EncyclopediaWorld leaders

വ്ലാദിമിർ പുടിൻ

2012 മേയ് 7 മുതൽ റഷ്യൻ പ്രസിഡന്റ് ആണ് വ്ലാദിമിർ പുടിൻ എന്നറിയപ്പെടുന്ന വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ. 1952 ഒക്ടോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ലാമിഡർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് പുടിന്റെ ജനനം. പുടിന്റെ പിതാവ് നാവികസേനയിൽ നാവികനും മാതാവ് ഫാക്ടറി തൊഴിലാളിയും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച പുടിൻ ജൂഡോ എന്ന കായിക ഇനത്തിൽ വൈദഗ്ദ്യം നേടിയിരുന്നു. കുറ്റാന്വേഷകനാകണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. പുടിൻ 1975 -ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സര്‍വ്വദേശീയ നിയമത്തില്‍  ബിരുദം നേടി. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 – ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തു. പുടിൻ 1975 ൽ ബിരുദപഠനത്തിനുശേഷം കെ.ജി.ബി യിൽ ചേർന്നു.പരിശീലനത്തിനുശേഷം ലെനിൻ ഗ്രാദിൽ വിദേശിക ളെയും,നയതന്ത്രപ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്.1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിയ്ക്കപ്പെട്ടു

2000 മുതൽ 2008 വരെ റഷ്യയുടെ പ്രസിഡണ്ടായും 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. യുനൈറ്റഡ് റഷ്യയുടെ ചെയർമാനായും, യൂനിയൻ ഓഫ് റഷ്യ ആന്റ് ബലാറസിലെ കൗൺസിൽ ഓഫ് മിനിസ്റ്റേർസിന്റെ ചെയർമാനായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്ന് 1999 ഡിസംബർ 31നാണ് പുടിൽ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മേയ് 7 വരെ ഈ പദവിയിൽ ഇരിക്കുകയും ചെയ്തു.

രണ്ടുതവണയിൽ അധികം പ്രസിഡന്റായി ഇരിക്കുവാൻ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കഴിയില്ല എന്നതിനാൽ അദ്ദേഹം തുടർന്ന് റഷ്യയുടെ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 2008 മെയ് 8 മുതൽ 2012 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു. ദിമിത്രി മെദ്വെദേവ്  ആയിരുന്നു ഈ കാലയളവിൽ റഷ്യൻ പ്രസിഡണ്ട് ആയിരുന്നത്. 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു് ശേഷം റഷ്യയിൽ രാഷ്ട്രീയ സ്ഥിരതയും നിയമവാഴ്ചയും കൊണ്ടുവരുന്നതിന് പുടിന് കഴിഞ്ഞു എന്ന് വിലയിരുത്തപ്പെടുന്നു.

2022വരെ ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ആയിരുന്ന പുടിന്‍, ഉക്രൈന്‍ ആക്രമിക്കാന്‍ ഉത്തരവിട്ടത്തോടെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെട്ടു. 2022ലെ ഉക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ലോകം മുഴുവന്‍ പുടിനെ കുറ്റപ്പെടുത്തുകയും റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. എങ്കിലും ലോകം കണ്ട ശക്തരായ ഭരണാധികാരികളില്‍ ഒരാള്‍ ആണ് പുടിന്‍.