തുടരുന്ന സംഘര്‍ഷം
ഏഴിമലയിലെ കപ്പല്‍ ആക്രമണത്തിനു ശേഷം ഗാമ കോഴിക്കോട്ടേക്കാണ് വന്നത്. പോര്‍ച്ചുഗീസുകാരോട് സഖ്യത്തിലാകാന്‍ നോക്കിയ സാമൂതിരിയോട് ഗാമ ഒരു നിര്‍ദേശം വച്ചു. നഗരത്തിലെ എല്ലാ മുസ്ലീംകളെയും നാടുകടത്തുക. സാമൂതിരി ഇത് വകവച്ചില്ല. കോഴിക്കോട് ഒരു സ്വതന്ത്ര തുറമുഖമാണെന്നും പോര്‍ച്ചുഗീസുകരും അവിടെ വ്യാപാരം നടത്തുന്നതില്‍ തനിക്ക് സന്തോഷമാണെന്നും സാമൂതിരി അറിയിച്ചു. മറ്റുള്ളവരെപ്പോലെ കൂട്ടത്തിലൊരാളായി വ്യാപാരം ചെയ്യാനല്ല ഞങ്ങളുടെ വരവ്. വ്യാപാരത്തിനുള്ള മുഴുവന്‍ അവകാശവും കൈയടക്കാനാണ് ഗാമയുടെ മറുപടി ഇതായിരുന്നു.
ചര്‍ച്ച അലസിപ്പിരിഞ്ഞതോടെ പോര്‍ച്ചുഗീസ് കപ്പലില്‍ നിന്ന് കോഴിക്കോട് നഗരം ലക്ഷ്യമാക്കി പീരങ്കികള്‍ വെടിയുതിര്‍ത്തു കരയിലുണ്ടായിരുന്ന മുസ്ലീo വ്യാപാരികളുടെ കച്ചവടശാലകളും വീടുകളും തകര്‍ന്നു നാട്ടുകാരില്‍ ചിലര്‍ക്കും തോക്കുകള്‍ ഉണ്ടായിരുന്നു. അവര്‍ തിരിച്ചും വെടിവച്ചു എന്നാല്‍, ദൂരം കൂടുതലായിരുന്നതിനാല്‍ അവയൊന്നും ലക്‌ഷ്യം കണ്ടില്ല.
ഈ സമയത്താണ് അരി കയറ്റിയ 24 വഞ്ചികള്‍ കടലില്‍ പ്രത്യക്ഷപ്പെട്ടത്. വഞ്ചികള്‍ പിടിച്ചെടുത്ത പോര്‍ച്ചുഗീസുകാര്‍ അതിലുണ്ടായിരുന്ന 800 മുസ്ലീം നാവികരെ ബന്ധികളാക്കി. അവരുടെ കൈയും മൂക്കും വെട്ടിനുറുക്കാന്‍ ഗാമ ഉത്തരവിട്ടു. അതിനുശേഷം കാലുകള്‍ കൂട്ടികെട്ടി. പല്ലുകൊണ്ട് കെട്ടഴിക്കാതിരിക്കാന്‍ ഇരുമ്പുദണ്ട് കൊണ്ടടിച്ച് പല്ലു കൊഴിച്ചു. കൊഴിയുന്ന പല്ലുകള്‍ വിഴുങ്ങണമെന്നായിരുന്നു കല്പന. അതിനുശേഷം അവരെ മേല്‍ത്തട്ടില്‍ കൂട്ടിയിട്ട് ഓല കൊണ്ട് മൂടി. കര ലക്ഷ്യമാക്കി കപ്പല്‍പായ അഴിച്ചുവിട്ടു വഞ്ചികള്‍ക്ക് തീ കൊടുത്തു.
പിന്നീട് ഗാമ കൊച്ചിയിലെത്തി. അവിടെയും വ്യാപാരികള്‍ കൂടുതലും മുസ്ലീംകള്‍ ആയിരുന്നു. പോര്‍ച്ചുഗീസുകാര്‍ അവരെയും വെറുതെ വിട്ടില്ല. ശല്യം കൂടിയപ്പോള്‍ ചിലര്‍ കോഴിക്കോട്ടെത്തി സാമൂതിരിയെ ശരണം പ്രാപിച്ചു.