ്റു ഖനിജ അമ്ലങ്ങളും വ്യാവസായികരംഗത്ത് വളരെ പ്രധാന്യമുള്ളവയും അതുപോലെ തന്നെ അപകടകാരികളും ആണ്.എന്നാല്‍ ജീവജാലങ്ങളില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന വിനാഗിരി,നാരങ്ങാനീര് തുടങ്ങിയ ജൈവ ആസിഡുകള്‍ താരതമ്യേന വീര്യം കുറഞ്ഞവയാണ്.പൊള്ളലുകള്‍ ഒഴിവാക്കാന്‍ ആസിഡുകള്‍ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേക ഉടുപ്പുകള്‍ ധരിക്കണം.കൂടാതെ ആസിഡുകള്‍ എപ്പോഴും ജലത്തിലേക്കെ ഒഴിക്കാന്‍ പാടുള്ളൂ.ആസിഡുകളിലേക്ക് ജലം ഒഴിച്ചാല്‍ ആസിഡ് പുറത്തേക്ക് തെറിക്കാന്‍ ഇടയാകും.ആസിഡ് വീണു പൊള്ളലുണ്ടായാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രുഷ ,ആദ്യം ധാരാളം വെള്ളം ഉപയോഗിച്ചും പിന്നീട് വീര്യം കുറഞ്ഞ അമോണിയ ലായനി ഉപയോഗിച്ചും കഴുകുക എന്നതാണ്.അമോണിയ ലായനി ക്ഷാരസ്വഭാവമുള്ളത് ആയതുകൊണ്ട് അമ്ലത്തെ നിര്‍വീര്യമാക്കുന്നു.