പ്രധാന ദ്വീപുകള്‍
വിവിധതരം കൈത്തൊഴിലുകളില്‍ പ്രാഗത്ഭ്യം സിദ്ധിച്ചവരും മികച്ച കലാകാരന്മാരുമാണ് ദ്വീപുനിവാസികള്‍. ദ്വീപുകളിലെ ജീവിതമറിയുക രസകരമായിരിക്കും.
അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരo, ബിത്ര, ചെത്ലത്ത്, കടമത്ത്, കല്‍പേനി, കവരത്തി, കില്‍ത്തന്‍, മിനിക്കോയി തുടങ്ങിയവയാണ് ലക്ഷദ്വീപിലെ ജനവാസമുള്ള പ്രധാന ദ്വീപുകള്‍.
അഗത്തി
കൊച്ചി തീരത്തുനിന്നും 459 കിലോമീറ്റര്‍ അകലെയാണ് അഗത്തി ദ്വീപ് സ്ഥിതിചെയ്യുന്നത്. ലക്ഷദ്വീപുകളുടെ കവാടമാണ് അഗത്തി. കാരണം അഗത്തിയിലാണ് ലക്ഷദ്വീപ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കവരത്തി ദ്വീപിനു പടിഞ്ഞാറായാണ് അഗത്തിയുടെ സ്ഥാനം. വിസ്തീര്‍ണം 3.84 ചതുരശ്ര കിലോമീറ്റര്‍. ആറു കിലോമീറ്റര്‍ നീളമുള്ള ദ്വീപിനു ചുറ്റുമായി 17.5 ചതുരശ്ര കിലോമീറ്ററോളം ലഗൂണ്‍ പ്രദേശവുമുണ്ട്. കേരളത്തിലേതിനു സമാനമായ കാലാവസ്ഥയാണ് ഇവിടെ. മാര്‍ച്ച് മുതല്‍ മെയ് മാസം വരെയാണ് വേനല്‍ക്കാലം. വര്‍ഷക്കാലത്ത് മോശം കാലാവസ്ഥയാണ് ഇവിടെ.കാരണം ലഗൂണുകള്‍ക്കു പുറത്ത് മത്സ്യബന്ധനം നടത്താന്‍’ മീന്‍പിടുത്തക്കാരെ അനുവദിക്കാറില്ല.
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണമത്സ്യങ്ങളാല്‍ സമ്പന്നമാണ് അഗത്തിയിലെ ലഗൂണ്‍. മീന്‍പിടുത്തമാണ് പ്രധാനവരുമാന മാര്‍ഗം. മിനിക്കോയിക്കൊപ്പം ധാരാളം മത്സ്യസമ്പത്തുള്ള മറ്റൊരു ദ്വീപാണ് അഗത്തി. കയര്‍, കൊപ്ര വ്യാപാരവും ദ്വീപിന്‍റെ പ്രധാന വരുമാനമാര്‍ഗങ്ങളാണ്.ബംഗാരത്തിലേക്കുള്ള വിമാനസര്‍വീസുകള്‍ അഗത്തിയില്‍ അവസാനിക്കുന്നു. റിസോര്‍ട്ടുകളും ജലവിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
ലക്ഷദ്വീപസമൂഹത്തില്‍ ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള ദ്വീപ് അഗത്തി ആണ്. അതുകൊണ്ട്തന്നെ ഇന്ത്യന്‍ യൂണിയന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായും അഗത്തി ദ്വീപിനെ പരിഗണിക്കുന്നത്.
അമിനി
കൊച്ചിയില്‍ നിന്ന് 407 കിലോമീറ്റര്‍ അകലെ ദീര്‍ഘവൃത്താകൃതിയിലുള്ള ദ്വീപാണ് അമിനി.
അമിനിയുടെ തെക്ക് കവരത്തി ദ്വീപും വടക്ക് കടമത്തുമാണ്. അമിനിയില്‍ ഒന്നര ചതുരശ്ര കിലോമീറ്റര്‍ ലഗൂണ്‍ ഉണ്ട്. സമുദ്രനിരപ്പില്‍ നിന്ന് മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമിനി ദ്വീപിന്‍റെ നടുഭാഗം കുഴിഞ്ഞ നിലയിലാണ്.
പവിഴപ്പുറ്റും ഇഷ്ടികയും ഉപയോഗിച്ചാണ് ഇവിടെയുള്ളവര്‍ വീടുകള്‍ പണിയുന്നത്. ഊന്നുവടികളും ആമത്തോട് ചിരട്ട തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും നിര്‍മിക്കുന്നതില്‍ വിദഗ്ദരാണ് ഇവിടെയുള്ളവര്‍. കല്ലിലെ കൊത്തുപണികളുടെയും നാടന്‍പാട്ടിന്‍റെയും പേരില്‍ പ്രശസ്ഥമാണ് ഈ ദ്വീപ്.
വിശ്വസ്തത എന്നര്‍ത്ഥമുള്ള അമീന്‍ എന്ന അറബി വാക്കില്‍നിന്നാണ് അമിനി എന്ന പേരുണ്ടായത്. കേരളത്തിനു സമാനമായ കാലാവസ്ഥയാണ് അമിനിയിലും.
ആന്ത്രോത്ത്
ലക്ഷദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ആന്ത്രോത്ത്. 4.90 ചതുരശ്രകിലോമീറ്റര്‍ ആണ് ഈ ദ്വീപിന്‍റെ വിസ്തൃതി.
കവരത്തില്‍ നിന്ന് 119 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 293 കിലോമീറ്ററും അകലെയാണ് ആന്ത്രോത്ത്. ലഗൂണ്‍ മേഖല ഏറ്റവും കുറവുള്ള ദ്വീപാണിത്. ലക്ഷദ്വീപസമൂഹത്തിലെ മിക്ക ദ്വീപുകളും തെക്ക്വടക്കു ദിശയില്‍ സ്ഥിതി ചെയ്യുമ്പോള്‍ ആന്ത്രോത്ത് ദ്വീപ് കിഴക്ക്പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. തെങ്ങുകള്‍ സമൃദ്ധിയായി വളരുന്നതിനാല്‍ കയര്‍, കൊപ്ര, മീന്‍ തുടങ്ങിയവയാണ് ഇന്നാട്ടുകാരുടെ പ്രധാന വ്യാപാരം.
ലക്ഷദ്വീപുകളില്‍ മുസ്‌ലീം മതം പ്രചരിപ്പിച്ചു എന്നു കരുതപ്പെടുന്ന വിശുദ്ധ ഉബൈദുള്ളയുടെ കബറിടം സ്ഥിതിചെയ്യുന്നത് ആന്ത്രോത്തിലെ പള്ളിയിലാണ്. ഉബൈദുള്ളയുടെ പിന്‍മുറക്കാരായുള്ളവര്‍ ഇപ്പോഴും ദ്വീപിലുണ്ട്. ഖാസിമാര്‍ എന്നാണ് ഇവരെ ബഹുമാനപൂര്‍വം വിളിക്കുന്ന പേര്.
ബംഗാരം
ലക്ഷദ്വീപുകളിലെ ഏറ്റവും വശ്യമനോഹരമായ ദ്വീപുകളിലൊന്നാണ് ബംഗാരo. ഒരു കണ്ണുനീര്‍ത്തുള്ളിയുടെ ആകൃതിയാണ് ബംഗാരം ദ്വീപിന്.
ബംഗാരത്തില്‍ നൂറില്‍ താഴെ മാത്രമേ ജനസംഖ്യയുള്ളൂ. ശാന്തമായ തെളിഞ്ഞ നീലക്കടല്‍ ലഗൂണുകള്‍ ഇവിടം സഞ്ചാരികളുടെ സ്വര്‍ഗമാക്കുന്നു.
ബിത്ര
ലക്ഷദ്വീപുകളിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര.105 ചതുരശ്രമീറ്റര്‍ മാത്രമാണ് ദ്വീപിന്റെ വിസ്തൃതി. കരഭൂമി കുറവാണെങ്കിലും 45.61 ചതുരശ്ര കിലോമീറ്റര്‍ ലഗൂണ്‍ ബിത്രയോടു ചേര്‍ന്നുണ്ട്.
പണ്ട് നിരവധി അപൂര്‍വ്വ പക്ഷികളുടെ ആവാസകേന്ദ്രമായിരുന്നു ബിത്രകില്‍ത്തന്‍ ചെത്ലത്ത് ദ്വീപുനിവാസികളുടെ ഏറ്റവും പ്രിയപ്പെട്ട നായാട്ടു കേന്ദ്രവുമായിരുന്നു ഇവിടം. മാലിക് മുല്ല എന്ന അറബ് പുരോഹിതന്‍റെ പള്ളിയും കബറിടവും ഇവിടെയുണ്ട്.
ചെത്ലത്ത് ദ്വീപില്‍നിന്നുള്ള ഒരു സ്ത്രീയും ,മകനുമാണ് 1945-ല്‍ ആദ്യമായി ഇവിടെ കുടിയേറിയത് എന്നു കരുതുന്നു.
ചെത്ലത്ത്
1.60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ലഗൂണ്‍ ദ്വീപിന് സ്വന്തമായുണ്ട്. ദ്വീപിന്‍റെ കിഴക്കന്‍തീരത്ത് ഉടനീളം പവിഴപ്പുറ്റു നിരയാണ്. ലക്ഷദ്വീപസമൂഹത്തില്‍ ഏറ്റവും വടക്കുള്ളതും ഏറ്റവും ജനവാസമുള്ളതുമായ ദ്വീപാണ് ചെത്ലത്ത്.
കയറുപിരിക്കല്‍ ആണ് ദ്വീപുനിവാസികളുടെ പ്രധാന തൊഴില്‍. പായനിര്‍മാണവും ഓലമെടയലും ഉപതൊഴിലുകളാണ്. ചെത്ലത്ത് ദ്വീപില്‍ വളര്‍ന്നു വരുന്ന പ്രമുഖ വ്യവസായമാണ് ബോര്ട്ടു നിര്‍മ്മാണം. അമിനി, കടമത്ത്, കില്‍ത്തന്‍, ചെത്ലത്ത്, ബിത്ര എന്നിവയുള്‍പ്പെടുന്ന അമിന്‍ദിവി ദ്വീപസമൂഹത്തിനു ആവശ്യമായ ബോട്ടുകള്‍ നിര്‍മിക്കുന്നത് ചെത്ലത്തിലാണ്.
കടമത്ത്
ലക്ഷദ്വീപസമൂഹത്തിലെ ഏറ്റവും നീളമുള്ളതും വീതി കുറഞ്ഞതുമായ ദ്വീപാണ് കടമത്ത്.
അര കിലോമീറ്റര്‍ വീതിയും 11 കിലോമീറ്റര്‍ നീളവുമാണ് ദ്വീപിനുള്ളത്.3.20 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തൃതി. കടല്‍നിരപ്പില്‍ നിന്ന് രണ്ട് മുതല്‍ നാലു കിലോമീറ്റര്‍ വരെ ഉയരത്തില്‍ നിരപ്പായാണ് ദ്വീപിന്‍റെ കിടപ്പ്. 37 ചതുരശ്രകിലോമീറ്ററോളം ലഗൂണ്‍ ഉണ്ട്. മനോഹരമായ ലഗൂണ്‍ ദ്വീപിനെ കടല്‍ വിനോദങ്ങള്‍ക്ക് അനുയോജ്യകേന്ദ്രമാക്കി മാറ്റുന്നു. സൂര്യസ്നാനത്തിന് അനുയോജ്യമായ കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന ബീച്ചുകള്‍ ദ്വീപിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനായി തെങ്ങോല മേഞ്ഞ കുടിലുകളും കടല്‍ത്തീരത്തുണ്ട്.
കടമത്ത് ദ്വീപില്‍ ഒരു കുഷ്ഠരോഗാശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. കടമത്ത് ദ്വീപിലെ ചുണ്ണാമ്പുക്കല്ലുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കാറുണ്ട്.
കല്‍പേനി
ലക്ഷദ്വീപസമൂഹത്തില്‍ വിനോദസഞ്ചാരത്തിനു പ്രാധാന്യമുള്ള മറ്റൊരു ദ്വീപാണ് കല്‍പേനി. ആന്ത്രോത്തില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് പ്രകൃതിസുന്ദരമായ കല്‍പേനി ദ്വീപുള്ളത്.
സാഹസിക ജലവിനോദങ്ങള്‍ക്ക് അനുയോജ്യമായ പ്രശാന്തമായ കടല്‍ ത്തീരമാണ് കല്‍പേനിയില്‍, വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ കല്‍പേനിയില്‍ ഉണ്ട്. സ്വര്‍ണനിറമാര്‍ന്ന മണല്‍പ്പരപ്പും സ്ഫടികം പോലെ തെളിഞ്ഞ കടലും സുതാര്യമായ വെള്ളത്തിലൂടെ കാണാവുന്ന വര്‍ണശബളമായ പവിഴപ്പുറ്റും നാനാ ജാതി വര്‍ണ മത്സ്യങ്ങളുമൊക്കെ ചേര്‍ന്ന് കല്‍പേനിയെ വിനോദസഞ്ചാരികളുടെ സ്വര്‍ഗമാക്കുന്നു.
25.60 ചതുരശ്ര കിലോമീറ്റര്‍ ലഗൂണ്‍ സ്വന്തമായുള്ള കല്‍പേനി സമുദ്രനിരപ്പില്‍ നിന്ന് രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തിലാണ്.
തനതായ സാമൂഹ്യസാംസ്കാരിക പ്രത്യേകതകളോടുകൂടിയ ജനതയാണ് കല്‍പേനിക്കാര്‍. സരോംഗ് എന്ന് വിളിക്കുന്ന മനോഹരമായ പാവാടയാണ് കല്‍പേനിയിലെ സ്ത്രീകളുടെ വസ്ത്രം.പരിചകളി, കോല്‍ക്കളി തുടങ്ങിയവയിലൊക്കെ വിദഗ്ദരാണ് കല്‍പേനി നിവാസികള്‍. കവരത്തിക്ക് തെക്കുകിഴക്കായും ആന്ത്രോത്ത് മിനിക്കോയി ദ്വീപുകള്‍ക്ക് മധ്യത്തിലുമാണ് കല്‍പേനി സ്ഥിതിചെയ്യുന്നത്.
ആദ്യകാലത്ത് ഈ ദ്വീപ് ഇന്നു കാണുന്ന ആകൃതിയില്‍ ആയിരുന്നില്ല. 1847-ല്‍ ലക്ഷദ്വീപ സമൂഹത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റും കനത്ത പേമാരിയും കാരണം ദ്വീപിന്‍റെ രൂപം തന്നെ മാറിപ്പോയി. പല ഭാഗങ്ങളും വെള്ളത്തനടിയില്‍ ആകുകയും മറ്റും ചെയ്ത ദ്വീപ് ഇന്ന് കാണുന്ന രൂപത്തിലായി.
കവരത്തി
കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ സമൂഹത്തിന്‍റെ ആസ്ഥാനമാണ് കവരത്തി ദ്വീപ്. ലക്ഷദ്വീപ് സമൂഹത്തിന്‍റെ മധ്യത്തിലാണ് കവരത്തിയുടെ സ്ഥാനം. കവരത്തി ദ്വീപിനു ഇരുവശത്തുമായി അഗരത്തി, ആന്ത്രോത്ത് ദ്വീപുകള്‍ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു അഞ്ച് കിലോമീറ്റര്‍ വരെയുമാണ് സമുദ്രനിരപ്പില്‍നിന്ന് ദ്വീപിന്റെ ഉയരം ദ്വീപിനുള്ളില്‍ ഒരു കൊച്ചു തടാകമുണ്ട്. ദ്വീപിനു ചുറ്റും മനോഹരമായ ലഗൂണുമുണ്ട്.
നക്ഷത്രമത്സ്യം, കടല്‍വെള്ളരിക്ക തുടങ്ങിയ ജീവികള്‍ ഈ ലഗൂണുകളില്‍ ധാരാളം ആയി കണ്ടുവരുന്നു. ലക്ഷദ്വീപിനു പുറത്ത്നിന്ന് വന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ളതും കവരത്തിയിലാണ്. ലക്ഷദ്വീപസമൂഹത്തില്‍ ഏറ്റവുമധികo പള്ളികളുള്ള ദ്വീപാണ് കവരത്തി. 52 പള്ളികളാണ് ഇവിടെ ആകെയുള്ളത്.
കവരത്തി ദ്വീപിലെ ഉജ്ര പള്ളിയോടു ചേര്‍ന്ന് വിശാലമായ ഒരു അക്വേറിയമുണ്ട്. സ്രാവും നീരാളിയും കടല്‍വെള്ളരിക്കയും നാനാജാതി അപൂര്‍വ വര്‍ണമത്സ്യങ്ങളും ഈ അക്വേറിയത്തില്‍ ഒരുമിച്ചു കഴിയുന്നു.
കവരത്തി ദ്വീപിനെ ലക്ഷദ്വീപസമൂഹത്തിന്‍റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാം. ഭരണപരമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇവിടെയാണ്.
കില്‍ത്തന്‍
അമിനി ദ്വീപില്‍നിന്ന് 51 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് കില്‍ത്തന്‍ എന്ന ദ്വീപിലുള്ളത്.2.20 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ചെറിയൊരു ദ്വീപാണിത്.
ഒന്നേമുക്കാല്‍ ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് കില്‍ത്തനിലെ ലഗൂണിന്റെ വിസ്തൃതി. ഗള്‍ഫ് കടലിടുക്കും ശ്രീലങ്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍’പ്പാതയിലാണ് കില്‍ത്തന്‍റെ സ്ഥാനം. നിബിഡവനങ്ങളും നിരവധി പാറക്കൂട്ടങ്ങളും ഈ ദ്വീപിലുണ്ട്.
മിനിക്കോയി
ലക്ഷദ്വീപസമൂഹത്തില്‍ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപാണ് മിനിക്കോയി. കൊച്ചിയില്‍ നിന്ന് 398 കിലോമീറ്റര്‍ അകലെയുള്ള മിനിക്കോയി മാലിദ്വീപിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.
മാലിദ്വീപിലേക്ക് ഇവിടെനിന്ന് 130 കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. കടല്‍നിരപ്പില്‍നിന്ന് 2 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തിലാണ് ദ്വീപിലുള്ളത്.
അര്‍ധചന്ദ്രാകൃതിയിലുള്ള മിനിക്കോയി ലക്ഷദ്വീപുകളില്‍ വലുപ്പത്തില്‍ രണ്ടാമതാണ്. ദ്വീപസമൂഹത്തിലെ വടക്കന്‍ ദ്വീപുകളുമായി വലുപ്പത്തില്‍ രണ്ടാമതാണ്. ദ്വീപസമൂഹത്തിലെ വടക്കന്‍ ദ്വീപുകളുമായി സാമൂഹിക സാസ്കാരിക രീതികളില്‍ ഏറെ വ്യത്യാസമുണ്ട് മിനിക്കോയിക്ക്. മാലിദ്വീപിന്‍റെ ഭാഗമായ തുറക്കുന്ന് എന്ന ദ്വീപാണ് മിനിക്കോയിയുടെ ഏറ്റവും അയല്‍പക്കക്കാര്‍. നൂറു കിലോമീറ്റര്‍ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. അതുകൊണ്ടുതന്നെ ഭാഷയിലും സംസ്കാരത്തിലുമൊക്കെ മിനിക്കോയിക്കാര്‍ക്ക് മാലിദ്വീപുകാരോടാണ് സാമ്യം മിനിക്കോയി ഒരു കാലത്ത് മാലിദ്വീപ് ഭരണാധികാരികളുടെ അധീനതയിലായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു.
മിനിക്കോയിയുടെ ഒരു പ്രധാന പ്രത്യേകത അവിടത്തെ ഗ്രാമീണ വ്യവസ്ഥയാണു അവ എന്നറിയപ്പെടുന്ന ഈ സമ്പ്രദായത്തില്‍ ദ്വീപിനെ പത്തു ഗ്രാമങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ ഗ്രാമത്തിനും തലവനായി ഒരു മൂപ്പന്‍ ഉണ്ടായിരിക്കും. എല്ലാ ഗ്രാമത്തിലും ഭരണകേന്ദ്രമായി ഗ്രാമവീട് ഉണ്ട്. ഓരോ ഗ്രാമത്തിന്റെയും ഭരണാധികാരിയായി ഒരു ബോധുക്കാക്കയും ബോധുദാത്തയും ഉണ്ടായിരിക്കും. ഇവരുടെ സഹായിയായി ഒരു രണ്ടാം ബോധുകാക്കയും രണ്ടാം ബോധുദാത്തയും ഉണ്ട്. ഗ്രാമത്തിലെ ആഭ്യന്തര കാര്യങ്ങള്‍ ബോധുകാക്കയും പുറലോകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടാം ബോധുകാക്കയുമാണ് നിയന്ത്രിക്കുക. ഗ്രാമവീട്ടിലാണ് ഗ്രാമീണരുടെ കൂട്ടായ്മകള്‍ നടക്കുന്നത്, ഈദ് തുടങ്ങിയ പൊതു ഉത്സവങ്ങള്‍ ഗ്രാമവീടുകളിലാണ് ആഘോഷിക്കുക, സമൃദ്മായ വിരുന്നും ഉണ്ടാകും.
ദ്വീപുനിവാസികള്‍ തങ്ങളുടെ വീടുകള്‍ വൃത്തിയായും അടുക്കും ചിട്ടയോടെയുമാണ് പരിപാലിക്കുന്നത്. നിറങ്ങളോട് പ്രത്യേക പ്രതിപതത്തിയാണ് ഇന്നാട്ടുകാര്‍ക്കുള്ളത്. വീടുകള്‍ മനോഹരമായി പെയിന്‍റ് ചെയ്തിരിക്കും.മിക്ക വീടുകളിലും ഭംഗിയായി അലങ്കരിച്ച തടി കൊണ്ടുള്ള ഊഞ്ഞാല്‍ കട്ടില്‍ ഉണ്ട്. കൊത്തുപണികളും പെയിന്റിംഗും ചെയ്ത തടി പലകകള്‍ ഉപയോഗിച്ച് അവര്‍ വീടും ബോട്ടും അലങ്കരിക്കുന്നു. ബോട്ട് മോഡലിംഗ് മിനിക്കോയിക്കാരുടെ പ്രിയപ്പെട്ട കലാപരിപാടിയാണ്.
ലവ, താര, ദണ്ടി, ഫുളി, ബണ്ടിയ തുടങ്ങിയവ മിനിക്കോയിക്കാരുടെ പരമ്പരാഗത നൃത്തരൂപങ്ങളാണ്, കമനീയമായി അലങ്കരിച്ച തോണിയാണ് ഇവര്‍ മത്സര വള്ളംകളിക്കും വിശിഷ്ടാതിഥികളെ സ്വീകരിക്കാനും ഉല്ലാസയാത്ര പോകാനുമൊക്കെ ഉപയോഗിക്കുന്നത്.
മറ്റു ദ്വീപുകളില്‍ നിന്ന് വ്യത്യസ്തമായി മഹല്‍ എന്ന ഭാഷയാണ് ഇന്നാട്ടുകാര്‍ സംസാരിക്കുക. മാലിദ്വീപിലെ ഔദ്യോഗികഭാഷയായ ദ്വിവേഹിയുമായി സാമ്യമുള്ളതാണിത്.