വരയൻകുതിര
കുതിരയോട് സാദൃശ്യമുള്ള ശരീരത്തിൽ വരയും കുറിയുമായി കാണാവുന്ന ജീവിയാണ് വരയൻകുതിര അഥവാ സീബ്ര (സെബ്ര – ബ്രിട്ടീഷ് ഇംഗ്ലിഷ്). ആഫ്രിക്കയിലെ സവേന പുൽപരപ്പുകളാണ് ഇവയുടെ ജന്മദേശം.
ശരീരഘടന
കറുപ്പും വെളുപ്പും ഇടകലർന്ന വരകളാണ് ഇവയ്കുള്ളത്. ചുറ്റുപാടിനിണങ്ങാത്ത വരകൾ ശത്രുക്കളെ ഭയപ്പെടുത്താനും സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ കണ്ടെത്താനും ഉപകരിയ്ക്കുന്നു.
പരിണാമം
കുതിരകൾ പരിണമിച്ചാണ് ഇവയുണ്ടായതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അഞ്ചുവിരലുകളിൽ നിന്ന് ഒറ്റവിരലിലേയ്ക്ക് ,കാലുകളിലെ അസ്ഥികളിലെ പരിണാമം എന്നിവയെല്ലാം ഫോസിൽ പഠനങ്ങൾവഴി തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്. കാട്ടുകുതിര, വളർത്തുകുതിര, കഴുതകൾ, സീബ്രകൾ എന്നിവയടങ്ങുന്ന ഇക്വിസ് എന്ന ജെനുസ്സിൽ പെടുന്നവയാണ്.
ജീവിതരീതി
സീബ്രകളുടെ കൂട്ടങ്ങൾ ഹാരീം എന്നാണ് അറിയപ്പെടുന്നത്. ഓരോ കൂട്ടത്തിലും മുതിർന്ന ഒരു ആൺസീബ്രയും കുറേ പെൺസീബ്രകളും പ്രായമാകാത്ത ആൺസീബ്രകളും ഉണ്ടാകും. നാലുവർഷം പ്രായമാകുന്നതോടെ ഹാരീമിൽനിന്നും പുറത്തുപോകുന്ന ആൺസീബ്രകൾ അവിവാഹിതസംഘങ്ങൾ ഉണ്ടാക്കുന്നു. പ്രായമാകുമ്പോൾ സ്വന്തമായി ഹാരീമുകളുണ്ടാക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്നു.
വിഭാഗങ്ങൾ
പർവത സീബ്ര, ഗ്രേവിയുടെ സീബ്ര, സമതല സീബ്ര എന്നിങ്ങനെ മൂന്നുതരം സീബ്രകളുണ്ട്. ഏകദേശം 400കി.ഗ്രാം ഭാരമുള്ള ഗ്രേവിയുടെ സീബ്രകളാണ് ഏറ്റവും വലുത്.