CountryEncyclopediaHistory

തോമസ്‌ ജെഫേഴ്സണ്‍

അമേരിക്കന്‍ സ്വതന്ത്ര്യ സമരത്തിന്‍റെ മുന്‍നിരയില്‍ ഒരു യുവാവുണ്ടായിരുന്നു. പ്രസംഗിക്കാന്‍ അത്ര മിടുക്കനൊന്നുമല്ല. പക്ഷേ എഴുതും; ശക്തവും വ്യക്തവുമായി അതു കൊണ്ട് തന്നെ അമേരിക്കന്‍ സ്വതന്ത്ര്യ പ്രഖ്യാപനത്തിന്റെ കരടുരൂപം എഴുതിയുണ്ടാക്കാന്‍ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയത്. അമേരിക്കയുടെ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിച്ച ആ യുവാവാണ് തോമസ്‌ ജെഫേഴ്സണ്‍. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റ്.
ഭൂവുടമയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ കേണല്‍ പീറ്റര്‍ ജെഫേഴ്സണിന്റെ പുത്രനായി 1743 ഏപ്രില്‍ 13-ന് ജനിച്ചു. ജീന്‍ റാന്‍ഡോള്‍ഫ് ആയിരുന്നു മാതാവ്. വില്യം ആന്‍റ്മേരി കോളേജില്‍ ശാസ്ത്രവും പഠിച്ചു. പിന്നീട് നിയമവും പഠിക്കുകയുണ്ടായി.
33-ആം വയസിലാണ് ജെഫേഴ്സണ്‍ അമേരിക്കന്‍ സ്വതന്ത്ര്യപ്രഖ്യാപനത്തിന്‍റെ കരട് തയാറാക്കിയത്. പിന്നീട് പല നിയമങ്ങളും അദ്ദേഹം എഴുതിയുണ്ടാക്കുകയുണ്ടായി. മതസ്വാതന്ത്ര്യനിയമം ഇതില്‍ പ്രധാനമാണ്.
ഫ്രഞ്ചുവിപ്ലവത്തോട് അനുഭാവമുള്ള നേതാവായിരുന്നു ജെഫേഴ്സണ്‍. ഈ കാരണത്താല്‍ 1793-ല്‍, വാഷിംഗ്‌ടണ്‍ മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കേണ്ടി വന്നു. കേന്ദ്രീകൃതമായ ഭരണസമ്പ്രദായത്തെ എതിര്‍ത്ത ജെഫേഴ്സണ്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
1800-ലും 1804 ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യകാലത്ത് പല പരിഷ്കാരങ്ങളും നടത്തി ജനപിന്തുണ വര്‍ധിപ്പിച്ചു. പക്ഷേ രണ്ടാം തവണ അദ്ദേഹത്തിന്‍റെ ജനപ്രീതിക്ക് ഇടിവ് തട്ടി. ഫ്രാന്‍സും ബ്രിട്ടനും തമ്മിലുള്ള യുദ്ധം അമേരിക്കന്‍ വാണിജ്യത്തെ ബാധിച്ചതാണ് അദ്ദേഹത്തിനു വിനയായത്.
1826 ജൂലൈ 4-നു അന്തരിച്ചു.