കങ്കാരു
ഓസ്ട്രേലിയൽ ഏകദേശം 47 ജൈവവർഗ്ഗങ്ങളിലുള്ള സഞ്ചിമൃഗങ്ങളെയെല്ലാം പൊതുവായി കങ്കാരു എന്നു വിളിക്കുന്നു. മാക്രോപോഡിയ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയിൽ മിക്കതും കരയിൽ ജീവിക്കുന്നവയും സസ്യഭുക്കുകളും ആണ്. മിക്കവയും ഓസ്ട്രേലിയയിലെ സമതലങ്ങളിൽ മേയുന്നു. സാധാരണയായി ഇവയ്ക്ക് നീണ്ട ശക്തമായ പിൻകാലുകളും പാദങ്ങളും കീഴറ്റം തടിച്ച നീണ്ട ഒരു വാലും ഉണ്ട്. പിൻകാലുകൾ ഇവയെ സ്വയം പ്രതിരോധത്തിനും നീണ്ട ചാട്ടത്തിനും സഹായിക്കുന്നു. വാൽ സമതുലിതാവസ്ഥയ്ക്ക് ഉപയോഗിക്കപ്പെടുന്നു. ചെറിയ തലയും വലിയ വൃത്താകൃതിയിലുള്ള ചെവികളും ഉള്ള ഇവയുടെ രോമം മൃദുലവും കമ്പിളി പോലെയുള്ളതുമാണ്.
പെൺകാംഗരൂകൾക്ക് ഓരോ വർഷത്തിലും ഓരോ കാംഗരൂ കുഞ്ഞ് (ജോയ്) ജനിക്കുന്നു. ആറു മാസക്കാലം കാംഗരൂ കുഞ്ഞ് അമ്മയുടെ വയറ്റിൽ ഉള്ള സഞ്ചിയിൽ കിടന്ന് മുലകുടിച്ച് വളരുന്നു. പിന്നീട് പലപ്പോഴും പുറത്തിറങ്ങുകയും, ഈ സഞ്ചിയിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നു. നരയൻ കാംഗരൂവാണ് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഇനം. ഇതിനു മുപ്പത് അടിയിൽ (9 മീറ്റർ) കൂടുതൽ ചാടാൻ കഴിയും. ചുവപ്പ് കാംഗരൂവാണ് ഏറ്റവും വലിയ ഇനം.
മാംസത്തിനും തോലിനും വേണ്ടി കൊല്ലപ്പെടുന്നതുകൊണ്ടും കന്നുകാലികളുടെ കൂട്ടത്തിൽ ആഹാരത്തിനായി മത്സരിക്കേണ്ടതുകൊണ്ടും ചില ഇനം കാംഗരൂകളുടെ അംഗസംഖ്യ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കുറഞ്ഞു വരുന്നു. എങ്കിലും എല്ലാ ഇനങ്ങളും ചേർന്നാൽ ഓസ്‌ട്രേലിയയിൽ ഇവയുടെ എണ്ണം ജനസംഖ്യയേക്കാൾ ഏകദേശം രണ്ടിരട്ടിയുണ്ട്.