ടെലിഫോണ്‍ കണ്ടുപിടിച്ചത് ആര്??
1876-ല്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ എന്ന ശാസ്ത്രക്ജ്ഞനാണ് ടെലിഫോണ്‍ കണ്ടുപിടിച്ചത്. അത് കണ്ടുപിടിച്ച ദിവസം ബോസ്റ്റ്ണിലെ തന്റെ ഓഫീസ് മുറിയിലിരുന്ന് ഗ്രഹാംബെല്‍, മറ്റൊരു മുറിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹായിയായ വാട്സണോട് ടെലിഫോണിലൂടെ പറഞ്ഞു. ഇവിടെ വരൂ, വാട്സണ്, എനിക്ക് നിങ്ങളെക്കൊണ്ട് കാര്യമുണ്ട്, ഇതാണ് ടെലിഫോണിലൂടെ ആദ്യം പറഞ്ഞ ചരിത്രപ്രസിദ്ധമായ വാചകം.
ഒരു ടെലിഫോണിനു രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. നമുക്ക് സംസാരിക്കുവാനുള്ള മൗത്ത് പീസും, ശബ്ദം കേള്‍ക്കാനുള്ള ഇയര്‍ പീസും ആണ് അവ. മൗത്ത് പീസിനകത്തും, ഇയര്‍ പീസിനകത്തും ഡയഫ്രം എന്നു പേരുള്ള വട്ടത്തിലുള്ള ഒരു ലോഹത്തകിട് ഉണ്ടാകും. ഈ ഡയഫ്രത്തെ ഒരു ട്രാന്‍സ്മിറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. നാം സംസാരിക്കുമ്പോള്‍ ഡയഫ്രം കമ്പനം ചെയ്യാന്‍ തുടങ്ങും, അതിനനുസരിച്ച് ട്രാന്സ്മീറ്ററിലെ കാര്‍ബണ്‍ തരികള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിത്തുടങ്ങുന്നു. ഒരു ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി കാര്‍ബണ്‍ തരികളിലൂടെ കടന്നുപോകുമ്പോള്‍ ശബദതരംഗങ്ങള് ഉടനെ വൈദ്യുതതരംഗങ്ങളായിത്തീരും. ഈ വൈദ്യുത തരംഗങ്ങള്‍ ടെലിഫോണ്‍ എടുത്തിട്ടുള്ളയാളിന്റെ ടെലിഫോണിലെത്തുന്നു. ഇയര്പീസിലുള്ള വൈദ്യുതകാന്തം വൈദ്യുത തരംഗങ്ങളെ ഡയഫ്രത്തിലൂടെ കടത്തിവിട്ട് ശബ്ദതരംഗങ്ങളാക്കുന്നു. ഇങ്ങനെ ശബ്ദതരംഗങ്ങള്‍ നമ്മുടെ ചെവിയിലെത്തുന്നു.
1876-ലാണ് ആദ്യത്തെ ടെലിഫോണ്‍ കണ്ടുപിടിച്ചത്. ഒരു നൂറ്റാണ്ടിനകം ലോകത്തൊട്ടാകെ അവയുടെ എണ്ണം 40 കോടിയിലധികം ആയിത്തീര്‍ന്നു. ഇന്ന് ടെലിഫോണിലൂടെ ഒരു ദിവസം ഏകദേശം നൂറ് കോടി സംഭാഷണം നടക്കുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്.