ആര്‍ക്കും ഉത്തരം കിട്ടാത്ത പ്രപഞ്ചനിഗൂഢതകള്‍
മനുഷ്യന് കണ്ടിട്ടുള്ള ഏറ്റവും വലിയ നിഗൂഢത എന്നത് നമ്മുടെ പ്രപഞ്ചം തന്നെയാണ്. നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഉള്ള വിചിത്രമായ പ്രതിഭാസങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ പ്രപഞ്ചം. അനന്തമായ ദൂരത്തിലേക്ക് വ്യാപിച്ചു കിടക്കുന്ന നമ്മുടെ പ്രപഞ്ചത്തില്‍ അനന്തമായ രഹസ്യങ്ങളും മറഞ്ഞു കിടപ്പുണ്ട്. ഈ പ്രപഞ്ച രഹസ്യങ്ങളെ ഓരോന്നായിട്ട് കണ്ടുപിടിക്കാന്‍ ശാസ്ത്രഞ്ജര്‍ നിരന്തരമായിട്ടു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ പ്രപഞ്ചത്തിനെ കുറിച്ച് നമ്മള്‍ ഓരോ കാര്യങ്ങള്‍ മനസ്സിലാക്കുന്നും ഉണ്ട്. എന്നാല്‍ ഓരോ നിഗൂഢതയുടെ മറ നീക്കാന്‍ ശ്രമിക്കുമ്പോഴും അതിന് പിന്നില്‍ ഉത്തരങ്ങള്‍ക്ക് പകരം കൂടുതല്‍ ചോദ്യങ്ങള്‍ ആണ് പ്രപഞ്ചം നമുക്ക് നല്‍കുന്നത്. അതിനാല്‍ തന്നെ ഇന്നും പല പ്രപഞ്ച പ്രതിഭാസങ്ങളും ഇന്നും നമുക്ക് നിഗൂഢതകള്‍ മാത്രമാണ്. അത്തരത്തില്‍ ശാസ്ത്രലോകത്തിനെ മുഴുവന്‍ ആശയ കുഴപ്പത്തില്‍ ആക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതകളായിട്ടു നമ്മള്‍ നിലവില്‍ പരിഗണിക്കുന്ന ചില പ്രപഞ്ചപ്രതിഭാസങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
- ബൂട്സ് വോയിഡ് (Bootes void)
ബഹിരാകാശത്തിലേക്ക് നോക്കുമ്പോള്‍ നിറയെ ശൂന്യതയാണ് നമുക്ക് കാണാന്‍ കഴിയുക. ഓരോ നക്ഷത്രങ്ങള്‍ക്കും ഇടയില്‍ പോലും പല പ്രകാശവര്‍ഷത്തോളം ദൂരമുണ്ട്. ഈ ദൂരത്തിനിടയില്‍ ഭൂരിഭാഗവും ശൂന്യത മാത്രമാണ്. അതുമാത്രമല്ല ബഹിരാകാശത്തില്‍ പദാര്‍ഥങ്ങള്‍ വ്യപിച്ചു കിടക്കുന്നത് അസമമായ രീതിയില്‍ ആണ്. അതായത് ചില ഇടത്ത് കൂടുതല്‍ നക്ഷത്രങ്ങളും ചില ഇടത്ത് കുറവ് നക്ഷത്രങ്ങളും ആയിരിക്കും ഉള്ളത്. എന്നാല്‍ ഇത് ബഹിരാകാശത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം എടുത്താല്‍ കാണാന്‍ സാധിക്കുന്ന കാര്യമാണ്. ദൃശ്യപ്രപഞ്ചത്തിനെ മുഴുവനായിട്ട് നോക്കുമ്പോള്‍ ബഹിരാകാശം നിറയെ പദാര്‍ഥങ്ങള്‍ എല്ലാം വളരെ സമമായ രീതിയില്‍ ആണ് വ്യപിച്ചു കിടക്കുന്നത്. എന്നുവച്ചാല്‍ ദൃശ്യപ്രപഞ്ചത്തിന്റെ ഏതെങ്കിലും രണ്ടു ചെറിയ ഭാഗങ്ങളെ എടുത്തു നോക്കിയാല്‍ ആ രണ്ടു ഭാഗങ്ങളിലും ഒരേ അളവില്‍ ആയിരിക്കും മാറ്റര്‍ അഥവാ പദാര്‍ഥങ്ങള്‍ ഉള്ളത്. എന്നാല്‍ ദൃശ്യ പ്രപഞ്ചത്തില്‍ അപൂര്‍വ്വം ചിലയിടങ്ങളില്‍ ഇതിനു വിരുദ്ധമായ രീതിയില്‍ ഉള്ള ശൂന്യമായ സ്ഥലങ്ങളും കാണാന്‍ കഴിയും. അതായത് പദാര്‍ത്ഥങ്ങള്‍ തീരെ കുറഞ്ഞ സ്ഥലങ്ങള്‍ വോയിഡ്സ് എന്നാണ് ഇത്തരം ശൂന്യസ്ഥലങ്ങളെ പറയുന്നത്. ശൂന്യം എന്ന് പറയുമ്പോഴും പൂര്‍ണ്ണമായ ശൂന്യത അല്ല മറിച്ച് പ്രപഞ്ചത്തിന്റെ ബാക്കിയുള്ള സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെയുള്ള പദാര്‍ത്ഥങ്ങളുടെ അളവ് വളരെ കുറവാണ്. അത്തരത്തില്‍ ദൃശ്യപ്രപഞ്ചത്തില്‍ നമ്മള്‍ ഇതുവരെ കണ്ടുപിടിച്ചിട്ട് ഉള്ളതില്‍ വച്ച് ഏറ്റവും വലിയ വോയിടുകളില്‍ ഒന്നാണ് ബൂട്സ് വോയിഡ്. ഇത് നമ്മുടെ മില്‍ക്കി വേയില്‍ നിന്നും ഏതാണ്ട് എഴുപത് കോടി പ്രകാശവര്‍ഷം അകലെയുള്ള ഭാഗമാണ്. ഇതിന്റെ വ്യാപ്തി എന്നത് മുപ്പത്തിമൂന്ന് കോടി പ്രകാശവര്‍ഷങ്ങള്‍ ആണ്. എന്നുവച്ചാല്‍ മുപ്പത്തി മൂന്ന് കോടി പ്രകാശവര്‍ഷങ്ങളുടെ വിസ്തീര്‍ണ്ണതയില്‍ വെറും ശൂന്യത ആണ്. മുപ്പത്തിമൂന്നു കോടി പ്രകാശവര്‍ഷങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരു ഓര്‍ക്കുക നമ്മുടെ ഗാലക്സി മില്‍ക്കി വെയ്ക്ക പോലും ഒരു ലക്ഷം പ്രകാശവര്‍ഷത്തിന്റെ വ്യാസം മാത്രമേ ഉള്ളു. അപ്പോള്‍ ബൂട്സ് വോയിഡ് എത്രമാത്രം വലുതാണ് എന്ന് ചിന്തിച്ചു നോക്കു.. എത്രയും വലിയൊരു വ്യാപ്തിയില്‍ ഏറ്റവും കുറഞ്ഞത് പതിനായിരം ഗാലക്സികള്‍ എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. പക്ഷെ അവിടെ വെറും അറുപതു മുതല്‍ നൂറു ഗാലക്സികള്‍ മാത്രമേ ഉള്ളു. എങ്ങനെയാണ് ബൂട്സ് വോയിഡ് ഉണ്ടായതെന്നോ? അതിന്റെ കാരണം എന്താണെന്നോ ശാസ്ത്രന്ജര്‍ക്ക് കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ ടൈപ്പ് 4 സിവിലൈസേഷന്‍ തലത്തില്‍ വരെ എത്തിയ അത്യതികം പുരോഗമിച്ച ഒരു അന്യഗ്രഹജീവി സമൂഹം ഈ ബൂട്സ് വോയിഡില്‍ മുന്‍പുണ്ടായിരുന്ന ഗല്ക്സികളിലെ ഊര്‍ജ്ജസ്രോതസ്സുകള്‍ മുഴുവന്‍ ഉപയോഗിച്ച് തീര്‍ത്തത് കൊണ്ടയിരിക്കും അവിടെ മുഴുവന്‍ ശൂന്യമയിരിക്കുന്നത് ആണെന്നാണ് ചില ഗവേഷകര്‍ കരുതുന്നത്.എന്തായാലും ഇത്തരം വോയിടുകള്‍ എല്ലാം തന്നെ നിലവില്‍ നമുക്ക് നിഗൂഢതകള്‍ മാത്രമാണ്.
- അതിവിശിഷ്ട തമോദ്വാരങ്ങള്‍(Super Massive Black Holes)
ബ്ലാക്ക് ഹോള്‍സ് എന്ന പ്രതിഭാസം എന്നും നമുക്ക് വലിയൊരു അത്ഭുതം ആണ്. വലിയ നക്ഷത്രങ്ങള്‍ നശിക്കുമ്പോഴാണ് ബ്ലാക്ക് ഹോള്‍സ് ഉണ്ടാകുന്നത് എന്ന് ഇപ്പോള്‍ നമുക്ക് അറിയാം. പക്ഷെ അത് സാധാരണ ബ്ലാക്ക് ഹോള്‍സിന്റെ കാര്യമാണ്. നമ്മുടെ ദൃശ്യപ്രപഞ്ചത്തില്‍ പല ലക്ഷം കോടി ഗാലക്സികള്‍ ഉണ്ട്. അതായത് നമ്മുടെ മില്‍ക്കി വെ പോലെയുള്ള നക്ഷത്ര സമൂഹങ്ങള്‍. അതില്‍ നമ്മള്‍ ഇതുവരേക്കും നിരീക്ഷിച്ചിട്ടുള്ള ഒട്ടുമിക്ക ഗാലക്സികളിലും അതിന്റെ മധ്യഭാഗത്തില്‍ ഒരു അതിഭീമന്‍ സൂപ്പര്‍ മാസ്സീവ് ബ്ലാക്ക് ഹോള്‍ ഉണ്ടായിരിക്കും. സൂപ്പര്‍ മാസ്സിവ് എന്ന് പറയുമ്പോള്‍ നമ്മുടെ സൂര്യന്റെ കോടി കണക്കിന് മടങ്ങ് മാസ്സുള്ള അത്യതികം ഭയാനകമായ ബ്ലാക്ക് ഹോള്‍സ്. നമ്മുടെ മില്‍ക്കി വേ ഗാലക്സിയുടെ മധ്യഭാഗത്തിലും അത് പോലൊരു സൂപര്‍ മാസ്സിവ് ബ്ലാക്ക് ഹോള്‍ ഉണ്ട്. പക്ഷെ ഈ വലിയ ബ്ലാക്ക് ഹോള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നത് എന്ന് ഇതുവരെ നമുക്ക് വ്യക്തമായിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു നിലവില്‍ നമ്മള്‍ പല സിദ്ധാന്തങ്ങളും രൂപപ്പെടുത്തിയിട്ടു ഉണ്ടെങ്ങിലും ഇത് വ്യക്തമായ ഉത്തരം ഇല്ലാത്ത വലിയൊരു നിഗൂഢതയാണ്.
- നിഗൂഢമായ ടൈസന്‍ ഗോളം(Mysterious Dyson Sphere)
ഏകദേശം 1470 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയുള്ള നമ്മുടെ സൂര്യനെക്കാള്‍ വലിപ്പമുള്ള ഒരു നക്ഷത്രം ആണ് ടാബീസ് സ്റ്റാര്‍. ബഹിരാകാശപരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ താല്പര്യം ഉള്ളവരില്‍ ഭൂരിഭാഗം പേരും ഈ നക്ഷത്രത്തിനെ കുറിച്ച് മുന്‍പ് കേട്ടിട്ടുണ്ടയിരിക്കും. ശാസ്ത്രലോകത്തില്‍ ഒത്തിരി ഏറെ തര്‍ക്കങ്ങള്‍ക്ക് ഇടയായ ഒരു നക്ഷത്രമാണ് ടാബീസ് സ്റ്റാര്‍(Tabbis Star). ഇതില്‍ നിന്നും വരുന്ന പ്രകാശം ഇടക്കിടയ്ക്ക് മങ്ങുന്നതായിട്ടു ജ്യോതിശസ്ത്രര്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ ധാരാളം നിരീക്ഷങ്ങള്‍ നടത്തിയെങ്കിലും അതവര്‍ക്ക് വ്യക്തമായിട്ട് മനസ്സിലാക്കാന്‍ പറ്റിയില്ല. ഒരു പക്ഷെ അസ്ട്രോയിട് ബെല്‍റ്റ് പോലെയുള്ള വലിയ ഒരു ബെല്‍റ്റ് ആ നക്ഷത്രത്തിനു ചുറ്റും ഉണ്ടായിരിക്കും. നക്ഷത്രത്തിന്റെ പ്രകാശത്തിനെ ഇത് തടയുന്നത് കൊണ്ടായിരിക്കും നക്ഷത്രം മങ്ങുന്നതായിട്ടു നമുക്ക് തോന്നുന്നത്. ഇത് തന്നെയായിരിക്കും അതിന്റെ യഥാര്‍ഥ കാരണം എന്നാണ് ഒട്ടുമിക്ക ശാസ്ത്രന്ജരുടെയും നിഗമനം. പക്ഷെ ചില ശാസ്ത്രന്ജരുടെ അഭിപ്രായപ്രകാരം അസ്ട്രോയിട് ബെല്‍റ്റ് ഉള്ളതുകൊണ്ട് മാത്രം ഇത്രയും വലിയ തോതില്‍ അതിന്റെ പ്രകാശം മങ്ങുകയില്ല. അങ്ങനെയെങ്കില്‍ ഒരുപക്ഷെ ടൈസന്‍സ് സ്ഫിയര്‍ പോലെയുള്ള വലിയ ഒരു ഘടനയയിരിക്കുമോ അതിന്റെ കാരണം എന്ന് നമുക്ക് ചിന്തിക്കേണ്ടി വരും. അതായത് ടൈപ്പ് 2 തലത്തില്‍ വരെ എത്തിയ വലിയ പുരോഗമന സമൂഹങ്ങള്‍ നക്ഷത്രത്തില്‍ നിന്നും ഊര്‍ജ്ജം ശേഖരിക്കാന്‍ വേണ്ടി നക്ഷത്രങ്ങള്‍ക്ക് ചുറ്റും നിര്‍മ്മിക്കുന്ന വലിയൊരു ഘടനയാണ് ടൈസന്‍സ് സ്ഫിയര്‍. പക്ഷെ ഇത് വെറും ഒരു സംശയം മാത്രമാണ്. ഇത് ശരിയാണെങ്കില്‍ പോലും അത് കണ്ടുപിടിക്കാനുള്ള യാതൊരു മാര്‍ഗ്ഗവും നിര്‍ഭാഗ്യവശാല്‍ നമുക്ക് നിലവില്‍ ഇല്ല. അതുകൊണ്ട് തന്നെ ടാബീസ് സ്റ്റാറിന്റെ വിചിത്രമായ മങ്ങല്‍ നമുക്ക് മുന്നില്‍ ഒരു നിഗൂഢതയായിട്ട് നിലനില്‍ക്കുകയാണ്. മറ്റൊരു കാര്യം എന്തെന്നാല്‍ ടാബീസ് നക്ഷത്രം മാത്രമല്ല വേറെയും ധാരാളം നക്ഷത്രങ്ങളിലും ഇതേ വിരോദ്ധഭാസം ഉള്ളതായിട്ട് ശാസ്ത്രഞ്ജര്‍ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷെ ഒന്നിന്റെയും കാരണം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് മാത്രം.
- മിസ്സിംഗ് ആന്റി മാറ്റര്‍(Missing Antimatter)
നമുക്ക് അറിയാവുന്ന സാധാരണ കണികകള്‍ക്ക് അതായത് പ്രോടോന്‍സ്, ന്യൂട്രോണ്‍സ്,ഇലക്ട്രോണ്‍സ് അങ്ങനെയെല്ല കണികകള്‍ക്കും നേരെ വിപരീതമായ കണികകളും ഉണ്ടായിരിക്കും. അതിനെയാണ് നമ്മള്‍ ആന്റിപാര്‍ട്ടിക്കിള്‍സ് എന്ന് പറയുന്നത്. അതായത് ആന്റിപ്രോട്രോണ്‍സ്, ആന്റി ഇലക്ട്രോണ്‍സ്, ആന്റി ന്യൂട്രോണ്‍സ് എന്നിങ്ങനെ. ഒരു പാര്‍ട്ടിക്കിളിന്റെയും ആന്റിപാര്‍ട്ടിക്കിളിന്റെയം ഊര്‍ജ്ജം, വലിപ്പം,മാസ് അങ്ങനെ സ്വഭാവഗുണങ്ങള്‍ എല്ലാം തന്നെയും തുല്യമായിരിക്കും. ഒരേയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരിക്കു എന്താണെന്ന് വച്ചാല്‍ അവയുടെ ചാര്‍ജ്ജ്. എന്തായാലും ഈ ആന്റിപാര്‍ട്ടിക്കിള്‍സിനാല്‍ നിര്‍മ്മിതമായ മാറ്റര്‍ അഥവാ പദാര്‍ത്ഥത്തിനെയാണ് ആന്റി മാറ്റര്‍ എന്ന് പറയുന്നത്. പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ പദാര്‍ത്ഥങ്ങളും കണികകളും ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പകരം അവയെല്ലാം ഊര്‍ജ്ജത്തിന്റെ രൂപത്തില്‍ ആയിരുന്നു. ഈ ഊര്‍ജ്ജത്തില്‍ നിന്നുമാണ് പിന്നീട് കണികകള്‍ ഉണ്ടാകുന്നതും കണികകളില്‍ നിന്നും പദാര്‍ത്ഥങ്ങള്‍ രൂപം കൊള്ളൂന്നതും. ഇവിടെ ഓര്‍ക്കേണ്ട കാര്യം ഊര്‍ജ്ജത്തില്‍ നിന്നും കാണികള്‍ ഉണ്ടാകുന്ന സമയം പാര്‍ട്ടിക്കിള്‍സും ആന്റിപാര്‍ട്ടിക്കിള്‍സും ഒരുമിച്ച് ജോടികളയിട്ടു ആണ് ഉണ്ടാകുന്നത്. അതായത് ഒരു പാര്‍ട്ടിക്കിള്‍ ഉണ്ടായാല്‍ അതിന്റെ വിപരീതമായ ആന്റി പാര്‍ട്ടിക്കിളും അതിനോടൊപ്പം ഉണ്ടാകും. അങ്ങനെയെങ്കില്‍ പ്രപഞ്ചത്തില്‍ ഒരേ അളവില്‍ ഉള്ള മാറ്ററും ആന്റി മാറ്ററും ഉണ്ടായിരിക്കേണ്ടത് ആണ്. നമ്മുടെ ദൃശ്യ പ്രപഞ്ചത്തില്‍ മാറ്റര്‍ മാത്രമാണ് ഉള്ളത്. വളരെ വളരെ ചെറിയ അളവില്‍ ഉള്ള ആന്റി മാറ്റര്‍ മാത്രമേ ഉള്ളു. ശരിക്കും ആന്റി മാറ്റര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു വസ്തുവും നമ്മുടെ പ്രപഞ്ചത്തില്‍ ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. അപ്പോള്‍ പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ഉണ്ടായ ആന്റി മാറ്റര്‍ എല്ലാം എവിടെ പോയി. അതിന്നും നമുക്ക് ഉത്തരം കിട്ടാത്ത ഒരു വലിയ ചോദ്യമാണ്. എന്തായാലും ആന്റി മാറ്റര്‍ അത്രയും അപൂര്‍വ്വമായാത് കൊണ്ട് തന്നെ ഒരു ഗ്രാം ആന്റിമാറ്ററിന് 62 ട്രില്ല്യന്‍ ഡോളേഴ്സ് ആണ് വില. 1 ട്രില്ല്യന്‍ ഡോളേഴ്സ് എന്ന് വച്ചാല്‍ തന്നെ 75 ലക്ഷം കോടി രൂപയാണ്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വില കൂടിയ പദാര്‍ത്ഥമായിട്ട് നിലവില്‍ നമ്മള്‍ പരിഗണിക്കുന്നത് ആന്റി മാറ്ററിനെയാണ്.
- നിഗൂഢമായ വാതക ഭീമന്മാര്‍(Mysterious Gas Giants)
നിരന്തരമായിട്ടു നമ്മള്‍ സൗരയൂഥത്തിന് പുറത്തുള്ള എക്സോ പ്ലാനറ്റുകളെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരേക്കും നാലായിരത്തില്‍ കൂടുതല്‍ എക്സോ പ്ലാനെറ്റുകളെ കണ്ടുപിടിച്ചിട്ടും ഉണ്ട്. അതില്‍ പകുതിയോളം ഗ്രഹങ്ങളും വാതകം നിറഞ്ഞ ഗ്യാസ് ജൈന്റുകള്‍ ആണ്. ഇവിടെ പ്രശ്നം എന്താണെന്നാല്‍ ഈ വാതക ഭീമന്‍ ഗ്രഹങ്ങളില്‍ ഭൂരിഭാഗവും അവയുടെ നക്ഷത്രങ്ങളുടെ വളരെ അടിത്താണ് സ്ഥതി ചെയ്യുന്നത്. അതില്‍ എന്താണ് കുഴപ്പം എന്നായിരിക്കും ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നത്. നക്ഷത്രങ്ങള്‍ രൂപം കൊള്ളുന്ന സമയത്തില്‍ സിലിക്കേറ്റ്സ് പോലെയുള്ള വലിയ പദാര്‍ത്ഥങ്ങള്‍ കൂടുതലും നക്ഷത്രത്തിന്റെ അടുത്തോട്ടു വരും. അപ്പോള്‍ അതിന്റെ അകലെയുള്ള സ്ഥലങ്ങളില്‍ കൂടുതലും വാതകങ്ങള്‍ ആയിരിക്കും ഉള്ളത്. അത് മാത്രമല്ല നക്ഷത്രങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും പുറത്തുവരുന്ന ചൂടും ശക്തമായ സൗരക്കാറ്റും കാരണം നക്ഷത്രത്തിന്റെ അടുത്തുള്ള വാതകങ്ങള്‍ അകലേക്ക് പോകും. ഈ കാരണങ്ങള്‍ കൊണ്ടാണ് നമ്മുടെ സൗരയൂഥത്തില്‍ സൂര്യന്റെ അടുത്തുള്ള നാലു ഗ്രഹങ്ങള്‍ റോക്കി പ്ലാനെറ്റ്സ് ആയിരിക്കുന്നതും അകലെയുള്ള നാലു പ്ലാനെറ്റ്സ് മുഴുവന്‍ വാതക ഭീമന്‍ ഗ്രഹങ്ങള്‍ ആയിരിക്കുന്നതും. അങ്ങനെയെങ്കില്‍ പിന്നെ നമ്മള്‍ കണ്ടുപിടിച്ച പല വാതക ഭീമന്‍മാരായ എക്സോ പ്ലാനറ്റുകളും എങ്ങനെയാണ് അവയുടെ നക്ഷത്രങ്ങളുടെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നത്. എങ്ങനെയാണ് അവ രൂപം കൊണ്ടത്?അതിന്നും വ്യക്തമായിട്ട് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണ്. ഒരു പക്ഷെ നക്ഷത്രത്തില്‍ നിന്നും ഒരുപാടു അകലെയായിരിക്കും ഇവ രൂപം കൊണ്ടത് അതിന് ശേഷം കാലക്രമേണ ഇവ നക്ഷത്രത്തിന്റെ അടുത്തേക്ക് പോയതായിരിക്കാം. പക്ഷെ അങ്ങനെ ചിന്തിക്കുമ്പോഴും അവ നക്ഷത്രങ്ങളുടെ അടുത്തേക്ക് പോകാനുള്ള കാരണം എന്താണെന്ന ചോദ്യം അവശേഷിക്കുകയാണ്. എന്തായാലും ഈ വാതക ഭീമന്‍ ഗ്രഹങ്ങളുടെ തുടക്കവും നിലനില്‍പ്പും ഇന്നും ശാസ്ത്രലോകത്തിന് വലിയൊരു നിഗൂഢതയാണ്.
- കോസ്മിക് കിരണങ്ങള്‍(Cosmic Rays)
ഭൂമിയില്‍ നമുക്ക് സംരക്ഷണം നല്കാന്‍ വളരെ കട്ടിയുള്ള അന്തരീക്ഷം ഉള്ളതിനാല്‍ ഇവിടെ നമ്മള്‍ സുരക്ഷിതമാണ്. എന്നാല്‍ ബഹിരാകാശം മുഴുവന്‍ പലതരം റേഡിയേഷനാല്‍ നിറഞ്ഞ വളരെ തീവ്രമായ സ്ഥലമാണ്. അത്തരം ഒരു കിരണമാണ് കോസ്മിക് റെയ്സ്. ഇത് പ്രപഞ്ചത്തിന്റെ പല കോണില്‍ നിന്നും വരുന്ന ശക്തമായ പാര്‍ട്ടിക്കിള്‍സ് ആണ്. ബഹിരാകാശത്തിന്റെ എല്ലാ ഭാഗങ്ങളിലും നമുക്ക് ഈ പ്രതിഭാസത്തിനെ കാണാന്‍ കഴിയും. ഇത് സ്ഥിരമായിട്ട് നമ്മുടെ ഭൂമിയിലും വന്നു പതിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ പാര്‍ട്ടിക്കിള്‍സ് ഒന്നും അന്തരീക്ഷം കടന്നു വരാത്തതിനാല്‍ നമുക്ക് അതൊരു പ്രശനം അല്ല. എന്നാല്‍ കോസ്മിക് റെയ്സസിന്റെ യഥാര്‍ത്ഥ ഇരകള്‍ ഭൂമിയുടെ അന്തരീക്ഷത്തിന് മുകളില്‍ നമ്മള്‍ സ്ഥാപിച്ചിട്ടുള്ള സാറ്റ്ലൈറ്റുകള്‍ ആണ്. ഇവയിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ചില കോസ്മിക് കിരണങ്ങള്‍ക്ക് പ്രവേശിക്കാന്‍ ആകും. അങ്ങനെ പ്രവേശിച്ചാല്‍ ആ ഉപകരണങ്ങളുടെ പ്രവര്‍ത്തങ്ങളെ അത് തകരാറില്‍ ആക്കും. പക്ഷെ അത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വ്വമായിട്ട് മാത്രമേ നടക്കാറുള്ളു. എന്തായാലും കോസ്മിക് റെയ്സിനെ നിഗൂഢമാക്കുന്നത് അതിന്റെ ഉത്ഭവമാണ്. ബഹുഭൂരിപക്ഷം കോസ്മിക് റെയ്സും ഉത്ഭവിക്കുന്നത് സൂപ്പര്‍ നോവകള്‍ പോലെയുള്ള ബഹിരാകാശവിസ്ഫോടനങ്ങള്‍, നക്ഷത്രങ്ങള്‍ അങ്ങനെ പല സ്രോതസ്സുകളില്‍ നിന്നുമാണ്. ചിലപ്പോള്‍ നമ്മള്‍ ഡിറ്റകറ്റ് ചെയ്യുന്ന കോസ്മിക്ക് റെയിസിന്റെ ഉത്ഭവം എവിടെ നിന്നുമാണെന്ന് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കാറില്ല. പ്രപഞ്ചത്തിന്റെ ഏതു കോണില്‍ നിന്നുമാണ് ഇത് വരുന്നതെന്നോ? ഏതു പ്രതിഭാസത്തിലൂടെയാണ് ഇത് ഉത്ഭവിച്ചത് എന്നോ തിരിച്ചറിയാനും ഒക്കെ അത്യതികം പ്രയാസമാണ്. ഒരുപക്ഷെ പ്രപഞ്ചത്തില്‍ നമ്മള്‍ ഇതുവരെ കാണാത്തതും മനസ്സിലാക്കാത്തതും ആയ പ്രതിഭാസങ്ങളില്‍ നിന്നും അവരെ കോസ്മിക് റെയ്സ് വരാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ ഇത്തരം ചില കോസ്മിക് റെയ്സിലൂടെ പ്രപഞ്ചത്തിന്റെ ചില രഹസ്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റൂ. അതുകൊണ്ടാണ് പല ഗവേഷക സംഘങ്ങളും നിരന്തരമായിട്ടു കോസ്മിക് റെയ്സിനെ നിരീക്ഷിക്കുന്നതും അവയുടെ ഉത്ഭവം എവിടെനിന്നുമാണെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും.