BhutanCountryEncyclopediaHistory

സമ്പത്ത് വ്യവസ്ഥ

പുറംലോകത്തിന്റെ പരിഷ്കാരങ്ങളൊന്നും കാര്യമായി ബാധിക്കാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കൊച്ചുരാജ്യമാണ് ഭൂട്ടാന്‍. ജീവിതരീതിയില്‍ തനി നാടന്മാരാണ് ഇവിടുത്തെ ജനങ്ങള്‍.
എന്നാല്‍ കഴിഞ്ഞ ഏതാനും ദശബ്ദങ്ങളിലുണ്ടായ പരിഷ്കാരങ്ങളും വികസനപദ്ധതികളും ഭൂട്ടാന്‍ ജനതയെ പുറംലോകവുമായി ഏറെ അടുപ്പിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം,ടെലികമ്മ്യൂണിക്കേഷന്‍, പോസ്റ്റല്‍, ട്രാന്‍സ്പോര്‍ട്ട് മേഖലകളിലുണ്ടായ പരിഷ്കാരങ്ങളാണ് ഭൂട്ടാന്റെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍.
ഇത്തരം വികസനങ്ങളൊക്കെയുണ്ടായിട്ടും ഭൂട്ടാന്‍ ജനതയുടെ ജീവിതരീതിയില്‍ 17 ആം നൂറ്റാണ്ടിലേതിനെക്കാള്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇവിടുത്തെ 85 മുതല്‍ 90 ശതമാനം ജനങ്ങളും കൃഷി ചെയ്തു ജീവിക്കുന്നവരാണ്. പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളും വിളകളുമാണ് ഇവരുടേത്. നിലമുഴുകാന്‍ ഇവര്‍ കാളയും കലപ്പയും ഉപയോഗിച്ചുവരുന്നു.
ഭൂട്ടാനിലെ ജനങ്ങളുടെ പ്രധാന വാര്‍ത്തവിനിമയോപാധി റേഡിയോയാണ്. ഇന്ത്യയില്‍നിന്നുള്ള വാര്‍ത്തകളറിയാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരാണിവര്‍. യാത്ര ചെയ്യുന്നതിന് ഇവര്‍ മോട്ടോര്‍ വാഹനങ്ങളേക്കാള്‍ കുതിരകളെ ഇഷ്ടപ്പെടുന്നു.
മാനം മുട്ടുന്ന പാര്‍പ്പിടസമുച്ചയങ്ങളോ അന്താരാഷ്ട്രപ്രശസ്തിയുള്ള വ്യവസായ സ്ഥാപനങ്ങളോ ഭൂട്ടാനിലില്ല. അതിനാല്‍ അവിടെ തൊഴില്‍ സാധ്യതകളും താരതമ്യേന കുറവാണ്. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരായതിനാല്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് പ്രധാന വരുമാനമാര്‍ഗ്ഗം. എങ്കിലും രാജ്യത്തിന്റെ പ്രതിശീര്‍ഷവരുമാനത്തില്‍ 40 ശതമാനം മാത്രം സംഭാവന ചെയ്യാനേ ഇവയ്ക്കു സാധിക്കുന്നുള്ളൂ, വരുമാനത്തിന്റെ 25 ശതമാനം വൈദ്യുതി വിറ്റാണ് നേടുന്നത്. ഭൂട്ടാനിലെ ഏറ്റവും പ്രധാന ‘കയറ്റുമതി’യും വൈദ്യുതി തന്നെ. രാജ്യത്തിന്റെ വരുമാനത്തില്‍ 15 ശതമാനം വരുമാനം ലഭിക്കുന്നു. ടൂറിസം മേഖലയില്‍ നിന്നുള്ളതാണ് ബാക്കി. 1960 കളോടെയാണ് ഭൂട്ടാന്‍ ടൂറിസത്തില്‍ കാര്യമായ പുരോഗതികളുണ്ടായിത്തുടങ്ങിയത്.
ഭൂട്ടാന്റെ ഒരു അസാധാരണ വരുമാനമാര്‍ഗമാണ് സ്റ്റാമ്പുകള്‍. സ്റ്റാമ്പ് വില്‍പ്പനയിലൂടെ നല്ലൊരു വരുമാനം രാജ്യത്തിന്‌ ലഭിക്കുന്നു. 1972 ലാണ് ഭൂട്ടാനില്‍ പോസ്റ്റല്‍ സര്‍വീസ് രൂപം കൊണ്ടത്.