ലോകത്തിലെ ഏറ്റവും വിലയേറിയ അലങ്കാരമത്സ്യം
അലങ്കാരമത്സ്യങ്ങളെ വളര്‍ത്താന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒരു മീനിനെ പരിചയപ്പെടുത്തി തരാം. ഏഷ്യാക്കാരനാണ് കക്ഷി. പേര് ഏഷ്യന്‍ അരോവന ചുവന്ന നിറമുള്ള ഇവന്റെ വില എത്രയായിരിക്കും എന്ന് ഊഹിക്കാമോ? ഏകദേശം രണ്ടു കോടി രൂപ!
ചൈനയിലെ കടലാസ് ഡ്രാഗണുകള്‍ ചാലിക്കുന്നത് പോലെയാണ് ഇവയുടെ സഞ്ചാരം. നാണയം പോലുള്ള ചെകിളകളും കൂടിയായപ്പോള്‍ ഈ മത്സ്യങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടെന്ന് ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങി. നമ്മുടെ നാട്ടില്‍ വെള്ളിമൂങ്ങയെക്കുറിച്ച് പ്രചരിച്ചത് പോലെ തന്നെ. കള്ളക്കടത്തുകാര്‍ക്ക് അതോടെ ചാകര തുടങ്ങി. കാട്ടിനുള്ളില്‍ വംശനാശത്തിന്റെ വക്കത്തെത്തിയ മീനങ്ങനെ നാട്ടില്‍ സുരക്ഷിതരായി വളര്‍ന്നു.
കോണ്‍ക്രീറ്റ് ടാങ്കുകള്‍ക്കുള്ളില്‍ വളര്‍ത്തുന്ന ഈ മീനുകളെ അതീവസുരക്ഷാമാര്‍ഗങ്ങള്‍ സഹിതമാണ് സംരക്ഷിക്കുന്നത്. തോക്കേന്തിയ കാവല്‍ക്കാരും ഇലക്ട്രിക് കേബിളുകളും നിരീക്ഷണഗോപുരവുമൊക്കെയായി ആകെപ്പാടെ ഒരു ഹോളിവുഡ് സിനിമ സെറ്റ് പോലെയുള്ള സ്ഥലങ്ങളിലാണ് ഇവയുടെ ഫാമുകള്‍! പ്രദര്‍ശനങ്ങള്‍ക്ക് എത്തിച്ചാല്‍ പോലും വന്‍ സുരക്ഷയോടെ മാത്രമേ ഇവയെ വയ്ക്കാറുള്ളൂ.
കുറേക്കാലം മുമ്പ് വരെ തീന്‍മേശയില്‍ പോലും അത്ര ആരാധകരില്ലാതിരുന്ന ഒരു മീന്‍വംശത്തിന്റെ ജാതകം തന്നെ മാറിപ്പോയത് കണ്ടോ. അവയ്ക്ക് അത് വംശനാശത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പിടിവള്ളിയായെങ്കിലും രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളും കള്ളക്കടത്തുകാരും അവസരം മുതലാക്കി കോടികളുടെ ബിസിനസാക്കി അത് മാറ്റി. പറയുമ്പോള്‍ വെറും അലങ്കാരമത്സ്യക്കൃഷിയാണ് താനും.
തെക്ക് കിഴക്കന്‍ ഏഷ്യയിലെ വനങ്ങളാണ് ദിനോസറുകളുടെ കാലം തൊട്ടേ ഭൂമിയിലുള്ള ഈ ഇരപിടിയന്‍ മീനുകളുടെ സ്വദേശം. വംശനാശഭീഷണി കാരണം രാജ്യാന്തരതലത്തില്‍ ഇവയുടെ കയറ്റുമതിയും ഇറക്കുമതിയുമൊക്കെ കുറ്റകരമാണ്. ഇത്രയും കാശ് കൊടുത്ത് ഇങ്ങനെ മീനുകളെ വാങ്ങി ചില്ല് പാത്രത്തിലിട്ട് വളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്താണോ എന്തോ! ഒരു പക്ഷെ, പ്രകൃതിയുടെ ബന്ധം സ്ഥാപിക്കാനുള്ള തിരിച്ചറിയാനാവാത്ത എന്തെങ്കിലും ആഗ്രഹമാവും ഒരു കാരണം ബാക്കി അന്ധവിശ്വാസവും.