ഇസബെല്ലയിലേക്ക്
കത്തിച്ചാമ്പലായ നാവിദാദ് കോട്ടയുടെ സമീപത്തിരുന്നപ്പോള്‍ കൊളംബസിന് ഒരു കാര്യം മനസ്സിലായി. ഇനി ഇവിടം സുരക്ഷിതമല്ല. ഏതു നിമിഷവും ദ്വീപുകാര്‍ വീണ്ടും ആക്രമിച്ചേക്കാം.’ ആലോചിച്ചു നില്‍ക്കാന്‍ ഒട്ടും സമയം ഉണ്ടായിരുന്നില്ല. കാരണം, കപ്പലിലും ആളുകള്‍ ബഹളം കൂട്ടിത്തുടങ്ങിയിരുന്നു.
കടല്‍ജീവിതം പരിചയമില്ലാത്ത ധാരാളം പേരുണ്ട് കപ്പലില്‍. കരയിലെത്താത്തതിന്റെ നിരാശയിലാണവര്‍. അവസാനം കൊളംബസ് ഒരു തീരുമാനമെടുത്തു. ഹിസ്പാനിയോളയുടെ തീരക്കടലിലൂടെ കപ്പലോടിക്കുക. അടുക്കാന്‍ പറ്റിയ കര കാണുമ്പൊള്‍ ഇറങ്ങാം. യാത്രയ്ക്കൊടുവില്‍ താമസമാക്കാന്‍ പറ്റിയ ഒരിടം അവര്‍ കണ്ടെത്തി. ഇസബെല്ല’ എന്നാണ് ഈ സ്ഥലത്തിന് കൊളംബസ് പേരിട്ടത്. സ്പെയിനിലെ രാജ്ഞ്ഞിയോടുള്ള ബഹുമാനസൂചകമായിട്ടായിരുന്നു ഈ പേരിടല്‍.
ദ്വീപിലിറങ്ങിയ ആളുകള്‍ പതുക്കെ കാടുവെട്ടിത്തെളിച്ച് താമസിക്കാന്‍ സൗകര്യമുണ്ടാക്കിത്തുടങ്ങി. ഈ സമയത്ത് കൊളംബസ് ഇസബെല്ലയുടെ ഉള്‍പ്രദേശങ്ങളിലേക്ക് യാത്രകള്‍ നടത്തി. സ്വര്‍ണ്ണശേഖരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം പക്ഷെ നിരാശയായിരുന്നു ഫലം.
മടങ്ങിയെത്തിയ കൊളംബസിനെ ദ്വീപിലെ അവസ്ഥ രോഷാകുലനാക്കി. ഒരു പണികളും കൃത്യമായി നടന്നിട്ടില്ല. മടി പിടിച്ചിരുന്നവരെ അദ്ദേഹം കഠിനമായി ശിക്ഷിച്ചു. തന്റെ ഇളയ സഹോദരനെ ദ്വീപിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കുകയും ചെയ്തു.