ഈ കടലിനപ്പുറം എന്താണ്?
അലറിവിളിക്കുന്ന അറ്റ്‌ലാന്റിക് കടലിലേക്ക് നോക്കി അവര്‍ പരസ്പരം ചോദിച്ചു. സാധാരണക്കാര്‍ മുതല്‍ കടലിനെ നന്നായറിയാവുന്ന നാവികര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളോളം ആര്‍ക്കും ഈ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല.
യൂറോപ്പിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.അഫ്രിക്ക, അമേരിക്ക എന്നീ വന്‍കരകളില്‍നിന്നും അതിനെ വേര്‍തിരിക്കുന്ന മഹാസമുദ്രമാണ് അറ്റ്ലാന്റിക്. അറ്റ്ലാന്റിക്കിനപ്പുറം എന്താണെന്നു നൂറ്റാണ്ടുകളോളം യൂറോപ്പുകാര്‍ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. അറ്റ്ലാന്റിക്കിന്റെ മറുകര തേടി യാത്ര തിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും അവിടുത്തെ നാവികര്‍ ഭയപ്പെട്ടു. അറ്റ്ലന്റിക്കിലൂടെ പടിഞ്ഞാറേക്ക് സഞ്ചരിക്കുക എന്നത് അവരെ സംബന്ധിച്ച് അജ്ഞാതമായ ദേശങ്ങളിലേക്കുള്ള, ഒരിക്കലും മടങ്ങിവരാത്ത യാത്രയായിരുന്നു!
എന്നാല്‍ അറ്റ്ലാന്റിക് മുറിച്ചുകടക്കാനാകും എന്നൊരു പ്രതീക്ഷ 1400 കളില്‍ യൂറോപ്പിലാകെ പ്രചരിച്ചു. അതോടെ, നൂറ്റാണ്ടുകളോളം തങ്ങളെ കുഴക്കിയ ചോദ്യത്തിന് അവര്‍ സ്വയം ഉത്തരം കണ്ടെത്തി. ഇതായിരുന്നു അവരുടെ ഉത്തരം. ‘അറ്റ്‌ലന്റിക്കിന്റെ അങ്ങേക്കരയില്‍ സുഗന്ധദ്രവ്യങ്ങള്‍ വിളയുന്ന ഒരുവന്‍കരയുണ്ട്. അതാണ് ഏഷ്യ!’
അക്കാലത്ത് യൂറോപ്പില്‍ ഏറ്റവും വിലയുള്ള വസ്തുക്കളായിരുന്നു സുഗന്ധദ്രവ്യങ്ങളും പട്ടുനൂലും. ഇവയുടെ നാടായ ഏഷ്യയിലേക്ക് കടലിലൂടെ ഒരു വഴി കണ്ടെത്തുക എന്നതായി പിന്നീട് ഓരോ യൂറോപ്യന്‍ രാജ്യത്തിന്റെയും ലക്ഷ്യം. പക്ഷെ, സ്വന്തം ജീവന്‍ പണയം വച്ച് അറ്റ്ലാന്റിക്കിലൂടെയൊരു സാഹസികയാത്രയ്ക്ക് ആര് തയാറാകും?
1492 ല്‍ അങ്ങനെയൊരാള്‍ മുന്നോട്ടു വന്നു; സാക്ഷാല്‍ ക്രിസ്റ്റഫര്‍ കൊളംബസ്!