പന്നി
കുളമ്പുള്ള ഒരു മൃഗമാണ് പന്നി. ഇതിനെ ഇറച്ചിക്കായും തുകലിനായും മറ്റാവശ്യങ്ങൾക്കായും പുരാതന കാലം മുതലേ മനുഷ്യൻ വളർത്തുന്നുണ്ട്. ഇപ്പോൾ വൈദ്യശാസ്ത്ര ഗവേഷണങ്ങളിൽ പരീക്ഷണങ്ങൾക്കായും ഇവയെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യനുമായി ദീർഘകാലത്തെ ബന്ധമുള്ളതിനാൽ പണ്ടുമുതലുള്ള ചിത്രകലയിലും പഴഞ്ചൊല്ലുകളിലും മറ്റും പന്നിയെ പരാമർശിക്കുന്നതായി കാണാം.
യൂറേഷ്യയാണ് ഇവയുടെ ജന്മസ്ഥലം. സൂയിഡേ കുടുംബത്തിൽ സുസ് ജനുസിലാണ് പന്നികളെല്ലാം ഉൾപ്പെടുന്നത്. അമിതാഹാരം, വൃത്തിയില്ലായ്മ എന്നിവയാണ് പന്നിയുടെ ചില കുപ്രസിദ്ധമായ പ്രത്യേകതകൾ. ബുദ്ധിപരമായി വളരെ മികച്ച ജീവിവർഗ്ഗമാണു പന്നി. എന്നാൽ ഇവയുടെ ബുദ്ധിപരമായ വികാസം അധികം അറിയപ്പെടാത്ത ഒരു പ്രത്യേകതയാണ്[അവലംബം ആവശ്യമാണ്. പെക്കാറിയാണ് ഇന്ന് ജീവിച്ചിരിക്കുന്നവയിൽ പന്നിയുടെ ഏറ്റവും അടുത്ത ബന്ധു.
ഔഷധഗുണങ്ങൾ
പന്നി ഔഷധഗുണമുള്ള ഒരു മൃഗമാണ്. പന്നിയുടെ നെയ്യ് തളർവാതത്തിനുള്ള പഞ്ചസ്നേഹക്കുഴമ്പ് കാച്ചാൻ ഉപയോഗിക്കുന്നു. കൂടാതെ പന്നിയുടെ കുളമ്പ്, തേറ്റ എന്നിവ അപസ്മാര രോഗത്തിനും ഉപയോഗിക്കാറുണ്ട്.
വിവിധതരം പന്നികൾ
കേരളത്തിൽ പൊതുവേ അറിയപ്പെടുന്ന പന്നിയിനങ്ങൾ ലാന്റ് റേസ്, ലാർജ് വൈറ്റ് യോർക്‌ഷയർ, ഡ്യൂറോക്ക്, ഹാംപ്‌ഷയർ, ബെർക് ഷയർ, പോളണ്ട് ചൈന, പൈട്രെയൻ എന്നിവയാണ് ഇവയെക്കൂടാതെ ടോപിഗ്സ് (ഡാലന്റ്), ഹൈപർ, സേഗേർസ്, കാംബെറോ മുതലായ സങ്കരയിനങ്ങളും ആഗ്ഗോളതലത്തിൽ വ്യാവസായികമായി വളർത്തുന്ന പന്നിയിനങ്ങളാണ്.
ലാന്റ് റേസ്
ഈ വർഗ്ഗത്തിലെ പന്നികൾക്ക് വെള്ള നിറമായിരിക്കും. നീളമുള്ളതും തൂങ്ങിക്കിടക്കുന്നതുമായ ചെവി, നീളം കൂടിയ കഴുത്ത്, ഉടൽ എന്നിവയുൾല ഇവയുടെ തല ചെറുതായിരിക്കും. കൂടുതൽ തീറ്റപരിവർത്തനശേഷി, പ്രത്യുത്പാദനശേഷി എന്നിവയുള്ള ഈ വർഗ്ഗത്തിന് കലോറി കൂടിയ തീറ്റ നൽകിയാൽ മാംസഗുണം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബലം കുറഞ്ഞ കാലുകളാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ലാർജ് വൈറ്റ് യോർക്‌ഷയർ
ഈ പന്നിയിനത്തിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്. നിവർന്നതും നീളം കുറഞ്ഞതുമായ ചെവി, വളഞ്ഞ പിൻഭാഗം, കുഴിഞ്ഞ മുഖം, എന്നിവയാണ് പ്രകടമായ ലക്ഷണങ്ങൾ. കൂടാതെ ഉയർന്ന വളർച്ചാ ശേഷി, കൂടുതൽ തീറ്റ പരിവർത്തനശേഷി എന്നിവയും ഒറ്റ പ്രസവത്തിലെ കുട്ടികളുടെ എണ്ണം കൂടുതലുമാണ്. ചൂട് സഹിക്കാനുള്ള ശേഷിക്കുറവാണ് പ്രധാന പോരായ്മയായി കൺറ്റുവരുന്നത്.
ഡ്യൂറോക്ക്
ചുവപ്പ്, മഞ്ഞ, സുവർൺന നിറങ്ങളിൽ കാണപ്പെടുന്ന ഒരു പന്നിയിനമാണീത്. മുന്നോട്ട് തള്ളി നിൽക്കുന്ന ചെവിയാണ് ശാരീരിക ലക്ഷണങ്ങളിൽ ഉൾപ്പെടുന്ന ഒരു വസ്തുത. ഇവയുടെ മാംസത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പിന് കട്ടിക്കുറവായതിനാൽ മാംസഗുണത്തിന് പേരുകേട്ട പന്നിയിനമാണിത്. പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും ഇതിന്റെ എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്.
ഹാംപ്ഷയർ
ഈ ഇനത്തിന്റെ ജനദേശം അമേരിക്കയാണ്. കറുത്ത നിറത്തിലുള്ള ശരീരമാണിവയ്ക്കുള്ളത്. പക്ഷേ, കഴുത്തിനുചുറ്റും വെള്ള നിറത്തിൽ വളയം കാണപ്പെടുന്നു. നേരെ നിൽക്കുന്ന ചെവി, നീളമുള്ള മുഖം എന്നിവയാണ് ലക്ഷണങ്ങൾ. ഉയർന്ന ഉത്പാദനക്ഷമത, മാതൃഗുണം, മെച്ചപ്പെട്ട തീറ്റപരിവർത്തനശേഷി, ഗുണമേന്മയുള്ള മാംസം എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
ബെർക് ഷയർ
ഇതിന്റേയും ജന്മസ്ഥലം ഇംഗ്ലണ്ടാണ്. കറുത്ത നിറത്തിൽ കാണപ്പെടുന്ന ഇതിന്റെ കാലുകളുടെ അറ്റത്തും വാലിന്റെ അറ്റത്തും മാത്രം വെള്ള നിറം കാണപ്പെടുന്നു. വളഞ്ഞ മുഖം, നല്ല പ്രത്യുത്പാദശേഷിയും വളർച്ചാനിരക്കുമുള്ള ഇവ, ജനിച്ച് ആറാം മാസം 70 – 80 കിലോഗ്രാം തൂക്കം വരെയെത്തുന്നു.
പോളാണ്ട് ചൈന
ചൈനയിൽ നിന്നുള്ള വലിയ പന്നികളെ റഷ്യൻ പന്നികളുമായി പ്രജനനം നടത്തി ഉത്പാദിപ്പിച്ച ഇനമാണിത്. നിറം ബർക്‌ഷയറിനെപ്പോലെ തന്നെയാണുള്ളത്. ഹോട്ട് ടൈപ്പ്, ബിഗ് ടൈപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയ്ക്ക് കൂടിയ ഉത്പാദനശേഷിയാണൂള്ളത്.
പൈട്രെയൻ
കറുപ്പും വെളുപ്പും പുള്ളികൾ നിറഞ്ഞ ദേഹമുള്ള ഒരു പന്നിയിനമാണിത്. നല്ല മാംസത്തിനായി വളർത്താവുന്ന ഇനമായ ഇതിന് പക്ഷേ, തീറ്റപരിവർത്തനശേഷി, വളർച്ചാനിരക്ക് എന്നിവ കുറവാണ്.