രാമച്ചം
ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം. പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ഉൽപാദനത്തിൽ മുൻനിരയിലുള്ളത് എങ്കിലും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ, പസഫിക് സമുദ്ര ദ്വീപുകൾ, വെസ്റ്റ് ഇൻഡ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലും വൻതോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്. കൂട്ടായി വളരുന്ന ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്. ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും.