EncyclopediaWild Life

യുദ്ധ തുരങ്കം

അമേരിക്കയെ മുട്ടുകുത്തിച്ച പോരാളികളുടെ നാടാണ് വിയറ്റ്നാം. അത്യാധുനിക ആയുധങ്ങളുമായി വിയറ്റ്‌നാമിനെ ആക്രമിക്കാനെത്തിയ അമേരിക്കന്‍ സേനയെ ഒളിപ്പോരിലൂടെയാണ് വിയറ്റ്നാം പടയാളികള്‍ നേരിട്ടത്. വിയറ്റ്നാം പടയാളികള്‍ക്ക് ഒളിച്ചിരിക്കാന്‍ രാജ്യത്ത് പലയിടത്തും തുരങ്കങ്ങള്‍ നിര്‍മിച്ചിരുന്നു. ഈ തുരങ്കങ്ങളില്‍ പതിയിരുന്നു വിയറ്റ്നാം പോരാളികള്‍ ശത്രുക്കളെ ആക്രമിച്ച് തുരത്തിയോടിച്ചു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനും ഈ തുരങ്കങ്ങള്‍ സഹായിച്ചു. ഇന്ന് വിയറ്റ്‌നാമിലെ ടുറിസ്റ്റ് കേന്ദ്രങ്ങളാണ് ഈ തുരങ്കങ്ങള്‍.

  വിയറ്റ്‌നാമിലെ ഹോചിമിയന്‍ സിറ്റിയില്‍ സുചി ജില്ലയാണ് തുരങ്കങ്ങളുടെ പ്രധാന കേന്ദ്രം. അവിടെ നിന്ന് രാജ്യത്തിന്റെ മിക്ക ഭാഗത്തേക്കും തുരങ്കത്തിന്റെ കൈവഴികള്‍ പല വലുപ്പത്തില്‍ ചെന്നെത്തുന്നു.120 കിലോമീറ്റര്‍ മുതല്‍ 240 കിലോമീറ്റര്‍ വരെ നീളമുണ്ട് അവയ്ക്ക്.

  അമേരിക്കന്‍ ആക്രമണങ്ങള്‍ 1965-75 കാലത്ത് ഒളിപ്പോരാളികള്‍ക്കായി തുരങ്കങ്ങളില്‍ ആശുപത്രികളും താമസസൗകര്യങ്ങളും ഒരുക്കപ്പെട്ടു. ഭക്ഷണം രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ എത്തിക്കുവാനും ആയുധങ്ങള്‍ കടത്തിക്കൊണ്ടുപോകാനും തുരങ്കങ്ങള്‍ ഉപയോഗിച്ചിരുന്നു.

  അമേരിക്കന്‍ പട്ടാളക്കാര്‍ തുരങ്കങ്ങളെ ഇരുണ്ട പ്രതിധ്വനി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കുറെ സൗകര്യങ്ങളൊക്കെ ഒരുക്കിയിരുന്നെങ്കിലും പല തുരങ്കങ്ങളിലേയും അവസ്ഥ ദയനീയമായിരുന്നു. നരകതുല്യമായ ജീവിതമാണ് ഒളിപ്പോരാളികള്‍ അവിടെ നയിച്ചത്. ശുദ്ധവായുവോ, വെള്ളമോ, ഭക്ഷണമോ തുരങ്കങ്ങളില്‍ ആവശ്യത്തിന് കിട്ടിയിരുന്നില്ല. വലിയ ഉറുമ്പുകള്‍, പഴുതാര, എട്ടുകാലി, കൊതുക്, എന്നിവയുടെ കഠിനമായ ഉപദ്രവമുണ്ടായിരുന്നു. പകല്‍ മുഴുവന്‍ തുരങ്കങ്ങളില്‍ ഒളിച്ചുകഴിയുന്ന പോരാളികള്‍ രാത്രിയിലാണ് പ്രതിയോഗികളെ തുരത്താനും മറ്റ് കാര്യങ്ങള്‍ക്കും പുറത്തിറങ്ങുക.

  അമേരിക്കന്‍ സൈനികനീക്കം തുടര്‍ന്ന കാലം മുഴുവന്‍ അവര്‍ തുരങ്കത്തില്‍ത്തന്നെ കഴിച്ചു കൂട്ടി. മലേറിയ പോലുള്ള മാരക രോഗങ്ങളും അപ്പോള്‍ അവരെ ബാധിച്ചു. ശത്രുക്കളെ വേട്ടയാടല്‍പോലെ ഭീകരമായിരുന്നു അവര്‍ക്ക് തുരങ്കത്തിലെ രോഗങ്ങളുടെ ദുരിതങ്ങളും, എങ്കിലും നാടിനു വേണ്ടി അതെല്ലാം അവര്‍ സഹകരിച്ചു.

  കൊടുങ്കാട്ടിലേക്കു തുറക്കുന്ന ഒരു വാതില്‍ തുരങ്കത്തിനുണ്ടായിരുന്നു. ആരുടെയും കണ്ണില്‍ പെടാതെ അത് മറച്ചുവയ്ക്കാന്‍ പോരാളികള്‍ ശ്രദ്ധിച്ചിരുന്നു.

  വിയറ്റ്നാം പോരാളികളുടെ തുരങ്കങ്ങളെ പറ്റി അമേരിക്കന്‍ സൈന്യത്തിന് അറിവുമുണ്ടായിരുന്നു. ആ തുരങ്ക സംവിധാനം തകര്‍ക്കാന്‍ അവര്‍ പല നീക്കങ്ങളും നടത്തി. അതില്‍ പ്രധാനം രണ്ട് ആക്രമണങ്ങളായിരുന്നു. ഓപ്പറേഷന്‍ ക്രിമ്പ് എന്നറിയപ്പെട്ട ആദ്യത്തെത് 1966 ജനുവരിയിലായിരുന്നു. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരാണ് അന്ന് സൂചി തുരങ്കം തകര്‍ക്കാനെത്തിയത്. എന്നാല്‍ തുരങ്കങ്ങളിലെ യുദ്ധസന്നാഹങ്ങളെപ്പറ്റി ഒന്നുമറിയാതെയാണ് സൈന്യം അങ്ങോട്ട്‌ ഇരച്ചുകയറാന്‍ തുടങ്ങിയത്, അതുകൊണ്ട് ആ പദ്ധതി വിജയിച്ചില്ല, തുരങ്കങ്ങളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആ ആക്രമണം ഉപകരിച്ചു.

  ഒളിപ്പോരാളികള്‍ തുരങ്കത്തല്‍ ധാരാളം ബോംബുകള്‍ ശേഖരിച്ചുവച്ചിരുന്നു. ബോംബു നീക്കം ചെയ്യാന്‍ എത്തിയ അമേരിക്കന്‍പടയാളികള്‍ തുരങ്ക എലികള്‍ എന്ന് വിളിക്കപ്പെട്ടു. അവര്‍ ബോംബുകള്‍ നീക്കം ചെയ്തതിനു ശേഷമാണ് പിന്നീട് അമേരിക്കന്‍ ഭടന്മാര്‍ തുരങ്കം ആക്രമിച്ചത്, എന്നാല്‍ വിയറ്റ്നാം പോരാളികള്‍ ശക്തമായി തിരിച്ചടിച്ചു. തുരങ്കത്തില്‍ നിന്നുള്ള അപ്രതീക്ഷിത ആക്രമണങ്ങളില്‍ അമേരിക്കന്‍ സേന നട്ടം തിരിഞ്ഞു. അവര്‍ വിയറ്റ്‌നാമില്‍ നിന്നു തന്നെ പിന്മാറുകയും ചെയ്തു.

  അടുത്തകാലത്ത് തുരങ്കം പരിഷ്കരിക്കപ്പെട്ടു. ഇന്ന് വിനോദസഞ്ചാരികള്‍ അത്ഭുതത്തോടെ വിയറ്റ്നാമിലെ തുരങ്കങ്ങളില്‍ കയറിയിറങ്ങുന്നു.