EncyclopediaHistory

മുഗള്‍രാജാക്കന്മാരുടെ കാലം

കലാരംഗത്തും വാസ്തുവിദ്യയിലും വളര്‍ച്ചയുണ്ടായിരുന്ന കാലമായിരുന്നു.മുഗള്‍ രാജാക്കന്മാരുടെ ഭരണകാലം. ഇക്കാലത്ത് സാമ്പത്തികമായും രാജ്യം പുരോഗതി നേടി.
വാസ്തുവിദ്യയിലുണ്ടായ പല തിളക്കമാര്‍ന്ന പരീക്ഷണങ്ങള്‍ക്കും മുഗള്‍ഭരണകാലം സാക്ഷ്യം വഹിച്ചു.ഈ കാലഘട്ടത്തിന്‍റെ ഏറ്റവും നല്ല പ്രതീകമാണ് താജ്മഹല്‍.
1526 മുതല്‍ 1858 വരെയാണ് മുഗള്‍രാജാക്കന്മാര്‍ ഇന്ത്യ ഭരിച്ചത്.ഡല്‍ഹിയിലെ സുല്‍ത്താന്‍ ഇബ്രാഹിം ലോദിയെ തോല്‍പ്പിച്ച് മുഗള്‍സാമ്രാജ്യത്തിന് തുടക്കമിട്ടത് ബാബറാണ്.ആഗ്രയായിരുന്നു തലസ്ഥാനം. 1638-ല്‍ ഷാജഹാന്‍ ഡല്‍ഹിയില്‍ പുതിയ തലസ്ഥാനം നിര്‍മിക്കുന്നത് വരെ മുഗള്‍ചക്രവര്‍ത്തിമാര്‍ ആഗ്ര ആസ്ഥാനമാക്കിയാണ് ഭരിച്ചത്.
ബാബറാണ് ആദ്യത്തെ മുഗള്‍ചക്രവര്‍ത്തിയെന്നു പറഞ്ഞല്ലോ? നാലു വര്‍ഷങ്ങളേ അദ്ദേഹത്തിനു ഭരിക്കാന്‍ കഴിഞ്ഞുള്ളു. ഉദ്യാനങ്ങളായിരുന്നു അദ്ദേഹം പ്രധാനമായും നിര്‍മിച്ചത്. ആഗ്രയില്‍ അദ്ദേഹം തീര്‍ത്ത അരംബാഗാണ് പില്‍ക്കാലത്തെ മുഗള്‍ ഉദ്യാനങ്ങള്‍ക്ക് മാതൃകയായത്.
ബാബറിന് ശേഷം വന്ന ഹുമയൂണ്‍ ദുര്‍ബലനായ ഭരണാധികാരിയായിരുന്നു.അഫ്ഗാനിലെ ഷേര്‍ഷാ ഇദ്ദേഹത്തെ തോല്‍പ്പിക്കുകയും ഉത്തരേന്ത്യയില്‍ അധികാരമുറപ്പിക്കുകയും ചെയ്യ്തു.
പതിമൂന്നാംവയസില്‍ ഭരണമേറ്റ അക്ബറായിരുന്നു അടുത്ത ചക്രവര്‍ത്തി. അഞ്ചു ദശാബ്ദത്തോളം നീണ്ടുനിന്ന ഭരണകാലത്ത് അക്ബര്‍ സുശക്തമായ മുഗള്‍സാമ്രാജ്യം കെട്ടിപ്പടുത്തു. ഉത്തരേന്ത്യയില്‍ അഫ്ഗാന്‍ ആദിപത്യം തകര്‍ത്ത അദേഹം കരുത്തനായ രാജ്യനായകനായും മികച്ച ഭരണാധികാരിയായും പ്രസിദ്ധനായി.
ആഗ്രയില്‍ യമുനാനദിക്കരയിലുള്ള പ്രസിദ്ധമായ കോട്ട അക്ബര്‍ സ്ഥാപിച്ചതാണ്.ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍ എട്ടു വര്‍ഷങ്ങളെടുത്തു.
ഇതിനു ശേഷമാണ് ഫത്തേപ്പൂര്‍ സിക്രിയിലെ പുതിയ തലസസ്ഥാനം അക്ബര്‍ നിര്‍മിക്കുന്നത്.നാട്ടുകാരുടെ കരവിരുതും നാട്ടില്‍ത്തന്നെ ലഭ്യമായ ചുവന്ന കല്ലും പേര്‍ഷ്യന്‍ വാസ്തുവിദ്യയുമൊക്കെ കൂടിച്ചേര്‍ന്നു മനോഹരമായിരുന്നു ഫത്തേപ്പൂര്‍ സിക്രിയിലെ കെട്ടിടങ്ങള്‍. ഇത്തരം കെട്ടിടനിര്‍മാണശൈലിക്ക് ഒരു പേരും ലഭിച്ചു.അക്ബറി വലിയ ജുമാ മസ്ജിദും വിജയകവാടവും അവിടെ പണി കഴിപ്പിച്ച കെട്ടിടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.കൊട്ടാരക്കെട്ടുകളില്‍ നിറയെ കൊത്തുപണികളും മുഗള്‍ചിത്രങ്ങളുമുണ്ടായിരുന്നു.
അക്ബര്‍ തന്‍റെ പുത്രന്‍ ജഹാംഗീറിനു കൈമാറിയത് സുശക്തമായ സാമ്രാജ്യമായിരുന്നു.ഭരണകാര്യങ്ങള്‍ നടത്തിക്കൊണ്ടു പോയതൊഴിച്ചാല്‍ ജഹാംഗീറിന്റെ കാലത്തെക്കുറിച്ച് കാര്യമായൊന്നും പറയാനില്ല. ജഹാംഗീറിന്റെ പുത്രന്‍ ഷാജഹാന്‍റെ കാലത്താണ് മുഗള്‍ വാസ്തുവിദ്യ അതിന്റെ ഔന്നത്യത്തില്‍ എത്തുന്നത്.അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ നിര്‍മിതകളില്‍ ഏറ്റവും ഗംഭീരമായ ഒന്നായിരുന്നു താജ്മഹല്‍.
ഷാജഹാന്‍റെ പിന്‍ഗാമിയായ ഔറം ഗസീബും ചില മനോഹരമായ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്.യുദ്ധത്തില്‍ മുങ്ങിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിനു തന്‍റെ പൂര്‍വികരെപ്പോലെ ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഏറെ സമയം കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
വാസ്തുവിദ്യാരംഗത്ത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സംഭാവനയായി കാണാവുന്നത് ഡല്‍ഹി കോട്ടയിലുള്ള’ പേള്‍ മോസ്കാണ്‌.ലാഹോറിലെ ബാദ്ഷാഹി മോസ്കാണ്‌ മറ്റൊന്ന്.ഔറംഗസീബിന്റെ പത്നിയുടെ ശവകുടീരവും നല്ലൊരു നിര്‍മിതിയാണ്.
ഔറംഗസീബിന്റെ മരണത്തോടെ മുഗള്‍ സാമ്രാജ്യം തകര്‍ന്നു. ശക്തരായ ഭരണാധികാരികളൊന്നും ഉണ്ടായില്ല. മുഗള്‍ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ രണ്ടാമനെ തോല്‍പ്പിച്ച് ബ്രിട്ടീഷുകാര്‍ രാജ്യം സ്വന്തമാക്കുകയും ചെയ്തു.