കലണ്ടറിന്‍റെ കഥ
കലണ്ടറില്ലാത്ത വീടുകളുണ്ടാവില്ല. വാസ്തവത്തില്‍ എന്താണീ കലണ്ടര്‍? ഭിത്തിയില്‍ തൂങ്ങുന്ന ഒരു ചിത്രം.അതില്‍ നെടുകെയും കുറുകെയും വരകള്‍.അതിനുള്ളില്‍ അക്കങ്ങളും അക്ഷരങ്ങളും. ഇത് മാത്രമല്ല കലണ്ടര്‍.സമയത്തിന്‍റെ നീണ്ട ഇടവേളകളെ സൂചിപ്പിക്കുന്നതാണ് കലണ്ടര്‍.
നമ്മുടെ സമയബോധത്തിന് പരിമിതിയുണ്ട്. അഞ്ചാറ് മണിക്കൂറുകള്‍ക്കപ്പുറം സമയം കണക്കു കൂട്ടാന്‍ നമുക്ക് കഴിയില്ല.12 മണിക്കൂര്‍ നമുക്ക് അര ദിവസമാണ്. 24 മണിക്കൂര്‍ ഒരു ദിവസവും അങ്ങനെ മണിക്കൂറുകള്‍ ദിവസങ്ങളും ആഴ്ചകളുമായി ഒരു കലണ്ടറില്‍ നമുക്ക് ഒരുവര്‍ഷമാണ്.അതോടെ സമയബോധം കൂടുതല്‍ വികസിക്കുന്നു.
പുരാതനകാലത്തെ ഉത്സവങ്ങളില്‍ നിന്നായിരിക്കണം കലണ്ടറുകള്‍ രൂപപ്പെട്ടത്.ഉത്സവങ്ങള്‍ ഓര്‍ത്ത് വയ്ക്കാനും കഴിഞ്ഞതിനേക്കാള്‍ ഭംഗിയായി അവ ആഘോഷിക്കുന്നതിനും വേണ്ടിയായിരിക്കണം ആദ്യകാലത്ത് കലണ്ടര്‍ നിര്‍മ്മിച്ചത്.
ശിലായുഗത്തിലും കലണ്ടര്‍ ഉണ്ടായിരുന്നതായി അലക്സാണ്ടര്‍ മാര്‍ഷാക്ക് എന്ന നരവംശശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്, അമേരിക്കക്കാരനായ മാര്‍ഷാക്കിന്റെ സംസ്കാരത്തിന്റെ വേരുകള്‍ എന്ന പുസ്തകത്തിലാണ് ഈ വാദം.
1960-ല്‍ കോംഗോയില്‍ നിന്ന് കണ്ടെടുത്ത ഒരു എല്ലാണ് മാര്‍ഷാക്ക് തന്‍റെ വാദത്തിന് അടിസ്ഥാനമാക്കുന്നത്.2500 വര്‍ഷം പഴക്കമുള്ള എല്ലില്‍ നിരവധി വരകള്‍ കോറിയിരുന്നു. സൂക്ഷ്മദര്‍ശിനിയിലൂടെ ഈ വരകള്‍ പരിശോധിച്ച മാര്‍ഷാക് ചന്ദ്രന്‍റെ വൃദ്ധി ക്ഷയങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ശിലായുഗ കലണ്ടറായി ഇതിനെ കണക്കാക്കാം എന്നാണ് അദ്ദേഹത്തിന്‍റെ വാദം.