ആദ്യ രാജാവ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഭൂട്ടാനില്‍ ആഭ്യന്തരകലഹങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. എന്നാല്‍ 1885 ല്‍ ഉഗ്യന്‍ വാങ് ചുക് എതിരാളികളെ തോല്‍പ്പിച്ച് ഭൂട്ടാനെ ഏകഭരണത്തില്‍ കൊണ്ടുവന്നു.
ആ സമയത്ത് ഉപഭൂഖണ്ഡത്തിലുടനീളം ബ്രിട്ടീഷുകാരുടെ ആധിപത്യമായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ഉഗ്യാന്‍ വാങ് ചുക് തീരുമാനിച്ചു.1904 ല്‍ ബ്രിട്ടന്റെ ടിബറ്റ് പ്രവേശനത്തില്‍ ഉഗ്യാന്‍ അകമ്പടി സേവിക്കുകയും ടിബറ്റും ബ്രിട്ടനുമായി ഒരു ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
ഉഗ്യാന്റെ കീഴില്‍ മൂന്നു ദശാബ്ദക്കാലം ഭൂട്ടാന്‍ സമാധാനത്തില്‍ കഴിഞ്ഞു.1907 ഡിസംബര്‍ 17 നു ഭൂട്ടാനിലെ മതാധിപന്മാരും ഭരണാധികാരികളും ഏകപക്ഷീയമായി ഉഗ്യന്‍ വാങ്ചുകിനെ രാജാവായി പ്രഖ്യാപിച്ചു. ‘ഡ്രൂക് ഗ്യാല്‍പോ’(വ്യാളി രാജാവ്) എന്നായിരുന്നു ഉഗ്യന്‍ സ്വീകരിച്ച സ്ഥാനപ്പേര്. അങ്ങനെ ഭൂട്ടാനില്‍ പരമ്പരാഗത രാജ ഭരണസമ്പ്രദായം ഉദയം ചെയ്തു.