EncyclopediaScienceSpace

പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ വസ്തു

പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ വസ്തുക്കളില്‍ ഒന്നാണ് ഇത്. ഏതാനും കിലോമീറ്ററുകളോളം വലിപ്പമുള്ളവയാണെങ്കിലും നക്ഷത്രങ്ങളെക്കാള്‍ മാസ് ഉള്ളവയാണ് ഇവ. അതി ഗംഭീരമായ മറ്റൊരു വസ്തുവിന്റെ നാശത്തില്‍ നിന്നുമാണ് ഇത് രൂപം കൊള്ളുന്നത്. ഇതിന്റെ പേരാണ് ന്യൂട്രോണ്‍ സ്റ്റാര്‍.

                    നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഒരു പ്രത്യേകതരം സന്തുലിതാവസ്ഥയില്‍ ആണ്. ഒരു നക്ഷത്രത്തിന്റെ ഗുരുത്വകര്‍ഷണബലം ആ നക്ഷത്രത്തെ മുഴുവന്‍ അതിന്റെ കോര്‍ ഭാഗത്തേക്ക് പിടിച്ചു വലിക്കും. അതായത് അതിന്റെ മധ്യഭാഗത്തിലേക്ക്. ഇങ്ങനെ വലിക്കുമ്പോള്‍ നക്ഷത്രത്തിലുള്ള സകലവും ഞെരിഞ്ഞമരും. നക്ഷത്രത്തില്‍ ഹൈഡ്രജനും ഹീലിയവും ആണ് ഉള്ളത്. ഗുരുത്വകര്‍ഷണബലം കാരണം നക്ഷത്രത്തിന്റെ ഉള്ളിലുള്ള ഹൈഡ്രജനും ഹീലിയവും തമ്മില്‍ കൂട്ടിമുട്ടുകയും അതിന്റെ ഫലമായി ഫ്യുഷന്‍(Fusion Energy)എനര്‍ജി ഉണ്ടാകുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകുന്ന ഫ്യുഷന്‍ എനര്‍ജി നക്ഷത്രത്തില്‍ ഉള്ള വസ്തുക്കളെ പുറത്തോട്ടു തള്ളാന്‍ ശ്രമിക്കും അങ്ങനെ ഗുരുത്വകര്‍ഷണബലവും ഫ്യുഷന്‍ എനര്‍ജിയും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാകുന്നു. ഇത്തരം ഒരു ബാലന്‍സിംഗ് ഉള്ളത് കൊണ്ടാണ് നക്ഷത്രങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കാലക്രമേണ മധ്യഭാഗത്തുള്ള ഹൈഡ്രജന്‍ മുഴുവന്‍ തീര്‍ന്നു പോകുകയും ഈ സന്തുലിതാവസ്ഥ തകരുകയും ചെയ്യും. അപ്പോള്‍ നമ്മുടെ സൂര്യന്റെ വലിപ്പം ഉള്ള നക്ഷത്രം ആണെങ്കില്‍ അതിന്റെ മധ്യഭാഗം മുഴുവന്‍ ഗുരുത്വകര്‍ഷണബലം കാരണം കൂടുതല്‍ റ്റൈറ്റാവുകയും മധ്യഭാഗത്തിന്റെ വലിപ്പം കുറയുകയും ചെയ്യും. അതിന് ശേഷം അതിന്റെ മുകള്‍ഭാഗത്തുള്ള ഹൈഡ്രജനും ഹീലിയവും തമ്മില്‍ ഫ്യുഷന്‍ റിയാക്ഷന്‍ നടക്കുകയും അതിന്റെ ഫലമായി നക്ഷത്രം വലിപ്പം വയ്ക്കുകയും ഒരു റെഡ്ജെയിന്റ് നക്ഷത്രമായി മാറുകയും ചെയ്യും. കാലങ്ങള്‍ കഴിയുമ്പോള്‍ വലിപ്പം വച്ച ഈ മുകള്‍ ഭാഗം മുഴുവന്‍ കത്തി നശിക്കും. അപ്പോള്‍ ആകെ അവശേഷിക്കുന്നത് ഡെന്‍സ് ആയിട്ടുള്ള അതിന്റെ കോര്‍ മാത്രമായിരിക്കും. അതിനെയാണ് വൈറ്റ് ഡ്വാര്‍ഫ് നക്ഷത്രം എന്ന് പറയുന്നത്.

                    എന്നാല്‍ നമ്മുടെ സൂര്യനെക്കാള്‍ വലിപ്പം ഉള്ള അതായത് സൂര്യനെക്കാള്‍ 1.4 മുതല്‍ 3 മടങ്ങ്‌ വരെ വലിപ്പം ഉള്ള നക്ഷത്രം ആണെങ്കില്‍ അതിന്റെ മധ്യഭാഗത്തുള്ള ഹൈഡ്രജന്‍ മുഴുവന്‍ തീര്‍ന്നു പോകുമ്പോള്‍ നേരത്തെ പറഞ്ഞതില്‍ നിന്നും കുറച്ച് വ്യത്യസ്തമായാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ തന്നെ ഇത്തരം നക്ഷത്രങ്ങളുടെയും മധ്യഭാഗം ചുരുങ്ങുകയും പുറം ഭാഗം അല്ലെങ്കില്‍ മുകളിലത്തെ ഭാഗം വലിപ്പം വയ്ക്കുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ വലിപ്പം വയ്ക്കുമ്പോള്‍ മധ്യഭാഗത്തുള്ള കാര്‍ബണ്‍ മുഴുവന്‍ നിയോണ്‍ ആയിട്ടും ശേഷം നിയോണ്‍ ,ഓക്സിജന്‍ ആയിട്ടും ,ഓക്സിജന്‍-സിലിക്കണ്‍ ആയിട്ടും  അവസാനം സിലിക്കണ്‍ അയണ്‍ ആയിട്ടും മാറും. അയണ്‍ അഥവാ ഇരുമ്പാണ് നമുക്ക് അറിയാവുന്നതില്‍ വച്ച് ഏറ്റവും സ്റ്റേബിള്‍ ആയ എലമെന്റ്റ്. സ്റ്റേബിള്‍ ആയ എലമെന്റുകള്‍ക്ക് ഫ്യുഷന്‍ റിയാക്ഷന്‍ സംഭവിക്കില്ല. അതുകൊണ്ട് തന്നെ ഈ നക്ഷത്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഊര്‍ജ്ജം മുഴുവന്‍ തീര്‍ന്നു പോകുകയും നക്ഷത്രത്തില്‍ നേരത്തെ ഉണ്ടായിരുന്ന ബാലന്‍സ് അഥവാ സന്തുലിതാവസ്ഥ പൂര്‍ണ്ണമായും നഷ്ടമാകുകയും ചെയ്യുന്നു. ഇതിനു ശേഷം സംഭവിക്കുന്നതെല്ലാം വളരെ തീവ്രമാണ്. സന്തുലിതാവസ്ഥ തകരുന്നതോടുകൂടി നക്ഷത്രത്തിന്റെ അയണ്‍ കോര്‍ അഥവാ ഇരുമ്പ് മധ്യഭാഗം ഗുരുത്വകര്‍ഷണബലം കാരണം വളരെ വളരെ ശക്തമായി മുറുകും. ശക്തം എന്ന് പറഞ്ഞാല്‍ ഇരുമ്പിന്റെ പോസിറ്റിവ് ചാര്‍ജ് ഉള്ള പ്രോട്ടോണുകളും നെഗറ്റീവ് ചാര്‍ജ് ഉള്ള ഇലക്ട്രോണുകളും തമ്മില്‍ കൂടി ചേരുകയും അതുമൊത്തം ചാര്‍ജ് ഇല്ലാത്ത ന്യൂട്രോണുകളായി മാറുകയും ചെയ്യും. അങ്ങനെ ഭൂമിയോളം വലിപ്പം ഉള്ള ഈ അയണ്‍ കോര്‍ വെറും ഇരുപതുപതു കിലോമീറ്ററുകളോളം മാത്രം വലിപ്പം ഉള്ള ഒരു ഗോളമായിട്ടു  മാറും.

    പക്ഷെ ഈ മധ്യഭാഗം മാത്രമല്ല നക്ഷത്രം മുഴുവനായി ഗുരുത്വകര്‍ഷണബലത്തിന്റെ അധീനതയില്‍ പെട്ട് ചുരുങ്ങും. ഈ ചുരുങ്ങുന്ന വേഗത അത്യധികമാണ്. അതായത് പ്രകാശവേഗതയുടെ ഇരുപത്തിഅഞ്ച് ശതമാനം വേഗതയില്‍ ആയിരിക്കും ഇത് സംഭവിക്കുന്നത്. അങ്ങനെ നക്ഷത്രം മുഴുവന്‍ ചുരുങ്ങാന്‍ പറ്റുന്നതിന്റെ പരമാവധി ചുരുങ്ങുകയും ഉടന്‍ തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യും. ഈ മഹാവിസ്ഫോടനത്തിനെ ആണ് സൂപ്പര്‍ നോവ(Super Nova)എന്ന് പറയുന്നത്. ഈ വിസ്ഫോടനത്തില്‍ വളരെ ശക്തമായ ശബ്ദം പുറപ്പെടുവിക്കുകയും നക്ഷത്രത്തില്‍ ഉണ്ടായിരുന്ന സകലതും ചിതറിപോകുകയും ചെയ്യും. അവശേഷിക്കുന്ന ന്യൂട്രോണുകള്‍ മാത്രമുള്ള ഒരു ഗോളത്തിനെയാണ് ന്യൂട്രോണ്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത്. ഇതിന്റെ മാസ് എന്ന് പറയുന്നത് ഭൂമിയെക്കാള്‍ ലക്ഷകണക്കിന് മടങ്ങായിരിക്കും. പക്ഷെ വലിപ്പം വെറും 25 കിലോമീറ്ററുകളോളം ആയിരിക്കും.

                        അതായത് ഒരു ന്യൂട്രോണ്‍ സ്റ്റാറിന്റെ വണ്‍ ക്യുബിക് സെന്റീമീറ്ററില്‍ ഭൂമിയിലെ സകലമനുഷ്യരേയും ഉള്‍കൊള്ളാന്‍ ആകും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഹിമാലയ പര്‍വ്വതത്തെ ചുരുക്കി ഒരു പഞ്ചസാര തരിയുടെ വലിപ്പമാക്കുന്നത് പോലെ. ന്യൂട്രോണ്‍ സ്റ്റാറുകളുടെ സ്വഭാവഗുണങ്ങള്‍ ശരിക്കും വ്യത്യസ്തമാണ്. ഇതിനു ഗുരുത്വകര്‍ഷണബലം വളരെ കൂടുതല്‍ ആണ്. ബ്ലാക്ക് ഹോള്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ഗുരുത്വകര്‍ഷണബലമുള്ള വസ്തുവും ന്യൂട്രോണ്‍ സ്റ്റാര്‍ തന്നെ. മാത്രമല്ല സൂര്യന്റെ മാസ്സിനെക്കാള്‍ മൂന്ന് മടങ്ങില്‍ കൂടുതല്‍ മാസ്സുള്ള നക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ആണ് അതൊരു ബ്ലാക്ക് ഹോള്‍ ആയിട്ട് മാറുന്നത്. എന്തായാലും ന്യൂട്രോണ്‍ സ്റ്റാറുകളുടെ ഗ്രാവിറ്റി ശക്തമായത് കൊണ്ട് തന്നെ. അതിനെ മാറി കടന്ന് വരുന്ന പ്രകാശത്തിനെ ഇത് ചെറിയ രീതിയില്‍ വളച്ചൊടിക്കും. അതുകൊണ്ട് തന്നെ ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെ കാണുമ്പോള്‍  അതിന്റ പിന്നിലെ ചില ഭാഗങ്ങളും കാണാന്‍ സാധിക്കും. നമ്മുടെ സൂര്യന്റെ സര്‍ഫസ് ടെമ്പറെച്ചര്‍ അതായത് ഉപരിതല താപനില ഏകദേശം 6000 ഡിഗ്രി സെല്‍ഷ്യസ് ആണ്. എന്നാല്‍ ഒരു ന്യൂട്രോണ്‍ നക്ഷത്രത്തിന്റെ സര്‍ഫസ് ടെമ്പറെച്ചര്‍ ഏകദേശം 10ലക്ഷം ഡിഗ്രിസെല്‍ഷ്യസ് ആയിരിക്കും.

                 ന്യൂട്രോണ്‍ സ്റ്റാറിന്റെ മധ്യഭാഗത്തെ ന്യുക്ലിയാര്‍ പാസ്ത എന്നാണ് പറയുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തുവായിരിക്കും ഈ ന്യുക്ലിയാര്‍ പാസ്ത. അത്രത്തോളം ഡെന്‍സിറ്റി അതായത് സാന്ദ്രത കൂടുതല്‍ ആണ് ഈ മധ്യഭാഗത്തിന്. അത്യധികം വേഗതയില്‍ ആണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കറങ്ങിത്തിരിയുന്നത്. സെക്കന്റില്‍ ഏകദേശം 716 തവണയാണ് സാധാരണ ഒരു ന്യൂട്രോണ്‍ സ്റ്റാര്‍ കറങ്ങുന്നത്. ഇത്രയധികം വേഗതയില്‍ കറങ്ങുന്നത് കൊണ്ട് ഇതിന്റെ മാഗ്നറ്റിക് ഫീല്‍ഡും വളരെ ശകതമായിരിക്കും. അതായത് കാന്തിക ശക്തി. നമ്മുടെ ഗാലക്സിയില്‍ തന്നെ ഏകദേശം പത്തു കോടിയിലധികം ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ചില ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കറങ്ങുന്ന വേഗത വളരെയധികം ആയിരിക്കും. ഇങ്ങനെയുള്ള ന്യൂട്രോണ്‍ സ്റ്റാറുകളുടെ പോളാര്‍ ഭാഗത്ത് നിന്നും അതായത് ധ്രുവങ്ങളില്‍ നിന്നും റേഡിയോ തരംഗങ്ങള്‍ പുറത്തു വരും. ഇത്തരം ന്യൂട്രോണ്‍ നക്ഷത്രങ്ങളെ ആണ് പള്‍സാഴ്സ്(Pulsars) എന്ന് പറയുന്നത്. ഇതുപോലെ പള്‍സാര്‍ ഇനത്തില്‍ പെട്ട രണ്ടായിരത്തോളം ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ നമ്മുടെ സ്വന്തം ഗാലക്സിയില്‍ തന്നെ ഉണ്ട്.

                     ഇനി മറ്റു ചില ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ക്ക് സാധാരണയുള്ള ന്യൂട്രോണ്‍ നക്ഷത്രങ്ങളെക്കാള്‍ അതിശക്തമായ മാഗ്നറ്റിക് ഫീല്‍ഡ് ഉണ്ടായിരിക്കും. അതായത് ഭൂമിയേക്കാള്‍ കോടാനുകോടി മടങ്ങ്‌ അധികം മാഗ്നറ്റിക് ഫീല്‍ഡ്. പ്രപഞ്ചത്തിലെ അതിശക്തമായ മാഗ്നറ്റിക് ഫീല്‍ഡ് ഉള്ളതും ഇതുപോലുള്ള ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ക്ക് ആണ്. ഇത്തരം ന്യൂട്രോണ്‍ സ്റ്റാര്‍സിനെ ആണ് മഗ്നറ്റാഴ്സ്(Magnetars) എന്ന് പറയുന്നത്. പക്ഷെ ഇത്തരം മാഗ്നറ്റാര്‍ ഇനത്തില്‍ പെട്ട ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ക്ക് അധികകാലം ആയുസ്സ് ഉണ്ടായിരിക്കില്ല. ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാഗ്നറ്റാറുകളുടെ കാന്തികശക്തി നഷ്ടപ്പെടാന്‍ തുടങ്ങും. എന്നാല്‍ മറ്റു ചില അവസരങ്ങളില്‍ രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടാന്‍ ഉള്ള സാദ്ധ്യതകള്‍ ഉണ്ടാകും.

ഇങ്ങനെ രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിമുട്ടിയാല്‍ അത് രണ്ടും കൂടി ചേരുകയും അതിന്റെ മാസ് കൂടുതല്‍ ആണെങ്കില്‍ ഗുരുത്വകര്‍ഷണബലം അതിനെ ഒരു ബ്ലാക്ക് ഹോള്‍ ആക്കി മാറ്റുകയും ചെയ്യും. എന്നാല്‍ അതിന്റെ രണ്ടിന്റെയും മാസ് കുറവാണെങ്കില്‍ വലിയൊരു വിസ്ഫോടനം ആയിരിക്കും സംഭവിക്കുക. ഈ വിസ്ഫോടനത്തെ കിലോനോവ എക്സ്പ്ലോഷന്‍(Kilonova Explosion)എന്നാണ് പറയുന്നത്.ഒരു സാധാരണ സൂപ്പര്‍ നോവ വിസ്ഫോടനത്തെക്കാള്‍ ആയിരം മടങ്ങ്‌ ശക്തി ഒരു കിലോനോവ വിസ്ഫോടനത്തിന് ഉണ്ടായിരിക്കും. ഇങ്ങനെ പൊട്ടിത്തെറിക്കുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ ഊര്‍ജ്ജം കാരണം ഗോള്‍ഡ്‌,യുറാനിയം,പ്ലാറ്റിനം പോലെയുള്ള ഹെവി എലമെന്റ്സ് ഉണ്ടാകും. മാത്രമല്ല വിസ്ഫോടനത്തിന്റെ ശക്തി കാരണം രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങളിലും ഉണ്ടായിരുന്ന സകലഘടകങ്ങളും വളരെ ദൂരത്തിലേക്ക് ചിതറി പോകും. ലക്ഷകണക്കിന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇങ്ങനെ പല വിസ്ഫോടനങ്ങളിലായിട്ടു ചിതറിപോയ ഘടകങ്ങള്‍ എല്ലാം ഒരുമിച്ചു കൂടുകയും ഒരു പുതിയ നക്ഷത്രം ഉണ്ടാകുകയും ചെയ്യും. ഈ ഒരു സൈക്കിള്‍ പല തവണ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നമ്മുടെ സൂര്യനും ഇങ്ങനെ രൂപം കൊണ്ട ഒരു നക്ഷത്രം ആണ്. നമ്മള്‍ ഇന്ന് കാണുന്ന സൗരയൂഥത്തിലെ സകലതും ഇതുപോലെ ഒന്നോ ഒന്നില്‍ കൂടുതലോ തവണ സംഭവിച്ച കിലോനോവ വിസ്ഫോടനത്തില്‍ നിന്ന് ഉണ്ടായതാണ്.