BhutanCountryEncyclopedia

ഭൂട്ടാനിലെ ഭാഷകള്‍ പല വിധം

ഭൂട്ടാനില്‍ പല വിഭാഗക്കാരും പല ഭാഷകളാണ് സംസാരിച്ചിരുന്നത്.20 ആം നൂറ്റാണ്ടുവരെ ഈ ഭാഷയ്ക്കൊന്നിനും ലിഖിതരൂപമില്ലായിരുന്നു. വിദ്യഭ്യാസത്തിനായി സന്യാസമടങ്ങളില്‍ ഉപയോഗിച്ചിരുന്നത് ക്ലാസിക്കല്‍ ടിബറ്റന്‍ ഭാഷയായ ചോ കെ ആയിരുന്നു.
സോംഘയാണ് ഭൂട്ടാന്റെ ദേശീയ ഭാഷ. 1960 കള്‍ മുതല്‍ ഈ ഭാഷ ചോകെ യുടെ ലിപി ഉപയോഗിച്ച് എഴുതിത്തുടങ്ങി. ഗ്യാലോങ്, തിമ്പുതാഴ്വര, കിഴക്കന്‍ഭൂട്ടാന്‍ എന്നിവിടങ്ങളിലെ മാതൃഭാഷയുമാണ് ഔദ്യോഗികഭാഷയായ സോംഘ. തെക്കന്‍ മേഖലയില്‍ ഈ ഭാഷയ്ക്ക്‌ പ്രചാരമില്ലായിരുന്നു. 1990 കളില്‍ സ്കൂളുകളില്‍ സോംഘാപഠനം നിര്‍ബന്ധമാക്കിയതോടെ തെക്കന്‍ പ്രദേശങ്ങളില്‍ ഉള്ളവരും ഈ ഭാഷ പഠിക്കാന്‍ തുടങ്ങി. പതുക്കെ രാജ്യത്തുടനീളം സോംഘ ഭാഷയ്ക്ക്‌ പ്രചാരം ലഭിച്ചു. ഭൂട്ടാന്റെ ദേശീയബോധം ശക്തിപ്പെടുത്തുന്നതിനും സംസ്കാരം സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗമായി സര്‍ക്കാര്‍ ദേശീയ ഭാഷയുടെ വളര്‍ച്ചയെ കാണുന്നു.
സോംഘ കൂടാതെ പ്രധാനമായും മൂന്നു ഭാഷാ ഗ്രൂപ്പുകളുണ്ട്‌ ഭൂട്ടാനില്‍. മധ്യഭാഗത്ത് ബൂംതാംഘ, കിഴക്ക് ഷാര്‍ചോപ്ഖാ, തെക്ക് നേപ്പാളി എന്നിവയാണവ.20 ആം നൂറ്റാണ്ടില്‍ നേപ്പാളില്‍ നിന്ന് ഭൂട്ടാനിലേക്ക് കുടിയേറിത്താമാസിച്ചവരാണ് നേപ്പാളി സംസാരിക്കുന്നത്. ഇവരില്‍ പലര്‍ക്കും നേപ്പാളി അല്ലാതെ അവരവരുടേതായ ഭാഷ ഉണ്ട്. നേപ്പാളിയോടൊപ്പം അതും അവര്‍ സംസാരിക്കുന്നു. ഉദാഹരണത്തിന് നേപ്പാളില്‍ നിന്നെത്തിയ തമാങ് വിഭാഗക്കാര്‍ക്ക് നേപ്പാളി കൂടാതെ തമാങ് എന്ന ഭാഷ അറിയാം.
ഇംഗ്ലിഷിനും ഭൂട്ടാനില്‍ പ്രചാരമുണ്ട്. സ്കൂളുകളില്‍ പഠനമാധ്യമം ഇംഗ്ലീഷ് ആണ്.