BhutanCountryEncyclopediaHistory

ടൂറിസം

1974 ജൂണ്‍ രണ്ടിന് നടന്ന ജിഗ്മേ സിംങ്ങേഗ്യെ വാങ് ചുക്കിന്റെ കിരീടധാരണച്ചടങ്ങോടെയാണ് ഭൂട്ടാന്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയാര്‍ഷിച്ചത്. അതിനു മുന്‍പ് രാജാവിന്റെയോ രാജകുടുംബത്തിന്റെയോ അതിഥിയായി മാത്രമേ വിദേശീയര്‍ ഇവിടെ എത്തിയിരുന്നുള്ളൂ. കിരീടധാരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിദേശികളെ അതിഥികളായി സ്വീകരിക്കുകയും പ്രത്യേക താമസസൗകര്യമേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ഈ താമസസ്ഥലങ്ങള്‍ മറ്റു സഞ്ചാരികള്‍ക്കും ലഭ്യമായി. ഇങ്ങനെയാണ് ഭൂട്ടാന്‍ ടൂറിസത്തിന്റെ തുടക്കം.
വര്‍ഷത്തില്‍ ഇരുനൂറ് സഞ്ചാരികളെയാണ് ആദ്യം സ്വീകരിച്ചിരുന്നത്. ഫീസ് ദിവസം ഏതാണ്ട് 5800 രൂപ. ഭൂട്ടാനില്‍ വിമാനത്തവളം ഇല്ലാതിരുന്നതിനാല്‍ അവിടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. ഇന്ത്യയില്‍ നിന്നും റോഡുമാര്‍ഗമാണ് ഭൂട്ടാനില്‍ പ്രവേശിക്കേണ്ടിയിരുന്നത്. ഇതിനുള്ള അനുമതി കിട്ടാന്‍ മാത്രം ആറാഴ്ചയോളം താമസം വേണ്ടി വന്നു.
1983 ല്‍ പാരോയില്‍ ആദ്യ എയര്‍പോര്‍ട്ട്‌ തുറക്കുകയും ഡ്രൂക് എയര്‍ ദേശീയ എയര്‍ലൈന്‍സ് ആയി നിശ്ചയിക്കുകയും ചെയ്തു. ഇതോടെ ടൂറിസ്റ്റുകള്‍ കൊല്‍ക്കത്തയില്‍ നിന്നും നേരിട്ട് എത്തിത്തുടങ്ങി.1991 ല്‍ സ്വകാര്യട്രാവല്‍ ഏജന്‍സികളും ടൂറിസം മേഖലയിലെത്തി.
ടൂറിസത്തെക്കാളേറെ തങ്ങളുടെ സംസ്കാരം കാത്തു സൂക്ഷിക്കാനിഷ്ടപ്പെടുന്ന രാജ്യമാണ് ഭൂട്ടാന്‍. അതുകൊണ്ട് തന്നെ ഭൂട്ടാന്‍ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായി.