EncyclopediaHistory

ഈഫൽ ഗോപുരം

ഫ്രാൻസിലെ പാരീസിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പു ഗോപുരമാണ്‌ ഈഫൽ ഗോപുരം.1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.
ചരിത്രം
1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാ ഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ(Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ്‌ ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്, പാരീസിലെത്തിച്ച്, കൂട്ടിയോജിപ്പിക്കുകയായിരുന്നു.