EncyclopediaHistory

ചികിത്സയുടെ വഴികള്‍

അനേകം ദേവന്മാരെയും ദേവിമാരെയും ആരാധിക്കുന്നവരാണ് ആഫ്രിക്കയിലെ ആദിവാസികള്‍.തങ്ങളുടെ പൂര്‍വ്വികരെയും അവര്‍ ആരാധിക്കാറുണ്ട്.പൂര്‍വികരെ പ്രീതിപ്പെടുത്തിയാല്‍ ആരോഗ്യവും സമ്പത്തും കുറയാതിരിക്കുമെന്നാണ് അവരുടെ വിശ്വാസം.
എന്തെങ്കിലും രോഗമോ, അപകടമോ നഷ്ടമോ മറ്റോ ഉണ്ടായാല്‍ പിന്നെ പൂര്‍വികരെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ്. അതിനു അഭയം പ്രാപിക്കുന്നത് പുരോഹിതനെയാണ്.പുരോഹിതന്‍ മരിച്ചവരുമായി ബന്ധം പുലര്‍ത്തി ദുരിതകാരണവും അതിനുള്ള പരിഹാരവും അറിയിക്കും! തുടര്‍ന്ന് പൂര്‍വികരെ പ്രീതിപ്പെടുത്താനുള്ള സമര്‍പ്പണങ്ങള്‍ നടത്തുന്നതും പുരോഹിതനാണ്.
ഓരോ കുടുംബവും മരിച്ചവരുടെ ചരമവാര്‍ഷികം ആഘോഷിക്കും, ചടങ്ങുകളില്‍ പ്രധാനം പാട്ടും നൃത്തവുമൊക്കെയാണ്, അതോടൊപ്പം കുടുംബപുരാണം പറയും.ചിലപ്പോള്‍ നാടകം പോലെ കുടുംബപുരാണകഥകള്‍ അവതരിപ്പിക്കും.നാടകത്തില്‍ പങ്കെടുക്കുന്നവര്‍ ഓരോ കഥപാത്രത്തിനും അനുസരിച്ചുള്ള മുഖംമൂടി ധരിക്കും.
രോഗം വരുന്നത് ദുര്‍മന്ത്രവാദത്താലോ ദുരാത്മക്കളാലോ ആണെന്നാണ്‌ വിശ്വാസം, അതുകൊണ്ട് ചികിത്സക്ക് മരുന്നിനോടൊപ്പം മന്ത്രവാദം മാത്രമായിരിക്കും, ചില വര്‍ഗക്കാര്‍ രോഗം മാറ്റാനായി മൃഗബലി നടത്തിയിരുന്നു.
കാമറൂണില്‍ രോഗിക്കു മരുന്നു കൊടുത്തിട്ട് തറയില്‍ കിടത്തും,പിന്നെ വൈദ്യന്‍ ഒരു മന്ത്രച്ചരട് രോഗിയുടെ ശരീരത്തിലൂടെ ഉഴിയും,മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് ഇത് ചെയ്യുക.ഈ സമയത്ത് ഗ്രാമവാസികള്‍ ചുറ്റുംകൂടി ആടുകയും ചാടുകയും ചെയ്യും.പൂര്‍വികരെ സന്തോഷിപ്പിക്കാനാണിത്.മരുന്നു ഫലിക്കണമെങ്കില്‍ അവര്‍ സന്തോഷിക്കണം എന്നാണ് വിശ്വാസം.
സാംബിയയിലെ നിംബുകളുടെ ചികിത്സാരീതി മാറ്റെങ്ങുമില്ലാത്തതാണ്.വൈദ്യന്‍ രോഗിയുടെ സുഹൃത്തുക്കളെ തനിക്കു ചുറ്റും നിര്‍ത്തും. എന്നിട്ട് ഓരോരുത്തരേയും സൂക്ഷിച്ചുനോക്കും.എന്നിട്ട് അവരില്‍ ഒരാള്‍ക്ക് നേരെ വിരല്‍ ചൂണ്ടും അതിന്‍റെ അര്‍ഥം അയാള്‍ മൂലമാണ് രോഗം ഉണ്ടായിരിക്കുന്നത് എന്നാണ്.
യോരുംബാകളിലെ വൈദ്യന്മാര്‍, പക്ഷിത്തലയുടെ ആകൃതിയില്‍ പിടിയുള്ള ഊന്നുവടി ഉപയോഗിച്ചിരുന്നു.പൂര്‍വ്വികള്‍ പക്ഷികളുടെ രൂപം പ്രാപിക്കും എന്ന വിശ്വാസത്താലാണിത്.
വൈദ്യന്മാര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന മരുന്നുകള്‍ എല്ലാം പച്ചമരുന്നുകളാണ്.നാട്ടില്‍ കിട്ടുന്ന എല്ലാ മരുന്നുകളെക്കുറിച്ചും അവര്‍ക്ക് അറിയാമായിരുന്നു.
പാശ്ചാത്യചികിത്സാസമ്പ്രദായം വന്നതോടെ നാട്ടുവൈദ്യന്മാരുടെ ചികിത്സാ’രീതിക്കും മാറ്റങ്ങള്‍ വന്നു. കത്തിയും കൊടിലും ഒക്കെ ഉപയോഗിച്ചുതുടങ്ങി.പ്രാകൃതമായ രീതിയില്‍ ചില്ലറ ശാസ്ത്രക്രിയകളും മറ്റും അവരും തുടങ്ങി.അത്തരക്കാര്‍ക്ക് മരുന്നും ഉപകരണങ്ങളും കൊണ്ടു നടക്കാന്‍ പനനൊരു കൊണ്ടുണ്ടാക്കിയ ബാഗ് ഉണ്ടായിരുന്നു.