CountryEncyclopedia

ഊർമിയ

ഊർമിയ അഥവാ ഒറുമിയെഹ് ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും ഊർമിയ കൗണ്ടിയുടെ തലസ്ഥാനവുമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,330 മീറ്റർ (4,360 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, ഊർമിയ സമതലത്തിൽ, ഷഹാർ നദിയോരത്താണ് സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ കിഴക്ക് ഭാഗത്തായി ലോകത്തിലെ ഏറ്റവും വലിയ ഉപ്പുതടാകങ്ങളിലൊന്നായ ഊർമിയ തടാകവും പടിഞ്ഞാറ് ഭാഗത്ത് പർവതപ്രദേശമായ തുർക്കിയുടെ അതിർത്തി പ്രദേശവുമാണുള്ളത്.

ഇറാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള പത്താമത്തെ നഗരമാണ് ഊർമിയ. 2012 ലെ കനേഷുമാരി പ്രകാരം, 197,749 കുടുംബങ്ങളുള്ള നഗരത്തിലെ ജനസംഖ്യ 667,499 ആയിരുന്നു. നഗരത്തിലെ ഭൂരിഭാഗം നിവാസികളും അസർബെയ്ജാനി വംശജരാണെങ്കിലും ന്യൂനപക്ഷമായ കുർദുകളും, ചെറിയ വിഭാഗം അസീറിയക്കാരും അർമേനിയക്കാരും, കൂടാതെ പേർഷ്യൻ ഭാഷ സംസാരിക്കുന്ന, കൂടുതലും ജോലി ആവശ്യങ്ങൾക്കായി മാത്രം നഗരത്തിലേക്ക് മാറിത്താ മസിക്കുന്നവരുമുണ്ട്.. പഴങ്ങളും (പ്രത്യേകിച്ച് ആപ്പിളും മുന്തിരിയും) പുകയിലയും നന്നായി വളരുന്ന ഫലഭൂയിഷ്ഠമായ ഒരു കാർഷിക മേഖലയിലെ വ്യാപാര കേന്ദ്രവുംകൂടിയാണ് ഈ നഗരം. ഊർമിയയിലെ ഭൂരിഭാഗം നിവാസികളും മുസ്ലീം മതവിഭാഗക്കാരാണെങ്കിലും, ക്രിസ്ത്യൻ ചരിത്രവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഊർമിയ നഗരത്തിലെ പല പള്ളികളിലും കത്തീഡ്രലുകളിലും ഇത് പ്രത്യേകിച്ചും പ്രകടമാണ്.

9-ആം നൂറ്റാണ്ടിൽത്തന്നെ ഒരു പ്രധാന നഗരമായി അറിയപ്പെട്ടിരുന്ന ഈ നഗരത്തിൽ മുസ്ലീങ്ങളും (ഷിയാകളും സുന്നികളും), ക്രിസ്ത്യാനികളും (കത്തോലിക്കാ സഭക്കാരും, പ്രൊട്ടസ്റ്റന്റുകളും, നെസ്തോറിയൻമാരും, ഓർത്തഡോക്‌സും), ജൂതന്മാരും ബഹായികളും സൂഫികളും ഉൾപ്പെട്ടിരുന്ന വൈവിധ്യമാർന്ന ഒരു ജനസംഖ്യയാണുണ്ടായിരുന്നത്. 1900-നടുത്ത്, നഗര ജനസംഖ്യയുടെ 40 ശതമാനത്തിലധികം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെങ്കിലും, തുടർന്നുവന്ന ദശകങ്ങളിൽ, കുർദിഷ് ഗോത്രങ്ങളുടേയും ആക്രമണകാരികളായ ഓട്ടോമൻ സേനയുടെയും മിന്നലാക്രമണങ്ങളുടെ ഫലമായി ഈ പ്രദേശത്തെ ഒട്ടുമിക്ക ക്രിസ്ത്യാനികളും കൊല്ലപ്പെടുകയോ അല്ലെങ്കിൽ യുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെ പ്രദേശത്തുനിന്ന് പലായനം നടത്തുകയോ ചെയ്തു.

ചരിത്രം

വ്‌ളാഡിമിർ മൈനോർസ്‌കി പറയുന്നതനുസരിച്ച്, 2000 ബിസി-യിൽ തന്നെ ഊർമിയ സമതലത്തിൽ ഗ്രാമങ്ങൾ നിലനിൽക്കുകയും അവരുടെ നാഗരികതയെ വാൻ രാജ്യം സ്വാധീനിക്കുകയും ചെയ്തിരുന്നു. ഊർമിയയ്ക്ക് സമീപമുള്ള പുരാതന അവശിഷ്ടങ്ങളുടെ ഉത്ഖനനങ്ങൾ ബിസി 20-ആം നൂറ്റാണ്ടിലെ മൺപാത്രങ്ങളുടെ കണ്ടെത്തലിലേയ്ക്ക് നയിച്ചു. പുരാതന കാലത്ത്, ഗിൽസാൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഊർമിയ തടാകത്തിന്റെ പടിഞ്ഞാറൻ തീരം ബിസി 9-ആം നൂറ്റാണ്ടിൽ ഒരു സ്വതന്ത്ര സർക്കാർ ഭരിക്കുകയും അത് പിന്നീട് ഉറാർട്ടു അല്ലെങ്കിൽ മന്ന സാമ്രാജ്യത്തോട് ചേരുകയും ചെയ്തു. ബിസി 8-ആം നൂറ്റാണ്ടിൽ, മീഡിയൻ സാമ്രാജ്യത്തിൽ ചേരുന്നത് വരെ ഈ പ്രദേശം അസൂഷ് സർക്കാരിന്റെ ഒരു സാമന്ത ദേശമായിരുന്നു.

തിമൂറിൻറെ ബാഗ്ദാദ് അധിനിവേശത്തെ അതിജീവിച്ച അസീറിയക്കാർ വടക്കൻ ഇറാഖിലൂടെ ഊർമിയ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹക്കാരി മലനിരകളിലേക്ക് പലായനം ചെയ്യുകയും 19-ആം നൂറ്റാണ്ട് വരെ ഈ പ്രദേശം അവരുടെ മാതൃരാജ്യമായി നിലകൊള്ളുകയും ചെയ്തു.

സഫാവിദ് കാലഘട്ടത്തിൽ, സഫാവിഡുകളുടെ മുഖ്യശത്രുക്കളായിരുന്ന സമീപത്തെ ഓട്ടോമൻ തുർക്കികൾ നഗരത്തിലേക്ക് നിരവധി നുഴഞ്ഞുകയറ്റങ്ങൾ നടത്തുകയും ഒന്നിലധികം തവണ അത് പിടിച്ചെടുക്കുകയും ചെയ്തുവെങ്കിലും സഫാവിദുകൾ വിജയകരമായി അവരെ തുരത്തിക്കൊണ്ട് പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. 1622-, സഫാവിദ് രാജാവായ അബ്ബാസ് ഒന്നാമന്റെ കാലത്ത് ഖാസിം സുൽത്താൻ അഫ്ഷർ മൊസൂളിന്റെ ഗവർണറായി നിയമിക്കപ്പെട്ടുവെങ്കിലും പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനാൽ താമസിയാതെ അദ്ദേഹം അവിടം വിടാൻ നിർബന്ധിതനായി.  അസർബെയ്ജാന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് താമസം മാറ്റിയ അദ്ദേഹം, ഊർമിയയിലെ അഫ്ഷർ സമൂഹത്തിന്റെ സ്ഥാപകനായി. 1747 മുതൽ 1865 വരെയുള്ള കാലത്ത് ഊർമിയ ഖാനേറ്റിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. ഇറാനിലെ ഖ്വജർ രാജവംശത്തിലെ ആദ്യത്തെ രാജാവായിരുന്ന ആഘാ മുഹമ്മദ് ഖാൻ 1795-ൽ ഊർമിയയിൽവച്ചാണ് കിരീടമണിഞ്ഞത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗണ്യമായ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സാന്നിധ്യം കാരണം, 1835-ൽ ജസ്റ്റിൻ പെർകിൻസ് (1805-1869) അസഹെൽ ഗ്രാന്റിനൊപ്പവും (1807–1844) തുടർന്ന് ഫിഡെലിയ ഫിസ്‌കെ (1816–1864), ജോസഫ് ഗാലപ്പ് കൊച്ച്രാൻ (1817–1871), ജോസഫ് പ്ലംബ് കൊച്ച്രാൻ (1855–1905) എന്നിവർ നയിച്ച ഇറാനിലേയ്ക്ക് അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തന സ്ഥലമായും ഉർമിയ തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്തുള്ള തബ്രിസിലും ഉടൻ തന്നെ മറ്റൊരു മിഷൻ ദൗത്യം ആരംഭിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത്, ജനസംഖ്യ 30,000 ആണെന്ന് കണക്കാക്കിയ ഡോ. കൌജോൾ അതിൽ നാലിലൊന്ന് (7,500) അസീറിയക്കാരും 1,000 ജൂതന്മാരും ആയിരുന്നുവെന്ന് കണക്കാക്കി.

പത്തൊൻപതാം നൂറ്റാണ്ടിൽ, ഈ പ്രദേശം ഒരു ഹ്രസ്വകാലത്തേയ്ക്ക് അസീറിയൻ നവോത്ഥാന കേന്ദ്രമായി മാറിയപ്പോൾ നിരവധി പുസ്തകങ്ങളും പത്രങ്ങളും ഇവിടെനിന്ന് സുറിയാനിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു കൽദായ രൂപതയുടെ ആസ്ഥാനം കൂടിയായിരുന്നു അക്കാലത്ത് ഊർമിയ.

1914 അവസാനത്തോടെ എൻവർ പാഷയുടെ നേതൃത്വത്തിൽ ഓട്ടോമൻ സൈന്യം തങ്ങളുടെ സാമ്രാജ്യത്തെ യുദ്ധത്തിന് തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ മേഖലയിൽ രഹസ്യ പ്രവർത്തനം സജീവമാക്കി. ഒന്നാം ലോകമഹായുദ്ധസമയത്ത്, റഷ്യക്കാർ, ഓട്ടോമൻ സൈനികർ, അവരുടെ കുർദിഷ് സഖ്യകക്ഷികൾ എന്നിവർക്കിടയിലേയ്ക്ക് നഗരം തമ്മിൽ രണ്ട് വർഷത്തിനുള്ളിൽ നഗരം പലതവണ കൈമാറ്റം ചെയ്യപ്പെട്ടു. 1914-ൽ റഷ്യയ്‌ക്കെതിരായ യുദ്ധ പ്രഖ്യാപനത്തിന് മുമ്പ്, ഓട്ടോമൻ സൈന്യം അതിർത്തി കടന്ന് പേർഷ്യയിലേക്ക് കടക്കുകയും ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്തു. 1914 സെപ്തംബർ അവസാനത്തിലും ഒക്ടോബറിലും അസീറിയൻ ഗ്രാമങ്ങളെ ലക്ഷ്യമാക്കി വൻ തോതിലുള്ള ആക്രമണങ്ങൾ നിരവധി തവണ നടത്തപ്പെടുകയും ആക്രമണകാരികൾ ഊർമിയ നഗരത്തെ സമീപിക്കുകയും ചെയ്തു. ഓട്ടോമൻ ആക്രമണത്തെത്തുടർന്ന് അതിർത്തി പ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ക്രിസ്ത്യാനികൾ ഊർമിയയിലേക്ക് പലായനം ചെയ്തു.

1915 ജനുവരിയുടെ തുടക്കത്തിൽ അസർബെയ്ജാനിൽ നിന്നുള്ള റഷ്യൻ പിൻവാങ്ങൽ സമയത്ത് നിരവധി ക്രിസ്ത്യാനികൾ ഈ പ്രദേശത്തുനിന്ന് പലായനം ചെയ്യുകയും 20,000 മുതൽ 25,000 വരെ അഭയാർഥികൾ ഊർമിയയിൽ കുടുങ്ങുകയും ചെയ്തു. ഏകദേശം 18,000 ക്രിസ്ത്യാനികൾ നഗരത്തിലെ പ്രെസ്ബിറ്റീരിയൻ, ലാസറിസ്റ്റ് മിഷനുകളിൽ അഭയം തേടി. മിഷനറി സംഘങ്ങളെ ആക്രമിക്കാൻ വിമുഖത ഉണ്ടായിരുന്നെങ്കിലും, പലരും രോഗം ബാധിച്ച് മരിച്ചു. ഫെബ്രുവരിക്കും മെയ് മാസത്തിനും ഇടയിൽ (ഓട്ടോമൻ സൈന്യം പിൻവാങ്ങിയപ്പോൾ) ഊർമിയയിൽ ക്രിസ്ത്യാനികൾക്കെതിരെ കൂട്ടക്കൊല, കൊള്ള, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയടക്കമുള്ള പ്രവർത്തനങ്ങൽ നടന്നു. 100-ലധികം പുരുഷന്മാർ ലാസാറിസ്റ്റ് കോമ്പൗണ്ടിൽ അറസ്റ്റ് ചെയ്യപ്പെടുകയും ഡസൻ കണക്കിന് (ടെർഖ്വാവറിലെ ബിഷപ്പ് മാർ ഡിങ്ക ഉൾപ്പെടെ) ഫെബ്രുവരി 23, 24 തീയതികളിൽ വധിക്കപ്പെടുകയും ചെയ്തു.