EncyclopediaWild Life

റ്റിറ്റികള്‍

തെക്കേ അമേരിക്കയിലെ ആമസോണ്‍ കാടുകളില്‍ കാണപ്പെടുന്ന ഒരിനം ചെറിയ കുരങ്ങുകള്‍ ആണ് റ്റിറ്റികള്‍.ഒരടിയോളം വലിപ്പമേ ശരീരത്തിനുള്ളു . എന്നാല്‍ വാല് ഒന്നരടിയോളം നീളമുള്ളതാണ്. കട്ടിയേറിയ രോമങ്ങളുള്ളതാണ് ശരീരം. വാലിലും കനത്ത രോമപാളിയുമുണ്ട്.
റ്റിറ്റികളുടെ ഓരോ കൂട്ടത്തിനും കാട്ടില്‍ പ്രത്യേക സാമ്രാജ്യമുണ്ടാവും.നെഞ്ചിലെ ചില ഗ്രന്ഥികള്‍ ഉണ്ടാക്കുന്ന മണമുള്ള ദ്രാവകം മരങ്ങളില്‍ തേച്ചു പിടിപ്പിച്ചാണ്‌ ഇവര്‍ സാമ്രാജ്യത്തിന്റെ അതിര്‍ത്തി പ്രഖ്യാപിക്കുക. ഈ ജോലി എല്ലാ ദിവസവും ചെയ്യും. അതിക്രമിച്ചു കയറുന്ന മറ്റു കൂട്ടത്തിലെ അംഗങ്ങളെ പേടിപ്പിച്ചോടിക്കാറാണ് പതിവ്. വല്ലപ്പോഴുമേ യുദ്ധം വേണ്ടി വരൂ.
ആണ്‍റ്റിറ്റികളാണ് റ്റിറ്റിക്കുഞ്ഞുങ്ങളെ ചുമന്നു നടക്കുക. പാലും കുടിക്കാനായി മാത്രമേ കുഞ്ഞുങ്ങള്‍ അമ്മയെ സമീപിക്കാറുള്ളു. പഴങ്ങളും തലിരിലകളുമാണ് റ്റിറ്റികളുടെ പ്രധാനഭക്ഷണം. തരം കിട്ടിയാല്‍ ചെറു പ്രാണികളും കിളിമുട്ടകളും, എന്തിനു ചെറുകിളികളെ വരെ ഇവര്‍ അകത്താക്കും.
ഡസ്കി റ്റിറ്റിയും കോളേര്‍ഡ് റ്റിറ്റി അഥവാ വിഡോ മങ്കിയുമാണ് റ്റിറ്റികളിലെ രണ്ട് പ്രധാന ഇനങ്ങള്‍.