അമേരിക്കൻ ഐക്യനാടുകൾ
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക് ആണ് അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (പൊതുവേ യു.എസ്.എ., യു.എസ്., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു). വടക്കേ അമേരിക്കയുടെ മധ്യഭാഗത്ത് ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്ലാന്റിക്ക് സമുദ്രത്തിനും മധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ് ഈ പ്രദേശം. അലാസ്ക സംസ്ഥാനം ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാനഡയ്ക്ക് പടിഞ്ഞാറ്, ബെറിങ് സ്ട്രെയ്റ്റിനു കുറുകെ, റഷ്യയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഹവായി സംസ്ഥാനം ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്. ഇവകൂടാതെ കരീബിയനിലും ശാന്തസമുദ്രത്തിലും അനേകം കൈവശാവകാശപ്രദേശങ്ങളും സ്വന്തമായുണ്ട്.
3.79 ദശലക്ഷം ചതുരശ്രമൈൽ (9.83 ദശലക്ഷം ച.കി.) വിസ്തീർണ്ണമുള്ള അമേരിക്കൻ ഐക്യനാടുകൾ കൈവശമുള്ള മൊത്തം കരയുടെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തെ നാലാമത്തെ ഏറ്റവും വലിയ രാജ്യവും (ചില പ്രദേശങ്ങളുടെ മേലുള്ള ചൈനയുടെ അവകാശവാദം കണക്കാക്കിയാൽ നാലാമത്തെ ഏറ്റവും വലിയ രാജ്യം) ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും ആണ്. പല രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി ലോകത്ത് ഏറ്റവും അധികം സാംസ്കാരികവൈവിധ്യമുള്ള രാജ്യവുമാണ് അമേരിക്കൻ ഐക്യനാടുകൾ. H1B തുടങ്ങിയ വിസകളിൽ വരുന്ന വിദഗ്ദ തൊഴിലാളികൾ പ്രത്യേകിച്ചും നഴ്സിംഗ്, ഐടി തുടങ്ങിയ മേഖലകളിൽ ധാരാളം ആളുകൾ ഇങ്ങോട്ടേക്ക് വരാറുണ്ട്. മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യൻ വംശജരെ ഇവിടെ കാണാൻ സാധിക്കും. കേരളത്തിൽ നിന്നുള്ള അനേകം നഴ്സുമാരെ അമേരിക്കൻ ഐക്യനാടുകളിൽ കാണാം. 2008ൽ 14.3 ട്രില്യൺ അമേരിക്കൻ ഡോളർ എന്നു കണക്കാക്കപ്പെട്ടിരിക്കുന്ന വാർഷിക മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (GDP) (ലോകത്തിന്റെ മൊത്തം 23% നാമമാത്ര മൊത്ത ആഭ്യന്തര ഉത്പാദനം; 21% വാങ്ങൽ ശേഷി) അമേരിക്ക ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയും സാംസ്കാരിക രാഷ്ട്രീയ സൈനിക ശക്തിയുമാണ്.
പേരിനു പിന്നിൽ
ഇറ്റാലിയൻ പര്യവേഷകനും ഭൂപടനിർമാതാവുമായിരുന്ന അമേരിഗോ വെസ്പൂച്ചി യുടെ പേരിൽ നിന്നാണ് അമേരിക്ക എന്ന പേര് വന്നത്. വെസ്പൂച്ചിയാണ് കൊളംബസിനെ തിരുത്തിക്കൊണ്ട് അമേരിക്കൻ വൻകരകൾ ഏഷ്യയുടെ കിഴക്കൻ ഭാഗമല്ല എന്ന് തെളിയിക്കുന്ന പര്യവേഷണ യാത്രകൾ നടത്തിയത്. 1507ൽ ജർമൻ ഭൂപടനിർമ്മാതാവായ മാർട്ടിൻ വാൾഡ്സീമ്യൂളർ നിർമിച്ച ലോകഭൂപടത്തിൽ ഭൂമിയുടെ പാശ്ചാത്യ അർദ്ധഗോളത്തിലുള്ള പ്രദേശങ്ങളെ വെസ്പൂച്ചിയുടെ സ്മരണയ്ക്ക് അമേരിക്ക എന്നു നാമകരണം ചെയ്തു. അമേരിഗോ വെസ്പൂച്ചി എന്ന പേരിൻറെ ലത്തീൻ രൂപമാണ് അമേരിക്കസ് വെസ്പൂച്ചിയസ് എന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്ക് അനുരൂപമായി ലത്തീനിലെ സ്ത്രീലിംഗരൂപം എടുക്കുമ്പോൾ അമേരിക്ക എന്നാകും. അമേരിഗോ എന്ന ഇറ്റാലിയൻ പേര് അന്തിമമായി ഗോത്തിക് വംശമായിരുന്ന അമാലുകളുടെ രാജാവ് എന്നർത്ഥമുള്ള അമാൽറിക് എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണ്.
1776 ജൂലൈ 4ന് മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 13 സംസ്ഥാനങ്ങൾ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന നാമം തങ്ങളുടെ സ്വാതന്ത്ര്യപ്രഖാപനത്തിൽ ഉൾപ്പെടുത്തി. ഇന്ന് നിലവിലുള്ള രീതിയിൽ ഈ നാമം ഉപയോഗിക്കാൻ ഔദ്യോഗികമായി തീരുമാനമായത് 1777 നവംബർ 15ന് രണ്ടാം കോണ്ടിനന്റൽ കോൺഗ്രസ് ആർട്ടിക്ക്ല്സ് ഓഫ് കോൺഫെഡെറേഷൻ അംഗീകരിച്ചതോടെയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന്റെ മലയാള വിവർത്തനമാണ് അമേരിക്കൻ ഐക്യനാടുകൾ.
അമേരിക്ക എന്ന പേരിനെപ്പറ്റി മറ്റു ചില വാദങ്ങളും ഉണ്ട്. ചെമ്പൻ ഏറിക് (Eric the Red) എന്ന വൈക്കിംഗ് നാവികന്റെ മകൻ ലേഫ് എറിക്സന്റെ പേരിലാണ് ഈ പ്രദേശത്തിന് അമേരിക്ക എന്ന പേര് വീണത് എന്ന് ചിലർ വാദിക്കുന്നു. സ്കാൻഡിനേവിയൻ ഭാഷയിൽ ആമ്റ്റ് എന്നാൽ ജില്ല എന്നാണ് (സ്ഥലം) അതിന്റെ കൂടെ ഏറിക്ക് എന്നു ചേർത്ത് അമ്റ്റേറിക്ക എന്ന് എറിക്കിന്റെ സ്ഥലം എന്നർത്ഥത്തിൽ വിളിച്ചു വന്നത് അമേരിക്ക ആയി പരിണമിച്ചു എന്നാണ് വാദം. എന്നാൽ വേറേ ചിലർ ഓമെറിക്കേ (Ommerike (oh-MEH-ric-eh)) നോക്കെത്താദൂരത്തെ തീരം എന്നര്ത്ഥമുള്ള പഴയ നോർഡിക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് കരുതുന്നത്. വേറേ ചിലർ ആകട്ടേ Ommerike എന്ന വാക്ക് സ്വർഗ്ഗരാജ്യം എന്ന ഗോത്തിക്ക് വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണ് കരുതുന്നത്. പക്ഷെ ഇതിനൊന്നും ചരിത്രപരമായ അടിത്തറയില്ല.
ചരിത്രം
കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ് അമേരിക്ക. പതിനായിരം മുതൽ നാൽപതിനായിരം വരെ വർഷങ്ങൾക്കു മുൻപ് തുടങ്ങിയതാണ് ഈ കുടിയേറ്റ ചരിത്രം. ഏഷ്യയിൽ നിന്നാണ് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക് ആദിമനിവാസികൾ (“റെഡ് ഇന്ത്യക്കാർ”) കുടിയേറിയത്. തുടർന്ന് ആയിരക്കണക്കിന് വർഷം ഇതര മനുഷ്യസമൂഹങ്ങൾ അമേരിക്കയുടെ അസ്തിത്വം അറിയാതെ ജീവിച്ചതിനാൽ അവർക്ക് സ്വന്തമായ സാംസ്കാരിക സ്വഭാവങ്ങൾ ഉരുത്തിരിഞ്ഞു. യൂറോപ്യന്മാർ എത്തുമ്പോൾ ജനസംഖ്യയിൽ അവർ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യൻ കുടിയേറ്റത്തോടെയാണ്. യൂറോപ്യൻ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങൾ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കൻ ഗവന്മേന്ടിനു കീഴിൽ ഏതാനും പ്രദേശങ്ങളിൽ (Indian Reservations) ആയി നേറ്റീവ് ഇന്ത്യക്കാരുടെ സ്വയംഭരണം ഒതുങ്ങുന്നു. അമേരിക്കയിൽ ഇപ്പോൾ 29 ലക്ഷം നേറ്റീവ് ഇന്ത്യക്കാരും 23 ലക്ഷം മിശ്രവർഗ്ഗക്കാരും ഉണ്ട്.
യൂറോപ്യരുടെ വരവ്
ചെമ്പൻ ഏറിക് എന്നയാളുടെ മകൻ ലീഫ് എറിക്സന്റെ നേതൃത്വത്തിൽ യൂറോപ്പിൽ നിന്നും ഒരു സംഘം വൈക്കിങ്ങുകൾ പത്താം ശതകത്തിൽ വടക്കൻ അമേരിക്കയുടെ തീരങ്ങളിൽ ചെന്നിറങ്ങിയതായി തെളിവുകൾ ഉണ്ട്. ഇവർ സ്ഥിരമായ നിർമ്മിച്ച കുടിയേറ്റ താവളം ന്യൂഫൌണ്ട് ലാന്റിനു സമീപം കണ്ടെത്തിയിരുന്നു.
1492-ൽ സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന ക്രിസ്റ്റഫർ കൊളംബസ് ഇപ്പോഴത്തെ ബഹാമാസ് ദ്വീപുകൾ കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. കൊളംബസ് ബഹാമാസില് എത്തിയപ്പോൾ ഇന്ത്യയുടെ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് വിളിച്ചു. ഇന്ത്യയിലേക്കുള്ള സമുദ്രമാർഗ്ഗം തേടിയായിരുന്നു അദ്ദേഹം പുറപ്പെട്ടത്.
യൂറോപ്യൻ അധിനിവേശങ്ങൾ
അധിനിവേശത്തെ സൂചിപ്പിക്കുന്ന ദേശീയ ഭൂപടം, ഒറീഗോണും മറ്റും ഉൾപ്പെടുത്തിയിട്ടില്ല
അമേരിക്ക എന്ന ഭൂപ്രദേശത്തിന്റെ ഗതി മാറ്റിയെഴുതിയ അധിനിവേശങ്ങളായിരുന്നു പിന്നീടു നടന്നത്. ക്രിസ്തുവർഷം 1500നും 1600നും ഇടയിൽ ഇന്നത്തെ അമേരിക്കയുടെ തെക്കുപടിഞ്ഞാറായി വന്നുവാസമുറപ്പിച്ച സ്പാനിഷ് കുടിയേറ്റക്കരാണ് ഈ മേഖലയിൽ ആദ്യമെത്തിയ യൂറോപ്യന്മാർ. സാന്റാഫേ, ഫ്ലോറിഡയിലെ സെന്റ്.അഗസ്റ്റിൻ എന്നിവയായിരുന്നു പ്രധാന സ്പാനിഷ് താവളങ്ങൾ. വിർജീനിയയിലെ ജയിംസ് ടൌണിലാണ് ഇംഗ്ലീഷുകാർ 1607-ൽ ആദ്യമായി വന്നു താവളമടിച്ചത്. 104 പേരുള്ള ഒരു സംഘമായിരുന്നു അത്. ആ കേന്ദ്ര ബിന്ദുവിനു ചുറ്റുമായി അമേരിക്ക പടർന്നു പന്തലിക്കാൻ തുടങ്ങി. പിന്നീടുള്ള ദശകങ്ങളിൽ ഫ്രഞ്ചുകാരും ഡച്ചുകാരും പല പ്രദേശങ്ങളും കൈക്കലാക്കി. 1820 നും 1910 നും ഇടയ്ക്ക് 280 ലക്ഷം അധിനിവേശകർ ഇവിടെ എത്തി. ഇതിൽ 87ലക്ഷം പേർ 1900 മുതൽ പത്തു വർഷം കൊണ്ടാണ് എത്തിയത്. മിനിറ്റിന് മൂന്നുപേർ എന്ന മട്ടിൽ ജനങ്ങൾ ഇവിടേയ്ക്ക് അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്നു. മതപീഡനങ്ങളിലും മറ്റും ഭയന്നും തൊഴിലുതേടിയുമാണ് അവർ പ്രധാനമായും ഇവിടേയ്ക്ക് എത്തിയത്. അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു.
യൂറോപ്യന്മാരുടെ കൂടെ അമേരിക്കയിൽ എത്തിപ്പെട്ട യൂറേഷ്യൻ സാംക്രമിക രോഗങ്ങൾ ആണ് യൂറോപ്യൻ സമ്പർക്കത്തിനു പിന്നാലെ അമേരിക്കൻ ഇന്ത്യക്കാരുടെ സമൂഹങ്ങളെ തകർത്തത്.പതിനായിരം വർഷത്തോളം ഒറ്റപ്പെട്ടു കിടന്നതിനാൽ അമേരിക്കൻ നിവാസികൾക്ക് ബബോണിക്, ന്യുമോണിക് പ്ലേഗുകൾ, വസൂരി, ഇൻഫ്ലുവെൻസ തുടങ്ങിയവയോട് തീർത്തും പ്രതിരോധം ഇല്ലായിരുന്നു. വൻതോതിൽ ആളുകൾ മരിച്ചു വീണതിനെ തുടർന്ന് വിജനമായ പ്രദേശങ്ങൾ തുടർന്ന് യൂറോപ്യൻ കുടിയേറ്റക്കാർ കയ്യേറി.
സ്പെയിൻകാർ
പതിനാറാം ശതകത്തിൽ ഏറ്റവും വലിയ യൂറൊപ്യൻ ശക്തിയായിരുന്ന സ്പെയിൻ കൊളംബസിന്റെ കണ്ടെത്തലിനെ തുടർന്ന് അമേരിക്കയിലേയ്ക്ക് മൂന്നു വട്ടം യാത്ര ചെയ്തു. എന്നാൽ അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗത്തേയ്ക്കാണ് അവർ പോയത്. കടൽക്കാറ്റിന്റെ ഗതിയാണ് അവരെ തെക്കോട്ട് നയിച്ചത്. അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗങ്ങളിലേയ്ക്കും വെസ്റ്റ് ഇൻഡീസ് ദ്വീപ്, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്കുമാണ് അവർ പ്രധാനമായും പോയത്. അമേരിക്കയൂടെ മറ്റു ഭാഗങ്ങൾ അവരെ സംബന്ധിച്ചെടുത്തോളം അജ്ഞാതമായിരുന്നു. അമൂല്യമായ സമ്പത്ത് കണ്ടെത്തിയതോടെ മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും അവർ തങ്ങളുടെ കോളനിവത്കരണം തുടങ്ങി. 1521-ല് മെക്സിക്കോ കീഴടക്കി, 1531നു ശേഷം പെറുവും കൈവശപ്പെടുത്തി. 1538-ല് അമേരിക്കയുടെ മധ്യ ഭാഗത്ത് ഫ്ലോറിഡയിൽ, ഡിസ്സോട്ടായുടെ നേതൃത്വത്തിൽ അവർ ഒരു കോളനി സ്ഥാപിച്ചു. 1513-ല് അവിടെ എത്തിയ ഒരു സ്പാനീഷ സഞ്ചാരിയൂടെ ഒർമ്മകായാണ് അത് സ്ഥാപിച്ചത്. അത് കണ്ടെത്തിയ നാൾ കുരുത്തോല പെരുന്നാൾ ദിനമായിരുന്നു(സ്പാനിഷിൽ പാസ്കാവാ ഫ്ലോറിഡ) അതിനാൽ ഫ്ലോറിഡ എന്ന് പേര് വയ്ക്കുകയുംചെയ്തു.
ഫ്രഞ്ചുകാർ
അമേരിക്കയിലേക്ക് എത്തിയ രണ്ടാമത്തെ യൂറോപ്യൻ ശക്തി. സ്പെയിൻകരനായ പിസെറോ പെറുവിൽ എത്തിയ അതേ സമയത്ത് ഷാക്ക് കാത്തിയേർ(Jaqueus Cartier)എന്ന നാവികൻ സെൻറ് ലോറൻസ് ഉൾക്കടലിൽ അമേരിക്കയുടെ പൂർവ്വ തീരങ്ങൾ കണ്ടെത്താൻ ശ്രമം നടത്തുകയായിരുന്നു. 1585-ല് അദ്ദേഹം ഇന്നത്തെ ക്യൂബെക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം വരെ എത്തിച്ചേർന്നു. എന്നാൽ 1603-ലാണ് ഫ്രഞ്ചുകാർ ഇവിടേയ്ക്ക് കാര്യമായി പ്രവേശിക്കാൻ തുടങ്ങിയത്. 1608-ല് സാമുവെൽ ഷാമ്പ്ലെയിൻ ക്യൂബെക്കിൽ ആദ്യത്തെ ഫ്രഞ്ചു കോളനി സ്ഥാപിച്ചു. 1669-ല് ഒഹായോ നദി കണ്ടു പിടിച്ചു, മിസിസിപ്പിയുടെ തീരത്തുകൂടെ അവർ അധിനിവേശം തുടർന്നു. മിസിസിപ്പിയുടെ പതനപ്രദേശത്ത് എത്തിച്ചേർന്ന ലെസല്ലോ എന്ന ഫ്രഞ്ചു കപ്പിത്താൻ ഈ സ്ഥലത്തിന് ഫ്രഞ്ചു രാജാവിനോട് (ലൂയി) ഉള്ള ആദര സൂചകമായി ലൂയിസിയാന എന്ന് പെരിട്ടു. 1718- ഈ തിരങ്ങളിൽ തന്നെ ന്യൂ ഓർലിയൻസ് എന്ന നഗരം ഉയർന്നു. ഈ പ്രദേശം മൊത്തം ഫ്രഞ്ചുകാർക്ക് അധീനത്തിലായി.
ഡച്ചുകാർ
ഡച്ച് വെസ്റ്റ് ഇന്ത്യാ കമ്പനിയുടെ പര്യവേഷണങ്ങൾ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്നത്തെ ന്യൂയോർക്കിനും പരിസരപ്രദേശങ്ങളിലുമായി സാമാന്യം വലിയ ഒരു ഭൂവിഭാഗം ഡച്ച് നിയന്ത്രണത്തിലാക്കി. ഈ പ്രദേശം ന്യൂ നെതർലാൻഡ് എന്നറിയപ്പെട്ടു. മാൻഹാട്ടൻ ദ്വീപിൽ നിർമിച്ച ആംസ്റ്റർഡാം കോട്ട കേന്ദ്രമാക്കി ന്യൂ ആംസ്റ്റർഡാം എന്ന തലസ്ഥാനവും ഉണ്ടായി. ഏറെത്താമസിയാതെ ഈ പ്രദേശം ഇംഗ്ലീഷുകാർ പിടിച്ചെടുക്കുകയും 1665-ൽ ന്യൂ ആംസ്റ്റർഡാം ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
ഇംഗ്ലീഷുകാർ
മേയ്ഫ്ലവർ എന്ന കപ്പൽ പ്ലിമത്ത് തീരത്ത്. വരച്ചത് വില്ല്യം ഹാൽസാൽ 1882. 1620-ൽ മത പീഡനത്തിൽ നിന്ന് ഒളിച്ചോടിയ തീർത്ഥാടകരേയും വഹിച്ച് മേയ്ഫ്ലവർ പുതിയ ലോകത്തെത്തി ഹെൻറി ഏഴാമന്റെ പ്രോത്സാഹനത്തോടെ ജോൺ കാബട്ട് എന്ന നാവികൻ ന്യൂഫൌണ്ട് ലാൻഡിൽ എത്തിച്ചേർന്നു. എന്നാൽ കാര്യമായ സമ്പത്ത് ഇല്ലാത്തതിനാൽ പുതിയ ലോകത്തിൽ വലിയ താല്പര്യമൊന്നും ഇംഗ്ലീഷുകാർ കാണിച്ചില്ല. എന്നാൽ കനകം നിറഞ്ഞ ഇൻഡീസ് ദ്വീപുകളിൽ നിന്ന് സ്പെയിൻകാർ ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ച് അവർ വേവലാതിപ്പെട്ടില്ല. എലിസബത്ത് രാജ്ഞിയുടെ കാലത്തും വലിയ പ്രാധാന്യം കല്പിക്കപ്പെട്ടില്ല. എന്നാൽ ഹെൻറി എട്ടാമന്റെ കാലത്ത് കടൽകൊള്ള മൂലം ധാരാളം സമ്പത്ത് വന്ന് ചേർന്നത് പുതിയ ലോകത്തേയ്ക്ക് ഒരെത്തിനോട്ടം അനിവാര്യമാക്കി. 1585-ൽ അവർ ആദ്യമായി അധിനിവേശത്തിന് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. പിന്നീട് ജെയിംസ് ഒന്നാമന്റെ കാലത്ത് ഇംഗ്ലണ്ടിലെ ധനികരായ വ്യാപാരികൾ ലണ്ടൻ കമ്പനി എന്ന പേരിൽ വടക്കേ അമേരിക്കയുമായി വ്യാപാരം നടത്താൻ ആരംഭിച്ചു. പിന്നീട് ഇത് വിർജീനിയാ കമ്പനി എന്നാക്കി. 1607-ല് 104 പേരുമായി അവർ വിർജീനിയ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ജെയിംസ് ടൌൺ എന്ന പേരിൽ കുടിയിരിപ്പ് ആരംഭിച്ചു. രോഗവും ഇന്ത്യക്കാരുടെ ആക്രമണവും വളരേയേറെപ്പേരെ കൊന്നൊടുക്കി. ചിലർ മടങ്ങിപ്പോയി എങ്കിലും വീണ്ടും വീണ്ടും കുടിയേറ്റങ്ങൾ നടന്നു കൊണ്ടിരുന്നു. 1620-ൽ മത തീവ്രവാദികൾ എന്ന് അന്ന് അറിയപ്പെട്ടിരുന്ന് മറ്റൊരു വിഭാഗം ഇംഗ്ലണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്കു ശേഷം അമേരിക്കയിലേക്ക് പുറപ്പെട്ടു. മേയ്ഫ്ലവർ എന്ന കപ്പലിൽ അവർ മസ്സാച്ച്യുസെറ്റ്സിലെ പ്ലിമത്തിലാണ് എത്തിപ്പെട്ടത്. 1628 മുതൽ മസ്സാച്ച്യൂസെറ്റ്സ് കോളനി വൻ ശക്തിയായി വളർന്നു തുടങ്ങി. അവർ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ ബോസ്റ്റണിൽ നിന്ന് വന്നവരായിരുന്നതിനാൽ ആസ്ഥലത്തിന് ബോസ്റ്റൺ എന്ന് നാമകരണം ചെയ്തു. എന്നാൽ അമേരിക്കയിൽ മത പീഡനത്തിൽ നിന്ന് രക്ഷപ്പെടാനെത്തിയ അവർ തന്നെ മത പീഡകരായി ഭരണം തുടർന്നു. ഇംഗ്ലീഷുകാർ തുടർന്ന് നിരവധി കോളനികൾ സ്ഥാപിച്ചു. ഇവയിൽ റോഡ് ദ്വീപുകൾ, കണക്റ്റിക്കട്ട്, ന്യൂ പ്ലിമത്ത് എന്നിവ ഉൾപ്പെടും. ഇവർ പിന്നീട് കണ്ടെത്തിയ ഹഡ്സൺ നദിയുടെ തീരങ്ങളിലും ആവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവരുടെ കൂടെ സ്വീഡൻകാരും ഹോളണ്ടുകാരും ഉണ്ടായിരുന്നു. പിന്നീട് സ്ഥലത്തിന്റെ പേരിലും അവകാശങ്ങളുടെ പേരിലും ഇംഗ്ലീഷുകാർ സ്വീഡൻകാരും ഡച്ചുകാരുമായും യുദ്ധങ്ങൾ നടത്തി.
ബ്രിട്ടനെതിരെ പടയൊരുക്കം
പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ
അപ്പലേച്ച്യൻ പർവ്വതനിരകളുടെ കിഴക്കു ഭാഗത്താണ് ആദ്യത്തെ കുടിയിരിപ്പുകൾ (settlements) ആരംഭിച്ചത്. ആദ്യത്തെ പതിമൂന്നു കോളനികളും ഈ സമതലത്തിലാണ് വികസിച്ചത്. എന്നാൽ കാലക്രമേണ അപ്പലേച്ച്യൻ മലകൾക്കപ്പുറത്തേയ്ക്ക് അതിർത്തികൾ കടന്നു ചെന്നിരുന്നു. റോഡുകളും റെയിൽ പാതകളും വ്യാപാരം സുഗമമാക്കി. യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളായി കുഴപ്പങ്ങളില്ലാതെ കഴിയുകയായിരുന്നു ഇവിടുത്തെ ജനത. എന്നാൽ ഫ്രഞ്ച്-ഇന്ത്യൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രാൻസിനുമേൽ വിജയം നേടിയതോടെ കഥയാകെ മാറി. കരീബിയൻ ദ്വീപുകളൊഴികെ വടക്കേ അമേരിക്കയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഫ്രാൻസിനു നഷ്ടമാവുകയും ചെയ്തു. ഈ വിജയത്തിനുശേഷം യുദ്ധച്ചിലവെന്ന പേരിൽ ബ്രിട്ടൺ 13 കോളനികളിൽ നികുതിപ്പിരിവ് നടപ്പാക്കി. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ പ്രാതി നിധ്യമില്ലാത്തതിനാൽ നികുതി ചുമത്തുന്നത് അന്യായമാണെന്ന് ഈ കോളനിയിലെ കുടിയേറ്റക്കാരായ ജനങ്ങൾ വാദിച്ചു. ഈ പ്രതിഷേധം ബ്രിട്ടനെതിരെയുള്ള പടയൊരുക്കമായി മാറി. കോളനികൾ നടത്തിയ ഈ വിപ്ലവ മുന്നേറ്റം കൊളോണിയൽ ശക്തികളുടെ ആധിപത്യം മിക്കവാറും അവസാനിപ്പിച്ചു.
സപ്തവത്സരയുദ്ധങ്ങൾ
പതിനെട്ടാം ശതകത്തിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ മൂന്ന് വൻകിട യുദ്ധങ്ങൾ നടന്നു.) ജോർജ്ജ് വാഷിങ്ടൺ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ കാലത്താണ്. ഇംഗ്ലീഷുകാർ അപ്പലേച്ച്യൻ പർവ്വതനിരകൾ കടന്നപ്പോൾ ഫ്രഞ്ചുകാർ ഒഹായോ നദീ തീരത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇവർ തമ്മിൽ അവസാനത്തെ യുദ്ധം 1756-ല് തുടങ്ങിയ സപ്തവത്സര യുദ്ധം ആയിരുന്നു. ഈ യുദ്ധങ്ങളിൽ ആദ്യ പരാജയത്തിന് ശേഷം ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ അപ്പാടെ പരാജയപ്പെടുത്തി. ഒട്ടുമിക്ക ഫ്രഞ്ച് അധീന പ്രദേശങ്ങളും ഇംഗ്ലീഷുകാർ പിടിച്ചെടുത്തു. ഇത് അമേരിക്കൻ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. യുദ്ധം അവസാനിപ്പിച്ച് 1763-ല് പാരീസ് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു.
അമേരിക്കൻ വിപ്ലവം
കോണ്ടിനെൻറൽ കോൺഗ്രസിൽ കരടു സമിതി അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ സമർപ്പിക്കുന്നു ചിത്രം വരച്ചത് ജോൺ ട്രുമ്പുൾ 1817–1819
അമേരിക്കൻ വിപ്ലവം
വിപ്ലവ സംബന്ധിയായ സംഭവങ്ങൾ 1763 നു ശേഷമുള്ള 20 വർഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇംഗ്ലണ്ടിലെ സർക്കാരിന് വ്യാപാരമേഖലയിലല്ലാതെ കോളനികളുടെ മേൽ നിയന്ത്രണമുണ്ടായിരുന്നില്ല. കോളനിവാസികൾ എല്ലാം തന്നെ ഊർജ്ജ്വ സ്വലരും അധ്വാനശീലരും ആയിരുന്നു. അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു. എന്നാൽ കോളനികളിലെ ഗവർണ്ണർമാരെ നിയമിച്ചിരുന്നത് ഇംഗ്ലണ്ടിലെ രാജാവായിരുന്നു. ഗർണ്ണർമാരും അസംബ്ലികളും അധികാരത്തിനായി മത്സരം ഉണ്ടായികൊണ്ടിരുന്നു. റം എന്ന മദ്യമുണ്ടാക്കിയിരുന്ന മൊളാസ്സസിനുമേൽ ഇംഗ്ലീഷ് സർക്കാർ ചുമത്തിയ ചുങ്കം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരം പല വ്യാപാര നിയമങ്ങളും കോളനികളിലെ കുടിയേറ്റ കർഷകർക്ക് ബുദ്ധിമുട്ടായിത്തോന്നിത്തുടങ്ങി. പിന്നീട് ഗ്രെൻവിൽ സ്റ്റാമ്പു നിയമം പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. നിരവധി പേർ പങ്കെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിവാസികളുടെ മേൽ നികുതി ചുമത്താൻ ബ്രിട്ടന് അധികാരമില്ല എന്നായിരുന്നു അവരുടെ അവകാശ വാദം. 1773 നോർത്ത് പ്രഭുവിന്റെ നിർദ്ദേശ പ്രകാരം തേയില നികുതി നിയമം പാസ്സാക്കപ്പെട്ടു. ഒരുപാടു തേയില ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് അമേരിക്കക്കാർക്ക് കള്ളക്കടത്തലിലൂടെ ലഭിക്കുന്ന തേയിലയേക്കാൽ വില കുറച്ച് വിൽകാമെന്നായിരുന്ന് അവർ വിചാരിച്ചത്. എന്നാൽ 1773-ല് തേയില കപ്പലുകൾ ബോസ്റ്റൺ തുറമുഖത്തെത്തിയപ്പോൾ തേയില വാങ്ങാൻ ആരും എത്തിയില്ല. ഇന്ത്യൻ വർഗ്ഗക്കാരുടെ വേഷം ധരിച്ച ഒരു വലിയ ജനക്കൂട്ടം തേയിലക്കപ്പലുകളിൽ ഒന്നടങ്കം പ്രവേശിച്ച തേയിലപ്പെട്ടികൾ കടലിലേയ്ക്ക് മറച്ചിട്ടു. ഈ സംഭവം ബോസ്റ്റൺ ടീ പാർട്ടി എന്ന പേരിൽ അറിയപ്പെടുന്നു. കോളനികളുടെ ആദ്യത്തെ പ്രതിനിധി യോഗം 1774-ല് ഫിലാഡെൽഫിയയിൽ വച്ച് കോണ്ടിനെൻറൽ കോൺഗസ് എന്ന പേരിൽ ആരംഭിച്ചു. പിൽക്കാലത്തെ സ്വാതന്ത്ര്യസമരത്തിലും ഐക്യനാടുകളുടെ ഭരണചരിത്രത്തിലും പ്രമുഖമായ പങ്കു വഹിച്ച ജോർജ് വാഷിംഗ്ടൺ (വെർജീനിയ), സാമുവൽ ആഡംസ് (മസ്സാച്ചുസെറ്റ്സ്), ജോൺ ജേയ് (ന്യൂ ഇംഗ്ലണ്ട്) തുടങ്ങിയ വ്യക്തികൾ അന്ന് പങ്കെടുത്തിരുന്നു. 1776-ൽ 13 കോളനികൾ ചേർന്ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണെറ്റഡ് സ്റ്റേറ്റ്സ് എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ കേന്ദ്രീകൃത ജനാധിപത്യ രാജ്യം സ്ഥാപിച്ചു. തുടക്കത്തിൽ പല രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു പ്രവർത്തനമെങ്കിലും 1789-ൽ ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവരിച്ചു.
ആദ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങൾ
വിർജീനിയ
ന്യൂയോർക്ക്
മസാച്ചുസെറ്റ്സ്
നോർത്ത് കരോലിന
കണക്റ്റിക്കട്ട്
സൗത്ത് കരോലിന
ഡിലാവർ
പെൻസിൽവാനിയ
മേരിലാൻഡ്
റോഡ് ഐലൻഡ്
ന്യൂഹാംഷയർ
ജോർജിയ
ന്യൂജേഴ്സി
ആഭ്യന്തര യുദ്ധം
ഗെറ്റിസ് ബർഗ് യുദ്ധം കല്ലി വർച്ച ചിത്രം കറിയറും അയ്വ്സും, 1863ലെ ഈ യുദ്ധം നിർണ്ണായകമായ വഴിത്തിരിവായിരുന്നു. യുദ്ധത്തിലെ ജയംരാജ്യത്തെ ഒറ്റക്കെട്ടായി നിൽകാൻ സഹായിച്ചു
1750 ആയപ്പോഴേക്കും ഇംഗ്ലീഷ് കോളനികളിൽ ആകെ ജനസംഖ്യ പതിനഞ്ചു ലക്ഷം ആയിരുന്നും അതിൽ തന്നെ മൂന്നു ലക്ഷം പേർ അടിമപ്പണിക്ക് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന നീഗ്രോകൾ ആയിരുന്നു. അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു ഇത്. വടക്കുള്ള സംസ്ഥാനങ്ങൾ അടിമപ്പണിക്ക് എതിരായിരുന്നെങ്കിൽ കൃഷി മുഖ്യ തൊഴിലാക്കിയിരുന്ന തെക്കൻ പ്രദേശങ്ങൾ അടിമപ്പണി ഒരു അനിവാര്യതയായി കണക്കാക്കി. ഈ തർക്കം ആഭ്യന്തര കലാപമായി. 1861-ൽ ഏഴ് വടക്കൻ സംസ്ഥാനങ്ങൾ അമേരിക്കയിൽനിന്നും വിട്ടുപോന്നു. ഇത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഈ യുദ്ധത്തിനിടയിലാണ് എബ്രഹാം ലിങ്കൺ ചരിത്രപ്രസിദ്ധമായ ‘അടിമത്ത വിമോചന പ്രഖ്യാപനം’ നടത്തിയത്. ഫെഡറൽ സ്വഭാവത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചാണ് ആഭ്യന്തരയുദ്ധം അവസാനിക്കുന്നത്. ഏതായാലും സംസ്ഥാനങ്ങളേക്കാൾ ഫെഡറൽ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പ്രാധാന്യമേറി.
വിപുലീകരണം
പത്തൊൻപതാം നൂറ്റാണ്ടിൽ കൂടുതൽ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി ചേർക്കപ്പെട്ടു. തുടക്കം മുതലുണ്ടായിരുന്ന 13 കിഴക്കൻ സംസ്ഥാനങ്ങളിലും കുടിയേറ്റം മൂലം ജനസംഖ്യ പെരുകിയതോടെ കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. അമേരിക്കയിലെ യഥാർഥ ജനതയായ അമേരിക്കൻ ഇന്ത്യക്കാർ മിക്കവയും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലായിരുന്നു വ്യാപിച്ചിരുന്നത്. മൂന്നു കോടിയോളമുണ്ടായിരുന്ന ഇവരിൽ അധികവും യൂറോപ്യൻ കുടിയേറ്റം സമ്മാനിച്ച സാംക്രമിക രോഗങ്ങൾമൂലം ചത്തൊടുങ്ങി. ശേഷിച്ച പ്രദേശങ്ങൾ പുതിയ ‘’യുണൈറ്റഡ് സ്റ്റേറ്റ്സ്‘’ വെട്ടിപ്പിടിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ ഒട്ടുമിക്ക അമേരിക്കൻ ഇന്ത്യൻ പ്രദേശങ്ങളും നാമാവശേഷമായി. അമേരിക്കൻ ഇന്ത്യക്കാർ (നേറ്റീവ് ഇന്ത്യക്കാർ) ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള മിക്കപ്രദേശങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിനു കീഴിലായി.
വൻശക്തിയായി വളരുന്നു
ഇരുപതാം നൂറ്റാണ്ടിലാണ് അമേരിക്ക ആഗോള ശക്തിയായി വളർന്നു വന്നത്. വ്യാവസായിക, സാങ്കേതിക മേഖലകളിൽ കൈവരിച്ച വളർച്ച അമേരിക്കയുടെ കുതിച്ചുകയറ്റത്തിനു കാരണമായി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളായിരുന്നു അമേരിക്കയുടെ കുതിച്ചുകയറ്റത്തിന് മറ്റൊരു കാരണം. രണ്ട് ലോക മഹായുദ്ധങ്ങളിലും അവർ പങ്കെടുത്തെങ്കിലും സ്വന്തം ഭൂമിയിൽ പടവെട്ടേണ്ടി വന്നില്ല. സഖ്യകക്ഷികളുടെ മണ്ണിലായിരുന്നു അവരുടെ പോരാട്ടങ്ങളത്രയും. ഇതിനാൽ യുദ്ധത്തിന്റെ ദുരിതങ്ങൾ അമേരിക്കയെ സ്പർശിച്ചതേയില്ല. എന്നാൽ അതുവരെ മേധാവിത്വം പുലർത്തിയിരുന്ന യൂറോപ്യൻ രാജ്യങ്ങളാകട്ടെ യുദ്ധത്തിന്റെ അനന്തരഫലമായി വെട്ടിമുറിക്കപ്പെടുകയും സാമ്പത്തികമായി തളരുകയും ചെയ്തു. 1929 മുതൽ 1939 വരെ ലോകമെമ്പാടും രൂപംകൊണ്ട സാമ്പത്തിക മാന്ദ്യവും അമേരിക്കയ്ക്ക് പോറലേൽപ്പിച്ചില്ല. ചുരുക്കത്തിൽ 1950കളിൽ ആഗോള സമ്പത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരുന്നത് അമേരിക്കയിലായിരുന്നു.
ശീതയുദ്ധം
സോവ്യറ്റ് യൂണിയനിൽ നിന്നുമാത്രമാണ് ഈ കാലഘട്ടത്തിൽ അമേരിക്ക കാര്യമായ വെല്ലുവിളി നേരിട്ടത്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ അതിശക്തമായ മത്സരം ഉടലെടുത്തു. ലോകം രണ്ട് വൻ ശക്തികൾക്കു കീഴിലായി വിഭജിക്കപ്പെട്ടു. സോവ്യറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നിലനിന്നിരുന്ന കിടമത്സരത്തെ ‘ശീതയുദ്ധം’ എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. എന്നാൽ 1990കളിൽ സോവ്യറ്റ് യൂണിയൻ ശിഥിലമായതോടെ അമേരിക്കൻ ഐക്യനാടുകൾ ആഗോള പൊലീസായി വളർന്നു. സമസ്ത മേഖലകളിലും അമേരിക്കൻ അധീശത്വം നിലവിൽവന്നു. രാജ്യാന്തര പ്രശ്നങ്ങളിൽ അമേരിക്ക ഇടപെടാൻ തുടങ്ങി. മിക്കയിടങ്ങളിലും അമേരിക്കയുടെ ഇടപെടലുകൾ സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ
2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ തീവ്രവാദികൾ നടത്തിയ (സെപ്റ്റംബർ 11ലെ ഭീകരാക്രമണം) ആക്രമണമാണ് ഈ രാജ്യം നേരിട്ട കടുത്ത വെല്ലുവിളി. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക നടത്തിയ ഭീകരവാദത്തിനെതിരായ യുദ്ധം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന് അവസാനം കുറിച്ചു. അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ചില അമേരിക്കൻ കമ്പനികളുടെ തകർച്ചക്ക് ഇടയാക്കി. 2009ൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി ബറാക്ക് ഒബാമ അധികാരമേറ്റു. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അമേരിക്ക നടത്തിയ ആക്രമണങ്ങളെ എതിർക്കാൻ ഭൂമുഖത്ത് ആരും തന്നെയില്ല എന്നത് ഈ നൂറ്റാണ്ടിലും അവരുടെ ആധിപത്യത്തിന് അടിവരയിടുന്നു.[അവലംബം ആവശ്യമാണ്]
ഭൂമിശാസ്ത്രം
അമേരിക്കൻ ഐക്യനാടുകളുടേ പ്രത്യേകത അതിന്റെ ഭൂപ്രകൃതിയാണ്. അലാസ്കയും ഹാവായിയും ഉൾപ്പെടേ ആകെ വിസ്തൃതി 9,629,091ചതുരശ്ര കിലോമീറ്റർ. റഷ്യ ഒഴികെയുള്ള യൂറോപ്പിന്റെ വിസ്തൃതി ഇതിന്റെ പകുതിയേ വരൂ. ടെക്സാസ് എന്ന സംസ്ഥാനത്തിൻ ഇംഗ്ലണ്ടിന്റെ ഇരട്ടി വലിപ്പമുണ്ട്. എന്നാൽ ഒരു രാജ്യത്തിന്റെ വിസ്തൃതി മാത്രം നോക്കി ആരും അങ്ങോട്ട് കുടിയേറാറില്ല. അമേരിക്കയൂടെ സമശീതോഷ്ണ വും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്.
അമേരിക്കൻ ഐക്യനാടുകളിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യൻവടക്ക് കാനഡ,(അതിർത്തി-3000 മൈൽ) തെക്ക് മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ കരാതിർത്തികൾ. റഷ്യ, ബഹാമാസ് എന്നീ രാജ്യങ്ങളുമായി ജലാതിർത്തിയുമുണ്ട്. കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന് 1500 മൈൽ നീളമുണ്ട്. പടിഞ്ഞാറ് പസഫിക് മഹാസമുദ്രം, ബെറിങ്ങ് കടൽ, വടക്കു കിഴക്ക് ആർട്ടിക് മഹാസമുദ്രം, കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിലായി അറ്റ്ലാന്റിക് മഹാസമുദ്രം, മെക്സിക്കൻ കടൽ, കരീബിയൻ കടൽ എന്നിവയാണ് പ്രധാന സമുദ്രാതിർത്തികൾ. 50 സംസ്ഥാനങ്ങളിൽ 48 എണ്ണവും കാനഡയ്ക്കും മെക്സിക്കോ യ്ക്കുമിടയിലുള്ള ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഈ 48 സംസ്ഥാനങ്ങളിൽ നിന്ന് അകലെ വടക്കുപടിഞ്ഞാറായാണ് അലാസ്കയുടെ സ്ഥാനം. കാനഡ അലാസ്കയെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേർതിരിക്കുന്നു. പസഫിക് മഹാസമുദ്രത്തിലുള്ള ദ്വീപു സമൂഹമാണ് മറ്റൊരു സംസ്ഥാനമായ ഹവായി. ഭൂപ്രകൃതിയുടെ വ്യത്യാസങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ് അമേരിക്കൻ ഐക്യനാടുകൾ. അതിശൈത്യ പ്രദേശങ്ങൾ, തടാകപ്രദേശങ്ങൾ, പീഠഭൂമികൾ, മരുഭൂമികൾ, മഴക്കാടുകൾ, മലനിരകൾ എന്നു തുടങ്ങി ഭൂപ്രകൃതിയുടെ എല്ലാ വിഭാഗങ്ങളും ഇവിടെ കൈകോർക്കുന്നു. മൂന്ന് ലക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഒന്ന്, അപ്പലേച്യൻ പർവ്വത നിര, കിഴക്കേ കടൽ അതിർത്തിയുടെ അത്ര തന്നെ പരന്നു കിടക്കുന്നു. രണ്ട്, ഈ പർവ്വത്നിർക്ക് പടിഞ്ഞാറുള്ള മിസ്സിസ്സിപ്പി നദിയുടെ താഴ്വാരങ്ങൾ മുന്നാമത്, ഈ താഴ്വാരത്തിനും പടിഞ്ഞാറെ തീരത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന റോക്കീസ് പർവ്വത നിരകൾ. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ്. ഇതിലെ തന്നെ ചില കൊടുമുടികൾ 14000 അടിയോളം ഉയരമുള്ളവയാണ്. അലാസ്കയും ഹാവയിയും ഒഴിച്ചുള്ള പ്രദേശങ്ങൾ സമശീതോഷ്ണ മേഖലയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ 24 ഡിഗ്രിയോളം അക്ഷാംശ പരിധിയും 35 ഡിഗ്രിയോളം രേഖാംശ പരിധിയും ഉള്ളതിനാൽ ഒരേ കാലത്ത് തന്നെ ഒരു ഭൂഭാഗത്ത് മഞ്ഞും മറ്റൊരിടത്ത് അത്യുഷണവും അനുഭവപ്പെടുന്നു.
കാലാവസ്ഥ
ഭൂപ്രകൃതിയിലെ വ്യത്യാസം മൂലം കാലാവസ്ഥയിലും ഏകീകൃത സ്വഭാവമില്ല.തെക്കൻ സംസ്ഥാനങ്ങളധികവും(ഉദാ:ഫ്ലോറിഡ, അരിസോണ) ഉഷ്ണമേഖലകളാണെങ്കിൽ വടക്ക് അലാസ്കയിലെത്തുമ്പോൾ അതിശൈത്യമായി. തെക്കും പസഫിക് തീരത്തുമുള്ള സംസ്ഥാനങ്ങളിലൊഴികെ മിക്കയിടങ്ങളിലും ഈർപ്പം കുറഞ്ഞ അന്തരീക്ഷവുമാണ്. ഫ്ലോറിഡ, ടെക്സാസ്, ലൂസിയാന, ന്യൂമെക്സിക്കോ, അരിസോണ, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്നു. ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ നിന്നും രൂപം കൊള്ളുന്ന ചുഴലിക്കാറ്റാണ് കാലാവസ്ഥയുടെ ഗതി മാറ്റുന്ന മറ്റൊരു പ്രധാന ഘടകം. വർഷത്തിൽ പത്തിലേറെത്തവണ ഇത്തരം ചുഴലിക്കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നുണ്ട്.
ഭരണക്രമം
പ്രസിഡന്റ് കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ് അമേരിക്ക. അമേരിക്കൻ ഭരണക്രമത്തെ മൂന്നായി തിരിക്കാം. ഫെഡറൽ ഗവൺമെന്റുകൾ, സംസ്ഥാന ഗവൺമെന്റുകൾ, പ്രാദേശിക ഗവൺമെന്റുകൾ. മൂന്നു തലങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് ആളെ കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അമേരിക്കയെ വിശേഷിപ്പിക്കാമെങ്കിലും സാർവത്രിക വോട്ടവകാശം ഏറെ വൈകിയാണ് ഇവിടെ നടപ്പാക്കിയത് എന്നതു വിസ്മരിച്ചുകൂടാ. തുടക്കത്തിൽ വെള്ളക്കാർക്കു മാത്രമായിരുന്നു വോട്ടവകാശം. 1870-ൽ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്തവർക്കും വോട്ടവകാശം നൽകി. സ്ത്രീകൾക്ക് വോട്ടവകാശത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. കുറ്റവാളികൾക്ക് ഇന്നും വോട്ടവകാശമില്ല.
ഫെഡറൽ ഗവൺമെന്റ്
ഫെഡറൽ ഗവൺമെന്റിനെ (കേന്ദ്ര ഗവൺമെന്റ്) മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമനിർമ്മാണ വിഭാഗം, ഭരണ നിർവഹണ വിഭാഗം, നീതിന്യായ വിഭാഗം. യഥാക്രമം പ്രതിനിധി സഭ(ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ്), പ്രസിഡന്റ്, സുപ്രീം കോടതി എന്നിവയാണ് ഇവയെ നയിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, നാണയം, സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെ ഏകോപനം, പൗരാവകാശ സംരംക്ഷണം എന്നീ ചുമതലകളാണ് ഭരണഘടന ഫെഡറൽ ഗവൺമെന്റിനു നൽകുന്നത്. മറ്റെല്ലാ പ്രധാന അധികാരങ്ങളും സംസ്ഥാന ഗവൺമെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാൽ സാമൂഹിക ക്ഷേമം വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും ഫെഡറൽ അധികാര സീമ ചിലപ്പോൾ വ്യാപിക്കാറുണ്ട്.
ന്യൂയോർക് നഗരത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റാച്യു ഒഫ് ലിബെർറ്റി അമേരിക്കയുടേയും ആ രാഷ്ട്രത്തിന്റെ ആദർശങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, അവസരം എന്നിവയുടെ പ്രതീകമാണ്.
സംസ്ഥാന ഗവൺമെന്റുകൾ
ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് സംസ്ഥാന ഗവൺമെന്റുകളാണ്. ഓരോ സംസ്ഥാനത്തിനും സ്വന്തം ഭരണഘടനയും നിയമസംഹിതകളുമുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ഭരണഘടനകൾ തമ്മിൽ പ്രകടമായ അന്തരവുമുണ്ട്. ഉദാഹരണത്തിന് കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിൽ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള സംവിധാനമുണ്ട്. നിയമവാഴ്ച, സമ്പത്ത്, വിദ്യാഭ്യാസം എന്നിവയിലും ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഗവർണറാണ് സംസ്ഥാന ഭരണത്തലവൻ. നെബ്രാസ്ക ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ദ്വൈമണ്ഡല നിയമനിർമ്മാണ സഭയാണ്.
പ്രാദേശിക ഗവൺമെന്റുകൾ
സംസ്ഥാന ഗവൺമെന്റുകൾക്കു താഴെയായി കൌണ്ടി, സിറ്റി, ടൌൺ എന്നിങ്ങനെ പ്രാദേശിക ഭരണ സംവിധാനങ്ങളുണ്ട്. ഗതാഗത നിയന്ത്രണം, ജലവിതരണം എന്നിങ്ങനെയുള്ള ചുമതലകളാണ് പ്രധാനമായും പ്രാദേശിക ഗവൺമെന്റുകൾക്കുള്ളത്.
കുറ്റകൃത്യങ്ങൾ
1994ലെ കണക്കനുസരിച്ച് ഓരോ 17 സെക്കന്റിലും ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഇവിടെ ഓരോ ദിവസവും 1871 സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നതായി സ്ഥിതി വിവരക്കണക്കുകൾ സൂചിപ്പിക്കുന്നു