വരലക്ഷ്മി ശരത്കുമാർ
പ്രധാനമായും തമിഴ്, മലയാളം, കന്നട ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാർ (ജനനം: 5 മാർച്ച് 1985). 2012 – ൽ പുറത്തിറങ്ങിയ പോടാ പോടീ എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചലച്ചിത്രത്തിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന ഒരു നർത്തകിയുടെ വേഷമാണ് അവതരിപ്പിച്ചത്.
ആദ്യകാല ജീവിതം
തമിഴ് ചലച്ചിത്ര നടനായ ആർ. ശരത്കുമാറിന്റെയും ഛായയുടെയും മകളായി 1985 മാർച്ച് 5 – ന് വരലക്ഷ്മി ജനിച്ചു. ശരത്കുമാറിന്റെ നാലു മക്കളിൽ ഏറ്റവും മൂത്ത മകളാണ് വരലക്ഷ്മി. ഛായയുടെ മറ്റൊരു മകളായ പൂജ, തമിഴ് ചലച്ചിത്രനടി രാധികയുടെയും ശരത്കുമാറിന്റെയും മക്കളായ രാഹുൽ, റയാൻ ഹാർഡി എന്നിവരാണ് സഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ ഹിന്ദുസ്ഥാൻ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദവും എഡിൻബർഗ് സർവകലാശാലയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനുശേഷം നടിയാകുന്നതിനു മുൻപ് മുംബൈയിലെ അനുപം ഖേറിന്റെ ആക്ടിങ് സ്കൂളിലും പരിശീലനം നേടുകയുണ്ടായി.