തക്കാളി
Solanaceae സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമാണ്. ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം. തക്കാളി (Tomato). തെക്ക്, വടക്ക് അമേരിക്കൻ വൻകരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്.16-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ നിന്നു വന്നുചേർന്ന സഞ്ചാരികളാണ് യൂറോപ്പിൽ ആദ്യമായി തക്കാളി പ്രചരിപ്പിച്ചത്. യൂറോപ്പിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും കുടിയേറിപ്പാർത്തവർ തങ്ങളുടെ പുതിയ ആവാസ സ്ഥാനങ്ങളിൽ തക്കാളിക്കൃഷിയും ആരംഭിച്ചു എന്നു കരുതാം. ഇന്ത്യയിലാദ്യമായി തക്കാളി കൊണ്ടുവന്നതും പ്രചരിപ്പിച്ചതും പോർച്ചു ഗീസുകാരായിരുന്നു. തക്കാളിയുടെ ഫലം (തക്കാളിപ്പഴം) ലോകമെങ്ങും പ്രചാരത്തിലുള്ള ഭക്ഷ്യവിഭവമാണ്. ചൈന, യു.എസ്.എ., ടർക്കി, ഇന്ത്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് തക്കാളിയുത്പാദനത്തിൽ മുന്നിട്ടു നിൽക്കുന്നത്.
പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്.
പത്തു മുതൽ 25 സെന്റീമീറ്റർ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടിൽ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികൾ കൃഷി ചെയ്യപ്പെടുന്നുണ്ട്. വളരെ വലിപ്പം കുറഞ്ഞ ഒരിനം തക്കാളി പീരുമേട് താലൂക്കിൽ പലയിടത്തും കണ്ടു വരുന്നു. കറിയ്ക്ക് ഉപയോഗിക്കുന്ന, കുട്ടിത്തക്കാളി എന്നറിയപ്പെടുന്ന ഈയിനം എന്നാൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നില്ല.