EncyclopediaWild Life

കണ്ടാല്‍ പാവം ആമ; ഹെനോഡസ്

കണ്ടാല്‍ നമ്മുടെ ആമയുടെ ആകൃതി. നീണ്ട കഴുത്തും അതിന്റെ അറ്റത്ത് പരന്ന തലയും. ചീങ്കണ്ണിയുടേത് പോലെ തള്ളി നില്‍ക്കുന്ന കണ്ണുകള്‍. പരന്ന വീതിയുള്ള ഉളി പോലെയുള്ള പല്ലുകള്‍. കടലിന്റെ അടിത്തട്ടിലായിരുന്നു ഹെനോഡസ് എന്ന ഈ ഭീമന്‍ ജീവിയുടെ വാസം. ആമയെ പ്പോലെ വെജിറ്റെറിയനല്ല പക്ഷെ ഹെനോഡസ്. കടലിനടിയില്‍  ഇഴഞ്ഞു നടക്കുന്ന കക്കകളും ചിപ്പികളും കട്ടിയേറിയ പുറന്തോടുള്ള മറ്റു ജീവികളുമാണ് ഹെനോഡസ് എന്ന വേട്ടക്കാരന്റെ ഇഷ്ടഭോജ്യം.

 കടല്‍ത്തട്ടിലൂടെ തെന്നിത്തെന്നി സഞ്ചരിക്കുന്ന ഹെനോഡസിന് നമ്മുടെ ആമച്ചാരുടെ ആകൃതിയുണ്ടെങ്കിലും ആമയുമായി ഒരു ബന്ധവുമില്ല. ദേഹം മുഴുവന്‍ കനത്ത കവചം കൊണ്ട് മൂടിയിരിക്കുന്നത് കണ്ടാല്‍ കടലാമയെന്നു തോന്നാമെങ്കിലും ഇവ കടലിലെ പുരാതന ഉരഗങ്ങളില്‍പ്പെട്ട പ്ലക്കോഡോണ്ട്സ് വര്‍ഗ്ഗക്കാരാണെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. കടലിലെ ഈ ഭീമന്‍ ഏതാണ്ട് 22 കോടി വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നത്. ഇപ്പോഴത്തെ യൂറോപ്പിന് സമീപമുള്ള കടലിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്.