EncyclopediaSpace

യുറാനസ്

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്. 1781 മാർച്ച് 13-ന് വില്യം ഹെർഷൽ ആണ്‌ യുറാനസിനെ കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമാണിത്. ഗ്രീക്ക് പുരാണങ്ങളിൽ ആകാശത്തിന്റെ ദേവനായ യുറാനസിന്റെ പേരാണ് ഇതിനു കൊടുത്തിരിക്കുന്നത്‌. യുറാനസിന് കുറഞ്ഞത്‌ 27 ഉപഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്‌.
84 ഭൂവർഷം കൊണ്ടു സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന യുറാനസ്‌, 17 മണിക്കൂർകൊണ്ടു അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും. വോയേജർ 2 എന്ന ബഹിരകാശവാഹനമാണ് യുറാനസിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.
റോമൻ മിഥോളജിയിലെ ദേവീദേവന്മാരുടെ പേരുകളാണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരിക്കുന്നതെങ്കിൽ ഗ്രീക്ക് മിഥോളജിയിൽ നിന്നാണ് യുറാനസിന്റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്. ആകാശത്തിന്റെ ഗ്രീക്ക് ദേവനായ ഔറാനോസിന്റെ നാമമാണ് ഈ ഗ്രഹത്തിന് നൽകിയിരിക്കുന്നത്. മറ്റു വാതകഭീമന്മാരെ പോലെ യുറാനസിനു ചുറ്റും വലയങ്ങളും, കാന്തികമണ്ഡലവും, ധാരാളം ഉപഗ്രഹങ്ങളുമുണ്ട്. യുറാനസിന്റെ അച്ചുതണ്ട് വശത്തേക്കാണെന്ന പ്രത്യേകതയുണ്ട്. മറ്റു മിക്കഗ്രഹങ്ങളുടെയും മദ്ധ്യരേഖയ്ക്കടുത്താണ് യുറാനസിന്റെ ഉത്തരധ്രുവവും ദക്ഷിണധ്രുവവും. 1986-ൽ വോയേജർ 2-ൽ നിന്നു ലഭിച്ച ചിത്രങ്ങ‌ൾ കാണിച്ചത് യുറാനസിന്റെ ഉപരിതലത്തിൽ എടുത്തുകാണാനാവുന്ന പ്രത്യേകതകളൊന്നുമില്ലയെന്നാണ്. മറ്റു വാതകഭീമന്മാർക്ക് തണുത്ത നാടകളും വലിയ കൊടുങ്കാറ്റുകളും മറ്റും ദൃശ്യമാണെങ്കിലും യുറാനസിൽ അത്തരമൊന്നും കാണപ്പെട്ടില്ല. ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഋതു ഭേദങ്ങളും കാലാവസ്ഥാ മാറ്റങ്ങളും കാണപ്പെട്ടിട്ടുണ്ട്. യുറാനസ് ഇക്വിനോക്സിനോട് അടുക്കുന്നതിനോടനുബന്ധിച്ചാണ് ഈ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങിയത്. ഇവിടെ കാറ്റിന്റെ വേഗത സെക്കന്റിൽ 250 മീറ്റർ വരെയാകാം (900 കിലോമീറ്റർ/മണിക്കൂർ).