EncyclopediaOceans

പേരിന്‍റെ കഥ

അറ്റ്ലാന്റിക്കിനു ആ പേര് വന്നതിനെക്കുറിച്ച് പല വിശ്വാസങ്ങളും നിലവിലുണ്ട്.ഒരു കാലത്ത് ഈ സമുദ്രത്തില്‍ ഉയര്‍ന്നു നിന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അറ്റ്ലാന്റിക്ദ്വീപിന്‍റെ പേരില്‍ നിന്നാണ് അറ്റ്ലാന്റിക് എന്ന പേരുണ്ടായതെന്ന് ചിലര്‍ പറയുന്നു.ഒരു സുപ്രഭാതത്തില്‍ ഈ ദ്വീപ്‌ കടലില്‍ താഴ്ന്നു പോയത്രേ. ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ അറ്റ്ലാന്റിസ് എന്ന ദ്വീപിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.
അറ്റ്ലാന്റിക് എന്നു പേരുണ്ടായത് അറ്റ്ലസ് എന്ന ഗ്രീക്ക്ദേവന്‍റെ പേരില്‍ നിന്നാണെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. അറ്റ്ലസ്ദേവന്‍റെ പുത്രിമാരായ മത്സ്യകന്യകമാരുടെ വാസസ്ഥലമാണത്രേ അറ്റ്ലാന്റിക് സമുദ്രം.
എത്യോപിക് സമുദ്രം എന്നും അറ്റ്ലാന്റിക് അറിയപ്പെട്ടിരുന്നു. അക്കാലത്ത് യൂറോപ്പില്‍ ആഫ്രിക്കയുമായി ബന്ധപ്പെട്ട എല്ലാം എത്യോപ്യ എന്നാണ് അറിയപ്പെട്ടിരുന്നത്! ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്തുള്ള അവര്‍ സമുദ്രത്തിനും ആ പേര് കൊടുത്തു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ ഈ പേര് ഉപയോഗിച്ചിരുന്നു.
വളരെ പണ്ടു കാലത്ത് യൂറോപ്യന്മാര്‍ സമുദ്രം എന്നു മാത്രമാണ് അറ്റ്ലാന്റിക്കിനെ വിളിച്ചിരുന്നത്, കാരണം അക്കാലത്ത് മറ്റ് സമുദ്രങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു.പുരാതന ഗ്രീക്കുകാര്‍ അറ്റ്ലാന്റിക് ഒരു നദിയാണെന്ന് കരുതി, ലോകം ചുറ്റിയുള്ള ഒരു നദി.