തിയഡോര്‍ റൂസ് വെല്‍റ്റ്
‘വിവാഹച്ചടങ്ങില്‍ അദ്ദേഹം ചെന്നാല്‍ വധുവാകും; ശവസംസ്കാരച്ചടങ്ങില്‍ ചെന്നാല്‍ മൃതദേഹവും!’ നിക്കോളാസ് റൂസ്‌വെല്‍റ്റ്, തിയഡോര്‍ റൂസ്‌വെല്‍റ്റിനെക്കുറിച്ച് എഴുതിയതാണിത്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അത്രയ്ക്ക് കഴിവുണ്ടായിരുന്നു ഈ പ്രസിഡന്റിന്. ഇതില്‍ അദ്ദേഹത്തിന്‍റെ പ്രായം ഒരു നിര്‍ണായകഘടകമായിരുന്നു. ഇത്രയും പ്രായം കുറഞ്ഞ മറ്റൊരു പ്രസിഡന്റ് ഇദ്ദേഹത്തിനു മുമ്പോ, ശേഷമോ അമേരിക്കയില്‍ ഉണ്ടായിട്ടില്ല.42-ആം വയസിലാണ് അദ്ദേഹം പ്രസിഡന്റായത്.
തിയഡോര്‍ റൂസ്‌വെല്‍റ്റ് സീനിയറിന്‍റെയും മാര്‍ത്ത ബുള്ളോക്ക് റൂസ്‌വെല്‍റ്റിന്‍റെയും പുത്രനായി 1858 ഒക്ടോബര്‍ 27-നു അദ്ദേഹം ജനിച്ചു. കടുത്ത ആസ്തമ രോഗിയായതിനാല്‍ ആദ്യമൊന്നും സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ആനി ബുള്ളോക്ക് എന്ന അമ്മായിയാണ് ആദ്യ ഗുരു. പിന്നീട് സ്കൂളിലും തുടര്‍ന്നു ഹാര്‍വാട് കോളേജിലും പഠിച്ചു. 1881-ല്‍ രാഷ്ട്രീയത്തിലിറങ്ങി.
22-ആം വയസില്‍ ആലീസ് ഹാത്ത് വേലീയെ വിവാഹം കഴിച്ചതെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ മരിച്ചു. പിന്നീട് അദ്ദേഹം എഡിത്ത് കെര്‍മിറ്റ് ക്രോയെ വിവാഹം ചെയ്തു.
സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തില്‍ കമാന്‍ഡറായിരുന്ന അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലും യു.എസ് സിവില്‍ സര്‍വീസ് കമ്മീഷനിലും അംഗമായിരുന്നു. പിന്നീട് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ബോര്‍ഡ് പ്രസിഡന്റ്, നേവി അസിസ്റ്റന്റ് സെക്രട്ടറി, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചു, തുടര്‍ന്നാണ് വൈസ്പ്രസിഡന്റ് ആകുന്നത്.
മുന്‍ഗാമിയുടെ മരണത്തോടെ പ്രസിഡന്റായ അദ്ദേഹമായിരുന്നു 1904-ലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ആള്‍ട്ടണ്‍ ബി. പാര്‍ക്കറെ തോല്‍പ്പിച്ച് ഇദ്ദേഹം വീണ്ടും പ്രസിഡന്റായി, 1909 മാര്‍ച്ച് നാലിന് വിരമിച്ചു. 1919 ജനുവരി ആറിനു അന്തരിച്ചു.