EncyclopediaSnakesWild Life

അണലി

വൈപ്പറിഡേ കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികൾ എന്ന് ഉദ്ദേശിക്കുന്നത്.ഈ വിഷ സർപ്പങ്ങളെ യൂറോപ്പ് . ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു.കുഴിമണ്ഡലികളിൽ കാണപ്പെടുന്ന താപ സംവേദനത്തിനുള്ള ചെറിയ കുഴി ഇവയുടെ തലയിൽ കാണപ്പെടുന്നില്ല. ഇതാണ് ഇവയെ കുഴിമണ്ഡലികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് . ഈ ഉപകുടുംബത്തിൽ 66 അണലി വർഗ്ഗങ്ങൾ ഉണ്ട്.പൊതുവെ ഉഷ്ണമേഖലയിലും മിതോഷ്‌മേഖലാ പ്രദേശങ്ങളിലുമാണു ഇവയെ കണ്ടുവരുന്നതെങ്കിലും , വൈപെറ ബെരുസ് (Vipera berus)എന്ന ഇനത്തെ ആർട്ടിക്ക് പ്രദേശത്തും കാണപ്പെടുന്നു. ഇന്ത്യയിൽ 2 ഇനം അണലികളേയുള്ളു അവ ചേനത്തണ്ടൻ,ചുരുട്ടമണ്ഡലി എന്നിവയാണ്.

ഈ ഉപകുടുംബത്തിലെ ഏറ്റവും ചെറിയ വർഗ്ഗമായ ബിറ്റിസ് ഷ്നൈഡെരി (Bitis schneideri) എന്ന ഇനത്തിനു 710 മില്ലി മീറ്ററാണ് ആകെ നീളം.ഈ കൂട്ടത്തിലെ വലിയ സർപ്പങ്ങളായ ഗബൂൺ അണലി കൾക്ക് (Gaboon viper – Bitis gabonica ) രണ്ടു മീറ്ററിൽ അധികം നീളം കാണാം.മിക്ക അണലികളും നിലത്തു വസിക്കുന്നവയാണ് . എന്നാൽ അതെരിസ് (Atheris) ജനുസ്സിലെ അണലികൾ മരങ്ങളിൽ വസിക്കുന്നു.

താപ സംവേദനത്തിനു ഉള്ള കുഴികൾ ഇവയിൽ കാണപ്പെടുന്നില്ല എങ്കിലും ചില അണലികളിൽ മൂക്കിനു അനുബന്ധിച്ചു ഒരു ചെറിയ സഞ്ചിപോലുള്ള അവയവം കാണാം.ഈ അവയവത്തിനു ചെറിയ രീതിയിൽ താപസംവേദനശേഷി കാണപ്പെടുന്നു. ചേനത്തണ്ടൻ ഇങ്ങനെയുള്ള അണലിയാണ് . എന്നാൽ ബിറ്റിസ് ജനുസ്സിലെ അണലികളിൽ ഈ സഞ്ചി കൂടുതൽ സംവേദന ശേഷി ഉള്ളതും വികാസം പ്രാപിച്ചതുമാണു .ഇരകളുടെ താരതമ്യേന ചൂട് കൂടിയ ശരീര ഭാഗങ്ങളിലാണ് സാധാര അണലികളുടെ കടിയേൽക്കുക എന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു.

പ്രത്യുൽപ്പാദനം

സാധാരണയായി ഏകദേശം 20 കുട്ടികൾക്കാണ് ഇവ ജൻമം നൽകാറുള്ളത്. ഇവ ചെറുപ്പകാലം മുതലേ വളരെയേറെ സ്വയംപര്യാപ്തരായിരിക്കും. ഇവയുടെ മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരുക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്. ചില സന്ദർഭങ്ങളിൽ ഒറ്റ പ്രസവത്തിൽ നാൽപ്പതോളം കുഞ്ഞുങ്ങളുണ്ടാകാറുണ്ട്. സൂഡോസെരാസ്റ്റസ് (Pseudocerastes) എന്ന ഇനം അണലികൾ മുട്ടയിട്ടു മുട്ടയിൽ നിന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നു.