ആമയും കൂട്ടരും
തലയും കൈയും കാലും പുറന്തോടിന്റെ ഉള്ളിലേക്ക് വലിക്കാനാവുമെന്നതാണല്ലോ ആമകളുടെ പ്രത്യേകത.എന്നാല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ആദ്യത്തെ ആമയ്ക്ക് ഇതിനു കഴിയില്ലായിരുന്നത്രേ! മാത്രമല്ല അക്കാലത്ത് ആമകള്‍ക്ക് വായില്‍ പല്ലുണ്ടായിരുന്നുവെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.പിന്നീട് അനേകം വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ പരിണാമത്തിന്റെ ഫലമായി ആമകള്‍ക്ക് പല്ലുകള്‍ നഷ്ടമായി. പകരം.ഭക്ഷണം കടിച്ചു മുറിക്കാന്‍ പറ്റിയ കരുത്തുറ്റ ചുണ്ടുകള്‍ ലഭിച്ചു.
കരയിലും വെള്ളത്തിലും കഴിയുന്ന ആമകളുണ്ട്. കരയില്‍ കഴിയാനിഷ്ടപ്പെടുന്നവയാണ് കരയാമകള്‍ അഥവാ ടോര്‍ടോയ്സുകള്‍.
വെള്ളത്തില്‍ കഴിയാനിഷ്ടപ്പെടുന്ന ആമകള്‍ രണ്ടു തരമുണ്ട്. കടലാമകളും ശുദ്ധജല ആമകളും.കടലില്‍ കഴിയുന്നവയാണ് കടലാമകള്‍. മുട്ടയിടാനായി മാത്രമേ ഇവ കരയില്‍ എത്താറുള്ളൂ. ഏറെ സമയവും വെള്ളത്തില്‍ കഴിയുന്നതിനാല്‍ നന്നായി നീന്തുന്നതിന് യോജിച്ച വിധം അവയുടെ കാലുകള്‍ തുഴ പോലെ പരന്നവയാണ്.ടര്‍ട്ടില്‍ എന്നാണ് കടലാമയുടെ ഇംഗ്ലീഷ് പേര്. ശുദ്ധ ജലത്തില്‍ കഴിയുന്ന ആമകളാണ് ശുദ്ധജല ആമകള്‍ അഥവാ ടെറാപെയ്ന്‍സ്’.
ആമകളില്‍ ചിലത് തീരെ ചെറുതാണ്.എന്നാല്‍ മറ്റു ചിലതാകട്ടെ ഭീമാകാരന്മാരും. കടലാമകളില്‍ ഏറ്റവും വലുത് ലതര്‍ ബാക്ക് ടര്‍ട്ടില്‍ ആണ്. 800 കിലോ വരെ ഭരമുണ്ടാകാറുണ്ട് ഇവയ്ക്ക്.
ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലാണ് കരയമാകളിലെ ഭീമന്മാരെ കാണുന്നത്. ഇവയുടെ പേരും ഗാലപ്പഗോസ് ആമകള്‍ എന്ന് തന്നെ.
പൊതുവേ ഇരുണ്ട ചാരനിറമോ മങ്ങിയ കറുപ്പ് നിറമോ ആണ് ആമകള്‍ക്ക്. എങ്കിലും പലവിധ വര്‍ണങ്ങളാല്‍ മനോഹരമായ ദേഹമുള്ള ആമകളുമുണ്ട്. ചിലതില്‍ പുറംതോടിലാണ് അലങ്കാരപ്പണികള്‍ കാണുന്നത്. മറ്റു ചിലതില്‍ തലയിലും.
റെഡ് ഇയേഴ്സ്’ എന്നറിയപ്പെടുന്ന ശുദ്ധജലആമകള്‍ക്ക് കണ്ണിനു പിറകില്‍ മഞ്ഞയോ ഓറഞ്ചോ നിറത്തില്‍ വീതിയേറിയ ഒരു വരയുണ്ട്. ‘റേഡിയേറ്റഡ് ടോര്‍ട്ടോയ്സ്’, സ്റ്റാര്‍ ടോര്‍ട്ടോയ്സ്’ എന്നിവയില്‍ ത്രികൊണാകൃതിയിലും നക്ഷത്രാകൃതിയിലും തോടിനു പുറത്ത് പൊങ്ങി നില്‍ക്കുന്ന ഭാഗങ്ങള്‍ കാണാം. കടും മഞ്ഞ നിറത്തിലുള്ള ഇതില്‍ അലങ്കാരപ്പണികളുമുണ്ടാകും. കേരളത്തില്‍ തേക്കടിയിലും മറ്റും അപൂര്‍വമായി സ്റ്റാര്‍ടോര്‍ട്ടോയിസുകളെ കണ്ടെത്തിയിട്ടുണ്ട്.ഗുജറാത്ത് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഇവയെ ധാരാളമായി വിദേശത്തേക്ക് കടത്തി കൊണ്ട് പോകാറുണ്ട്.
പാമ്പിനെപ്പോലെ കഴുത്ത് നീണ്ട ആമകളാണ് ന്യൂഗിനിയയില്‍ കാണുന്ന സ്നേക്ക് നേക്കഡ് ടര്‍ട്ടില്‍. ദക്ഷിണാഫ്രിക്കയിലെ പാരറ്റ് ബീക്ക്ഡ് ടോര്‍ടോയിസിനാകട്ടെ ചുണ്ടിനാണ് പ്രത്യേകത. തത്തയെപ്പോലെ കൂര്‍ത്തു വളഞ്ഞ ചുണ്ടാണിവയ്ക്ക്. ലോകത്ത് പലയിടത്തും ആമകളും അവയുടെ മുട്ടകളും ഇഷ്ടവിഭാവങ്ങളാണ്. ശുദ്ധജല ആമകളെ ഇതിനായി പിടികൂടാറുണ്ട് എങ്കിലും വ്യാപകമായി വേട്ടയാടപ്പെടുന്നത് കടലാമകളാണ്. വലിപ്പക്കൂടുതലാണ് ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഗ്രീന്‍ ടര്‍ട്ടില്‍’ എന്ന കടലാമകളാണ് നമ്മുടെ നാട്ടില്‍ ഇരച്ചിക്കായി വന്‍തോതില്‍ വേട്ടയാടപ്പെടുന്നത്.