തൃശ്ശൂർ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്.
ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ്. നഗര ഹൃദയത്തിലെ മുന്ന് ശിവക്ഷേത്രങ്ങളായ ഭാരതത്തിലെ തന്നെ 108 ശിവക്ഷേത്രങ്ങളിൽ ഉൾപെട്ട അശോകേശ്വരം ശിവ ക്ഷേത്രം, വടക്കുംനാഥ ശിവക്ഷേത്രം, ഇരട്ടച്ചിറ ശിവ ക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങളുടെ സമന്വയമായി തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു. തിരു (തമിഴിലെ ബഹുമാന പദം) ശിവന്റെ (വടക്കുംനാഥനെ ഉദ്ദേശിച്ച്) പേരൂർ/പെരിയഊര് -തിരുശിവപേരൂർ- എന്ന പദം കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നായി മാറുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1947 ജൂലൈ 14 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും യും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ തമ്പുരാനാണ് നഗരശില്പി. തൃശ്ശൂർ നഗരത്തിന്റെ സുപ്രധാന മാറ്റങ്ങൾക്ക് രാമവർമ്മ കുടുബത്തിലെ പാറുക്കുട്ടി നേത്യാരമ്മയും പങ്കു വഹിച്ചിട്ടുണ്ട്. പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു. നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.
കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ ഉള്ള വടക്കുംനാഥൻ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയുന്നതും തൃശ്ശൂരിലെ കൊടുങ്ങലൂരിലാണ്. കൂടാതെ ഇന്ത്യയിലെ തന്ന പ്രത്യക ആചാരമായ കേരളത്തിലെ കോഴിക്കല്ല് മൂടലും അശ്വതികാവ് തീണ്ടലും ആചാരമുള്ള കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം കൊടുങ്ങല്ലൂരിലും. റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളിയും ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്. എടുത്തു പറയാവുന്ന ആരാധനാലയങ്ങൾ ആയ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, പാലയൂർ പള്ളി, ഇരുനിലംകോട് ശിവക്ഷേത്രം, ഉത്രാളിക്കാവ്, നെല്ലുവായ ധന്വന്തരീക്ഷേത്രം ഇവയെല്ലാം തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സംപ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽത്തീരം 20 കിലോമീറ്റർ അകലെയുള്ള വാടാനപ്പള്ളി കടൽത്തീരമാണ്.