മൊസാംബിക്ക്
തെക്കുകിഴക്കേ ആഫ്രിക്കയിൽ ഉള്ള ഒരു രാജ്യമാണ് മൊസാംബിക്ക് (ഔദ്യോഗികനാമം: റിപ്പബ്ലിക്ക് ഓഫ് മൊസാംബിക്ക്) (പോർച്ചുഗീസ്: Moçambique അഥവാ റിപബ്ലിക്കാ ദ് മൊസാംബിക്ക്, ഉച്ചാരണം). ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), റ്റാൻസാനിയ (വടക്ക്), മലാവി, സാംബിയ (വടക്കുപടിഞ്ഞാറ്), സിംബാബ്വെ (പടിഞ്ഞാറ്), സ്വാസിലാന്റ്, സൌത്ത് ആഫ്രിക്ക (തെക്കുപടിഞ്ഞാറ്) എന്നിവയാണ് മൊസാംബിക്കിന്റെ അതിരുകൾ. വാസ്കോ ഡ ഗാമ 1498-ൽ ഇവിടെ കപ്പൽ ഇറങ്ങി. 1505-ൽ മൊസാംബിക്ക് ഒരു പോർച്ചുഗീസ് കോളനിയായി. 1510-ഓടെ കിഴക്കേ ആഫ്രിക്കൻ തീരത്തെ മുൻ അറബ് സുൽത്താനൈറ്റുകൾ എല്ലാം പോർച്ചുഗീസ് നിയന്ത്രണത്തിലായി. 1500 മുതൽ തന്നെ കിഴക്കോട്ടുള്ള കപ്പൽ പാതകളിൽ മൊസാംബിക്കിലെ പോർച്ചുഗീസ് തുറമുഖങ്ങളും വാണിജ്യകേന്ദ്രങ്ങളും കപ്പലുകൾ സ്ഥിരമായി അടുപ്പിക്കുന്ന സ്ഥലങ്ങളായിരുന്നു.
കമ്യൂണിറ്റി ഓഫ് പോർച്ചുഗീസ് ലാങ്ഗ്വജ് കണ്ട്രീസ്, കോമൺവെൽത്ത് ഓഫ് നേഷൻസ് എന്നീ സംഘടനകളുടെ അംഗമാണ് മൊസാംബിക്ക്. മൂസ അലെബിക്ക് എന്ന സുൽത്താന്റെ പേരിൽ നിന്നാണ് മൊസാംബിക്ക് എന്ന പേര് ഉണ്ടായത്.