BhutanCountryEncyclopedia

ഭൂട്ടാന്റെ ഏകീകരണം

ചരിത്രത്തിലാദ്യമായി ഭൂട്ടാന്‍ രാഷ്ട്രീയമായി ഏകീകരിക്കപ്പെടുന്നത്. 17 ആം നുറ്റാണ്ടിലാണ്. ടിബറ്റില്‍ നിന്നുള്ള ആത്മീയ നേതാവായ ഗാവാങ് നാംഗ്യാലിന്റെ ശ്രമഫലമായിരുന്നു ഇത്.
ഷാബ്ഡ്രൂങ് എന്ന സ്ഥാനപ്പേരിലാണ് ഗാവാങ് നാംഗ്യാല്‍ അറിയപ്പെട്ടത്. പ്രസിദ്ധനായ ഡ്രൂക്പാ പണ്ഡിതന്‍ പേമകാര്‍പോയുടെ പുനര്‍ജ്ജന്മമാണ് നംഗ്യാല്‍ എന്ന് ജനങ്ങള്‍ വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നാംഗ്യാലിന്റെ അധികാരം ടിബറ്റില്‍ നില നിന്നിരുന്നത്. ഭൂട്ടാനില്‍ പരസ്പരം വഴക്കിട്ടു കഴിഞ്ഞിരുന്ന വിവിധപ്രദേശങ്ങളെ ഒന്നിപ്പിച്ച് ഒരു ഭരണത്തില്‍ കീഴില്‍ കൊണ്ടുവരാന്‍ ഗാവാങ് നാംഗ്യലിനു കഴിഞ്ഞു.
ഭരണത്തെ ആത്മീയവും മതേതരവുമായി വേര്‍തിരിക്കുന്ന ദ്വിഭരണസമ്പ്രദായമാണ് ഗാവാങ് നാംഗ്യാല്‍ സ്വീകരിച്ചത്. രാജ്യമെമ്പാടും കോട്ടകള്‍ പോലെ സോങ്ങുകള്‍ ഉണ്ടാക്കിയത് നാംഗ്യാലാണ്. ഓരോ പ്രദേശത്തേയും വിഹാരങ്ങളും ഭരണകേന്ദ്രങ്ങളും സോങ്ങുകളിലായിരുന്നു.ചുരുക്കം പറഞ്ഞാല്‍ ജനങ്ങളുടെ രക്ഷാകേന്ദ്രമായിരുന്നു സോങ്ങുകള്‍.
നേപ്പാളിലും ടിബറ്റിലും ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ നയതന്ത്രവിദഗ്ദന്‍ കൂടിയായ നംഗ്യാലിനു കഴിഞ്ഞു.1854-56 കാലഘട്ടത്തിലെ നേപ്പാള്‍-ടിബറ്റ്‌ യുദ്ധം വരെ ഇവയുടെ നിയന്ത്രണം ഭൂട്ടാനായിരുന്നു.
മധ്യപടിഞ്ഞാറന്‍ ഭൂട്ടാന്റെ ഏകീകരണം കാണാന്‍ നംഗ്യാല്‍ ജീവിച്ചിരുന്നില്ല.1651 ല്‍ അദ്ദേഹം അന്തരിച്ചു.അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാണ് ഏകീകരണം സാധ്യമായത്.