EncyclopediaGeneralTrees

മഞ്ഞൾ

ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ. ഇംഗ്ലീഷിൽ ‘ടർമറിക്’(Turmeric) ഹിന്ദിയിൽ ‘ഹൽദി‘എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ (Curcumin)എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭാരതത്തിലെ പല ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.