കടലുകള്‍
അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, മലാക്കാ കടലിടുക്ക്, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ജാവാക്കടല്‍, ആന്‍ഡമാന്‍ കടല്‍ തുടങ്ങിയവയെല്ലാം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭാഗമാണ്.
അറബിക്കടല്‍ ഇന്ത്യയേയും അറേബ്യയേയും വേര്‍തിരിക്കുന്നു.39 ലക്ഷം കിലോമീറ്റര്‍ ആണ് അറബിക്കടലിന്റെ വലിപ്പം. പരമാവധി ആഴം 4481 മീറ്ററാണ്.സിന്ധുനദി, നര്‍മദ എന്നിവയാണ് അറബിക്കടലില്‍ ചേരുന്ന വലിയ നദികള്‍.കേരളത്തില്‍ ആകെയുള്ള 44 നദികളില്‍ കിഴക്കോട്ട് ഒഴുകുന്ന കബനി, ഭവാനി, പാമ്പാര്‍ എന്നിവയൊഴിച്ച് മറ്റു നദികളെല്ലാം അറബിക്കടലിലോ അറബിക്കടലുമായി ബന്ധമുള്ള കായലുകളിലോ ആണ് ചേരുന്നത്.അറബിക്കടലിന്റെ ഇന്ത്യന്‍ തീരത്തുള്ള തുറമുഖങ്ങളില്‍ ഏറ്റവും വലുത് മുംബൈ തുറമുഖമാണ്.
മൂന്നുവശവും കരയാല്‍ ചുറ്റപ്പെട്ടതാണ് ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുകിഴക്കന്‍ ഭാഗമാണിത്.ഇന്ത്യ, മ്യാന്മാര്‍, മലേഷ്യ,എന്നീ രാജ്യങ്ങളാണ് ഈ ഉള്‍ക്കടലിനെ വലയം ചെയ്യുന്നത്.29 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണ് ബംഗാള്‍ ഉള്‍ക്കടലിന്‍റെ വലിപ്പം.4695 മീറ്ററാണ് പരമാവധി ആഴം ഇന്ത്യയിലെ ഒട്ടേറെ നദികള്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ചെന്ന് ചേരുന്നത്.പ്രമുഖ നദികളായ ഗംഗ, ബ്രഹ്മ പുത്ര,ഗോദാവരി, മഹാനദി, കൃഷ്ണ, കാവേരി തുടങ്ങിയവ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന വലിയ നദികളാണ്. മണ്‍സൂണ്‍ കാലാവസ്ഥയുടെ ഭാഗമായി ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാറുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തെ പസിഫിക് മഹാസമുദ്രവുമായി തെക്കന്‍ ചൈനാക്കടല്‍ വഴി ബന്ധിപ്പിക്കുന്നത് മലാക്കാ കടലിടുക്കാണ്. 963 കിലോമീറ്ററാണ് മലാക്കാ കടലിടുക്കിന്റെ നീളം,പരമാവധി വീതി 15 കിലോമീറ്ററും, ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാതകളിലൊന്നാണ് ഇത്.140-ഓളം കപ്പലുകള്‍ ഓരോ ദിവസവും ഈ കടലിടുക്കിലൂടെ കടന്നു പോകുന്നു. ലോകത്തിലെ പെട്രോളിയത്തിന്‍റെ നാലിലൊന്ന് ഭാഗവും പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നിന്നു ചൈന, ജപ്പാന്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഈ ഉള്‍ക്കടല്‍ വഴിയാണ് കൊണ്ടുപോകുന്നത്.കടല്‍ക്കൊള്ളക്കാരുടെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഇത്. 2004-ല്‍ ലോകത്ത് ആകെ സംഭവിച്ച 251 കടല്‍ക്കൊള്ളകളില്‍ 70 എണ്ണവും മലാക്കാകടലിടുക്കില്‍ ഉണ്ടായവയാണ്.
ആന്‍ഡമാന്‍ ദ്വീപുകള്‍ക്കും സുമാത്രയ്ക്കും മലയ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള കടലാണ് ആന്‍ഡമാന്‍ കടല്‍.798,000 ചതുരശ്ര കിലോമീറ്റര്‍ ആണ് ആന്‍ഡമാന്‍ കടലിന്‍റെ വലിപ്പം.3777 മീറ്ററാണ് പരമാവധി ആഴം.2004-ല്‍ വന്‍ ദുരന്തം ഉണ്ടാക്കിയ സുനാമി രാക്ഷസത്തിരമാലകളുടെ ഉദ്ഭവസ്ഥാനം ആന്‍ഡമാന്‍ കടലിന്‍റെ തെക്കന്‍ ഭാഗമായിരുന്നു എന്നു കരുതുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ജാവാ ട്രഞ്ച് എന്ന ഗര്‍ത്തത്തിന് 2600 കിലോമീറ്റര്‍ ആണ് നീളം ആഴം 7125 മീറ്ററും സുന്ദാദ്വീപുകള്‍ക്കടുത്തുള്ള സുന്ദാഗര്‍ത്തത്തിന്‍റെ ഒരു ഭാഗമാണ് ഇത്.ഓസ്ട്രേലിയന്‍ ഭൂപാളിയും യുറേഷ്യന്‍ ഭൂപാളിയും തമ്മില്‍ കൂട്ടിമുട്ടുന്നത് ഇവിടെയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭാഗമായ ചെങ്കടലിന് 450,000 ചതുരശ്ര കിലോമീറ്റര്‍ ആണ് വലിപ്പം. മെഡിറ്ററെനിയന്‍ കടലുമായി ചെങ്കടലിനെ ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ 1869-ലാണ് പണി പൂര്‍ത്തിയായത്,ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാതകളിലൊന്നാണ് സൂയസ് കനാല്‍.
പേര്‍ഷ്യന്‍ ഉള്‍ക്കടലിന് 241,000 ചതുരശ്ര കിലോമീറ്റര്‍ ആണ് വലിപ്പം.പരമാവധി ആഴം 110 മീറ്ററാണ്. യൂഫ്രട്ടീസ്,ടൈഗ്രിസ് തുടങ്ങിയ നദികള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് ഒഴുകിയെത്തുന്നു. ഹോര്‍മുസ് കടലിടുക്കും ഒമാന്‍ ഉള്‍ക്കടലും പേര്‍ഷ്യന്‍ ഉള്‍ക്കടലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.പെട്രോളിയത്തിന്‍റെ വമ്പന്‍ നിക്ഷേപമുണ്ട് ഈ പ്രദേശത്ത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ കിഴക്കേ അതിര്‍ത്തിയിലുള്ള കടലാണ് തിമോര്‍ക്കടല്‍.