തിലകൻ
മലയാളചലച്ചിത്രരംഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മക്കളായ ഷമ്മിതിലകൻ ,ഷോബി തിലകൻ ചലച്ചിത്ര-സീരിയൽ,ഡബ്ബിങ് കലാകാരന്മാരും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
ജീവിതരേഖ
പി.എസ്.കേശവൻ-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.