മലക്കങ്കാരു, മരകങ്കാരു!
മാക്രോപ്സ് വിഭാഗത്തിലെ ചെറിയ കൂട്ടരാണ് വല്ലൊരു യൂറോ അല്ലെങ്കില്‍ മലകങ്കാരു എന്നും ഇക്കൂട്ടരെ വിളിക്കാറുണ്ട്. ഓസ്ട്രേലിയയില്‍ എവിടെയും ഇക്കൂട്ടരെ കാണാം. എന്നാല്‍ വലിയ പാറക്കെട്ടുകളിലും മലകളുടെ മുകളിലും പാറക്കല്ലുകളുടെ കൂമ്പാരത്തിലുമൊക്കെയാണ് കൂടുതലായി കാണുക.
മലമുകളിലെ പാറകളില്‍ ധാരാളമായി കാണുന്നത് കൊണ്ടാണ് മലക്കങ്കാരു എന്നു അവയ്ക്കു പേര് കിട്ടിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ പകല്‍ സമയം അവ വിശ്രമിക്കും.അങ്ങനെ അവിടുത്തെ കടുത്ത ചൂടില്‍ നിന്നു രക്ഷപ്പെടുമ്പോള്‍ ഇരതേടി പുറത്തിറങ്ങും.
പുല്ലും ഇലയുമാണ് പ്രധാനലക്ഷണം. കങ്കാരുവിനെപ്പോലെ എഴുന്നേറ്റു നില്‍ക്കാനും ചാടിച്ചാടി നീങ്ങാനും അവയ്ക്ക് കഴിയും. കൈകള്‍ ചുരുട്ടിപ്പിടിച്ച് നില്‍ക്കുകയും ചെയ്യും. ഒന്നരമീറ്റര്‍ വരെ നീളം വരുന്ന മലകങ്കാരുവിന്റെ കൂടിയ ഭാരം 47 കിലോഗ്രാമാണ്. വാലിനു ഒരു മീറ്ററോളം നീളം ഉണ്ടാകും.
മരങ്ങളില്‍ ചാടിച്ചാടി നടക്കാന്‍ കഴിയുന്ന വിരുതനാണ് മരകങ്കാരു. മരകങ്കാരുക്കള്‍ തന്നെ പത്തു തരക്കാര്‍ ഉണ്ട്. അവയില്‍ ഏറ്റവും വലിപ്പം കൂടിയ കൂട്ടര്‍ ഡോറിയാസ് ട്രീ കങ്കാരു എന്നറിയപ്പെടുന്ന മരങ്ങളില്‍ ഓരോ കാലുകള്‍ മുന്നോട്ടു വച്ച് നീങ്ങാന്‍ മരകങ്കാരുവിന് കഴിയും.ഒരേ നീളമുള്ള നാലുകാലുകളും മുന്നോട്ടുവച്ച് ഇങ്ങനെ നീങ്ങുമ്പോള്‍ ശരീരത്തിന്‍റെ ബാലന്‍സ് പോകാതെ സംരക്ഷിക്കുന്നത് അവയുടെ ഉടലിനേക്കാള്‍ വാലാണ്.
സഞ്ചിമൃഗങ്ങളിലെ സുന്ദരന്മാരാണ് ഇക്കൂട്ടര്‍. തവിട്ടു നിറത്തിന്റെയും ചുവപ്പു നിറത്തിന്റെയും വിവിധ ഷേഡുകള്‍ ഇക്കൂട്ടര്‍ക്ക് കാണാo. ഒപ്പം തിളങ്ങുന്ന മഞ്ഞനിറത്തില്‍ അടയാളങ്ങളും ഉണ്ടാകും. മരങ്ങളില്‍ പിടിച്ചു കയറുന്നതിനു ചെറിയ കരുത്തുള്ള കാലുകളും വിരലുകളില്‍ കൂര്‍ത്ത വലിയ നഖങ്ങളും അവയ്ക്കുണ്ട്. മരകങ്കാരുക്കളിലെ ചെറിയ കൂട്ടര്‍ ജീവിതകാലം മുഴുവന്‍ മരങ്ങളില്‍ തന്നെയാണ് കഴിയുക. മരങ്ങളില്‍ സാവധാനമേ അവ സഞ്ചരിക്കൂ. അതും വളരെ സൂക്ഷിച്ചാണ് ഓരോ ചുവടും വയ്ക്കുക. എന്നാല്‍ നിലത്ത് അവയ്ക്ക് വളരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.
വമ്പന്‍ മരകങ്കാരുവായ ഡോറിയാസ് ട്രീ കങ്കാരു കൂടുതല്‍ സമയവും മരത്തിലാണ് കഴിച്ചു കൂട്ടുക. ഇരതേടാനും അടുത്ത മരത്തിലേക്ക് കയറാനുമാണ് അവ നിലത്തിറങ്ങുക.
എന്നാല്‍ മരത്തിലെ ചില്ലകളിലേക്കും അടുത്തുള്ള മരത്തിലേക്കും അവ ചാടുകയാണ് ചെയ്യുക.ഒമ്പത് മീറ്റര്‍ വരെ ദൂരേക്ക് അവ ഇങ്ങനെ ചാടിയെത്തും നിലത്തായിരിക്കുമ്പോള്‍ അതിന്‍റെ ഇരട്ടിയും മുകളിലേക്കു ചാടാന്‍ അവയ്ക്ക് സാധിക്കും.
മരകങ്കാരുക്കളിലെ മിക്ക കൂട്ടരും ഒറ്റപ്പെട്ടു കഴിയാണിഷ്ടപ്പെടുന്നത്. വല്ലപ്പോഴും ചിലപ്പോള്‍ മാത്രം ശത്രുക്കള്‍ക്കെതിരെ സംഘം ചേര്‍ന്ന് ഇവര്‍ പൊരുതാറുണ്ട്.
ഇലകളും പഴങ്ങളുമാണ് ഇക്കൂട്ടരുടെ മുഖ്യഭക്ഷണം.51 മുതല്‍ 81 സെന്റിമീറ്റര്‍ വരെ വലിപ്പമുള്ളവയാണ് മരകങ്കാരുക്കള്‍,20 കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു.
ഒരു പ്രാവശ്യം ഒരു കുഞ്ഞാണ് സാധാരണയായി പിറക്കുക. അമ്മയുടെ സഞ്ചിക്കുള്ളിലെത്തുന്ന കുഞ്ഞു പാലുകുടിച്ച് പത്തുമാസം അവിടെ കഴിയും. പ്രായപൂര്‍ത്തിയായാല്‍ അതു പുറത്തിറങ്ങും.
ന്യൂഗിനിയയിലെ പര്‍വതങ്ങളിലും മഴക്കാടുകളിലുമാണ് ഇക്കൂട്ടര്‍ കാണപ്പെടുന്നത്. കാടുകള്‍ വെട്ടി നശിപ്പിക്കുന്നതും മാംസത്തിനു വേണ്ടി വേട്ടയാടുന്നതും ഇവയുടെ എണ്ണം വന്‍തോതില്‍ കുറയാന്‍ ഇടയാകുന്നു.