EncyclopediaHistory

പകയുടെ തീക്കനല്‍

പത്തൊമ്പത് വയസുകാരനായ ഷേര്‍സിംഗും കൂട്ടുകാരനും മൈതാനത്ത് പ്രസംഗം കേള്‍ക്കുകയായിരുന്നു. പെട്ടെന്നാണ് പുറകില്‍ നിന്ന് വെടിയൊച്ച കേട്ടത്. ഷേര്‍സിംഗ് വേഗം നിലത്ത് കമിഴ്ന്നു കിടന്നു. കൂട്ടുകാരന് അപ്പോഴേക്കും വെടിയേറ്റു. വെടിയൊച്ച തുടരെത്തുടരെ മുഴങ്ങിക്കൊണ്ടിരുന്നു. അമൃത്സറിലെ ജാലിയന്‍വാലബാഗ് മൈതാനത്ത് 1919 ഏപ്രില്‍ 13-നായിരുന്നു സാധാരണക്കാര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് സൈന്യം വെടിവെച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന ക്രൂരമായ ആ വെടിവയ്പില്‍ നിരപരാധികളായ ആയിരകണക്കിന് പേര്‍ മരിച്ചു വീണു. അവരുടെ അലമുറകളും അവസാനപിടച്ചിലുകളും ഷേര്‍സിoഗിന്‍റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.താന്‍ കിടക്കുന്ന മണ്ണ് ചോര വീണു കുതിരുന്നതും അവനറിഞ്ഞു.
വെടിയൊച്ച നിലച്ചപ്പോള്‍ ഷേര്‍ സിംഗ് ചാടിയെഴുന്നേറ്റു. വെടിയേറ്റ് വീണു കിടന്നവരില്‍ ജീവന്‍റെ തുടിപ്പുള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ അവന്‍ പാഞ്ഞുനടന്നു. അപ്പോള്‍ ഷേര്‍സിംഗ് കണ്ട കാഴ്ച അതിഭീകരമായിരുന്നു. ചോരവാര്‍ന്നു മരിച്ചുകിടക്കുന്ന അമ്മമാര്‍, കുട്ടികള്‍, പ്രായം ചെന്നവര്‍, യുവാക്കള്‍, മരണത്തോടടുക്കുന്നവരുടെ ആര്‍ത്ത നാദങ്ങളും പിടച്ചിലുകളും, പരുക്കേറ്റ്‌ വേദനകൊണ്ട് പുലയുന്നവര്‍, രക്തമൊഴുകി കുതിര്‍ന്ന മണ്ണില്‍ പിടയുന്ന മനസ്സോടെ ഷേര്‍സിംഗ് നിന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഓടി നടന്നു, അപ്പോഴൊക്കെ അവന്‍റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. ഈ കൊടും ക്രൂരതയ്ക്ക് ഉത്തരവ് കൊടുത്ത നരാധമനെ ഒരിക്കല്‍ ഞാന്‍ വെടിവച്ച് വീഴ്ത്തും ഇത് സത്യം…
ആ ഷേര്‍സിംഗ് പിന്നീട് ഉദ്ദംസിംഗായി ഇന്ത്യയിലും വിദേശങ്ങളിലും പല ജോലികളും ചെയ്തു, എന്നാല്‍ അവന്റെ മനസ്സില്‍ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ജാലിയന്‍ വാലാ ബാഗില്‍ വെടിവയ്പിന് ഉത്തരവാദിയായ ഡയറിനെ അതേ രീതിയില്‍ വധിക്കുക.
പഞ്ചാബിലെ സംഗരൂര്‍ ജില്ലയില്‍ സുനാം എന്ന കൊച്ചു പട്ടണത്തിലാണ് ഷേര്‍സിംഗ് ജനിച്ചത്.1899 ഡിസംബര്‍ 26-ന്, മക്താസിംഗ് എന്നൊരു സഹോദരനും അവനുണ്ടായിരുന്നു. അവന്‍ കുട്ടിയായിരിക്കുമ്പോഴേ അമ്മ മരിച്ചു. റെയില്‍വേയില്‍ വാച്ച്മാനായിരുന്നു അച്ഛന്‍, അദ്ദേഹവും വൈകാതെ അവരെ വിട്ടുപോയി, മാതാപിതാക്കളുടെ മരണത്തോടെ അനാഥരായ അവര്‍ പിന്നീട് ഒരു അനാഥാലയത്തിലാണ് വളര്‍ന്നത്. അവിടെ വച്ച് അവരുടെ പേരുകള്‍ മാറ്റപ്പെട്ടു. ഷേര്‍സിംഗ് ഉദ്ദംസിംഗും, മുക്താസിംഗ് സാധു സിംഗുമായി , ഉദ്ദംസിംഗിന് പതിനേഴുവയസ്സുള്ളപ്പോള്‍ സഹോദരനും മരിച്ചു. അങ്ങനെ അവന്‍ ഈ ലോകത്തില്‍ തനിച്ചായി.
മെട്രിക്കുലേഷന്‍ ജയിച്ച ഉദ്ദംസിംഗ് അനാഥാലയത്തോട് വിട പറഞ്ഞു. അതിനടുത്തവര്‍ഷമായിരുന്നു ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കൊല അരങ്ങേറിയത്. അതിന്‍റെ ഭീകരാവസ്ഥ കണ്‍മുന്നില്‍ കണ്ട ഉദ്ദംസിംഗിന്റെ മനസ്സില്‍ ബ്രിട്ടീഷുകാരോടുള്ള പക ആളിക്കത്തി. സ്വാതന്ത്ര്യസമരരംഗത്ത് അവന്‍ മുന്നണിപ്പോരാളിയായി ഡോ. സയ്ഫുദീന്‍ കിച്ച്ലു സ്ഥാപിച്ച സ്വരാജ് ആശ്രമത്തില്‍ കുറച്ചുകാലം ചെലവഴിച്ചു. ക്രമേണ വിപ്ലവകാരികളുമായി ബന്ധപ്പെടാന്‍ തുടങ്ങി. ഭഗത് സിംഗിനെ പരിചയപ്പെട്ടു. വൈകാതെ ഭഗത്തിനെ ഉദ്ദംസിംഗ് ഗുരുവായി കണക്കാക്കുകയും ചെയ്തു. ദേശഭക്തി ജ്വലിക്കുന്ന വിപ്ലവഗോനങ്ങള്‍ പാടി നടക്കുകയായിരുന്നു അവന്റെ ഇഷ്ടവിനോദം.
ഇടയ്ക്ക് കരാറുകാരന്‍റെ ചില ജോലികളും ഉദ്ദംസിംഗ് ചെയ്തു. അയാളോടൊപ്പം ജോലിക്കായി ആഫ്രിക്കയില്‍ പോകാനും അവസരം ലഭിച്ചു. അവിടെ ജോലി ചെയ്യ്തുണ്ടാക്കിയ പണവുമായി അമേരിക്കയിലേക്ക് തിരിച്ചു. അവിടെ ഇന്ത്യക്കാര്‍ മാതൃരാജ്യത്തിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി ഒരു സംഘടന രൂപീകരിച്ചത് അറിയാനിടയായ ഉദ്ദംസിംഗ് അതിലെ അംഗങ്ങളെ പോയി കണ്ടു. അവരുടെ പ്രവര്‍ത്തങ്ങളില്‍ അവനു വലിയ മതിപ്പ് തോന്നി, ഈ സമയത്താണ് നാട്ടിലേക്ക് മടങ്ങിച്ചെന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ ഭഗത്സിംഗ് നിര്‍ദ്ദേശിച്ചത്. അമേരിക്കയിലെ ദേശസ്നേഹികളായ ഇന്ത്യക്കാരുടെ സഹായത്താല്‍ കുറച്ച് ആയുധങ്ങളും വാങ്ങി അവന്‍ ഇന്ത്യയിലേക്ക് തിരിച്ചു.
വിപ്ലവപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഉദ്ദംസിംഗിനെ 1917 ഓഗസ്റ്റില്‍ പോലീസ് പിടികൂടി. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈയില്‍ സൂക്ഷിച്ചതിനായിരുന്നു അറസ്റ്റ്, ഏതാനും ആയുധങ്ങള്‍ അവര്‍ കണ്ടെടുക്കുകയും ചെയ്തു.തുടര്‍ന്നു അഞ്ചു വര്‍ഷത്തെ കഠിനതടവിനു അവനെ ശിക്ഷിച്ചു. ഇന്ത്യയില്‍ കിരാതഭരണം നടത്തുന്ന ബ്രിട്ടീഷ്കാരെ കൊന്നൊടുക്കാനാണ് ആയുധം കൈയില്‍ വച്ചതെന്ന് ഉദ്ദംസിംഗ് തുറന്നു സമ്മതിച്ചു. അഞ്ചുവര്‍ഷത്തിനുശേഷം ജയിലില്‍ നിന്ന് പുറത്തുവന്നെങ്കിലും അവന്‍ എപ്പോഴും രഹസ്യ പോലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു. വീണ്ടും രാജ്യം വിടാന്‍ ഉദ്ദംസിംഗ് തീരുമാനിച്ചു. പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. ഒടുവില്‍ ഒരു കള്ളപ്പേരില്‍ ഇംഗ്ലണ്ടിലേക്ക് പാസ്പോര്‍ട്ട് സംഘടിപ്പിച്ചു.
തന്‍റെ ഗ്രാമം ഒരിക്കല്‍ക്കൂടി സന്ദര്‍ശിച്ചിട്ട് ഉദ്ദംസിംഗ് പാരീസും സ്വിറ്റ്സര്‍ലന്‍ണ്ടും വഴി ഇംഗ്ലണ്ടിലെത്തി. അവിടെയും കള്ളപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. വര്‍ഷങ്ങള്‍ പലതുക്കഴിഞ്ഞെങ്കിലും ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊല ഉദ്ദംസിംഗിന്‍റെ ഉള്ളില്‍ നീറിപ്പുകഞ്ഞു നിന്നു. അതിനുത്തരവാദികളായവരെ എങ്ങനെ ഇല്ലാതാക്കാം എന്ന് അദ്ദേഹം തലപുകഞ്ഞ് ആലോചിച്ചു. അതിനുള്ള പല പദ്ധതികളും ആസൂത്രണം ചെയ്തു. ജാലിയന്‍ വാലാ ബാഗ് സംഭവം നടക്കുന്ന കാലത്ത് പഞ്ചാബ് ഗവര്‍ണറായിരുന്ന മൈക്കല്‍ഡയര്‍ അപ്പോള്‍ ഇംഗ്ലണ്ടിലുണ്ടായിരുന്നു. ഡയറിന്റെ നീക്കങ്ങളെല്ലാം ഉദ്ദംസിംഗ് അപ്പപ്പോള്‍ മനസ്സിലാക്കി, അങ്ങനെ റോയല്‍ സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടെ ലണ്ടനിലെ കാക്സ്റ്റന്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ അദ്ദേഹം എത്തുമെന്നും അറിഞ്ഞു. 1940 മാര്‍ച്ച് 13-നായിരുന്നു ആ യോഗം. വലിയൊരു ബുക്കിനുള്ളില്‍ ഒളിപ്പിച്ച റിവോള്‍വറുമായി ഉദ്ദംസിംഗ് വേദിയുടെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. ഡയര്‍ പ്രസംഗം അവസാനിപ്പിച്ച് വേദിയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതും ഉദ്ദംസിംഗ് തുരുതുരെ ഡയറിനുനേര്‍ക്ക് നിറയൊഴിച്ചു. യോഗത്തിന്റെ അദ്ധ്യക്ഷനും പരുക്കേറ്റു. ഡയര്‍ വേദിയില്‍ തന്നെ പിടിഞ്ഞു വീണ് മരിച്ചു.
ഉദ്ദംസിംഗിന് സന്തോഷവും അഭിമാനവും തോന്നി. ഞാന്‍ എന്‍റെ രാജ്യത്തോടുള്ള കടമ നിറവേറ്റിയിരിക്കുന്നു. അദ്ദേഹം ഉറക്കെപ്പറഞ്ഞു. തന്‍റെ ജീവിതലക്ഷ്യം സാധിച്ചതോടെ ഉദ്ദംസിംഗ് അവിടെത്തന്നെ നിന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ പോലീസ് അദ്ദേഹത്തെ പിടികൂടി.
ബ്രിട്ടീഷ് കോടതി ഉദ്ദംസിംഗിന് മേല്‍ കൊലക്കുറ്റം ചുമത്തി താന്‍ മനപ്പൂര്‍വം ഡയറിനെ വധിക്കുകയായിരുന്നെന്ന് ഉദ്ദംസിംഗ് ജഡ്ജിയെ അറിയിച്ചു. ഡയര്‍ അതര്‍ഹിക്കുന്നു, അതായിരുന്നു ഉദ്ദംസിംഗിന്റെ ന്യായീകരണം വളരെക്കാലത്തെ ആഗ്രഹം നിറവേറിയതില്‍ അതിയായ സന്തോഷമുണ്ടെന്നും മരിക്കാന്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം അറിയിച്ചു. കോടതിയില്‍ അധികകാലം വിചാരണ നീട്ടിക്കൊണ്ടുപോയി സംഭവത്തിനു പ്രാധന്യം കിട്ടരുതെന്നു ബ്രിട്ടീഷുകാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഉദ്ദംസിംഗിനെ ദിവസങ്ങള്‍ക്കകം വധിക്കാന്‍ 1940 ജൂണ്‍ 10-നു കോടതി ഉത്തരവിട്ടു, എന്നാല്‍ ജൂലൈ 31-നാണ് അദ്ദേഹം തൂക്കിലേറ്റപ്പെട്ടത്, അവസാനമായി ഒരേയൊരു ആഗ്രഹമേ അദ്ദേഹം ഉന്നയിച്ചുള്ളൂ, തന്‍റെ ചിതാഭസ്മം നാട്ടിലേക്ക് അയയ്ക്കണം. പക്ഷെ ബ്രിട്ടീഷ് കോടതി അതിനു അനുമതി നല്‍കിയില്ല. സ്വതന്ത്ര്യ ഭാരതം അതിനുള്ള ശ്രമങ്ങള്‍ നടത്തി. പഞ്ചാബ് ഭരണകൂടത്തിന്റെ കടുത്ത നിര്‍ബന്ധവും അതിനു പിന്നിലുണ്ടായിരുന്നു. ഒടുവില്‍ മൂന്നു പതിറ്റാണ്ടിനുശേഷം ഉദ്ദംസിംഗിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അരങ്ങൊരുങ്ങി. 1975-ല്‍ ആ ധീരയോദ്ധാവിന്റെ അന്ത്യാഭിലാഷം സാധിച്ചു. ജന്മദേശത്തു തന്നെ ഉദ്ദംസിംഗിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ദേശീയ ബഹുമതികളോടെ സംസ്ക്കരിക്കപ്പെട്ടു.