EncyclopediaHistory

ഏഷ്യ എന്ന സ്വപ്നം

അക്കാലത്ത് യൂറോപിയന്‍ പര്യവേക്ഷകരുടെ ഏറ്റവും പ്രധാന കേന്ദ്രമായിരുന്നു പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍. പുത്തന്‍ നാടുകള്‍ തേടിയുള്ള പല യൂറോപിയന്‍ കപ്പല്‍യാത്രകളുടെയും തുടക്കം അവിടെനിന്നായിരുന്നു. കപ്പലപകടത്തില്‍ നിന്നും രക്ഷപ്പെട്ട് പോര്‍ച്ചുഗലിലെത്തിയ കൊളംബസ് പിന്നീട് ലിസ്ബണില്‍ താമസമാക്കി.
കൊളംബസിന്റെ ജ്യേഷ്ഠനായ ബര്‍ത്തലോമ്യോ ലിസ്ബണിലെ പേരുകേട്ട ഭൂപടനിര്‍മാതാവായിരുന്നു. ചേട്ടനെ ജോലിയില്‍ സഹായിച്ചതിനൊപ്പം ഭൂമിശാസ്ത്രം, ഗണിതം എന്നിവയില്‍ കൊളംബസ് ആഴത്തില്‍ അറിവുനേടി. 1477 ല്‍ അദ്ദേഹം നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ ഐസ്ലാന്റിലേക്ക് കപ്പല്‍യാത്ര നടത്തി. തുടര്‍ന്ന്‍ പോര്‍ച്ചുഗലിലെ ഒരു പ്രഭുവിന്റെ മകളെ വിവാഹം ചെയ്തു.
പിന്നീട് കൊളംബസ് ഇന്ത്യ, ചൈന, ജപ്പാന്‍ എന്നീ പൗരസ്ത്യദേശങ്ങളിലേക്കുള്ള സമുദ്രമാര്‍ഗത്തെക്കുറിച്ച് ഗവേഷണങ്ങളില്‍ മുഴുകി. അറ്റ്‌ലന്റിക്കിലൂടെ പടിഞ്ഞാറേക്കു സഞ്ചരിച്ചാല്‍ ഏഷ്യയിലെത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്റര്‍പ്രൈസ് ഓഫ് ദി ഇന്‍ഡീസ് എന്ന പേരില്‍ അദ്ദേഹം വിശദമായ യാത്രാപദ്ധതി തയാറാക്കി.
യാത്രയ്ക്ക് വേണ്ട പണം മുടക്കാന്‍ ഒരു ‘സ്പോണ്‍സറെ കിട്ടുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇതിനായി കൊളംബസ് [പോര്‍ച്ചുഗലിലെ ജോണ്‍ രണ്ടാമന്‍ രാജാവിനെ സമീപിച്ചു.എന്നാല്‍, കൊളംബസ് കരുതുന്നതിനെക്കാള്‍ വളരെ അകലെയാണ് ഏഷ്യയെന്നും യാത്രാച്ചെലവ് താങ്ങാവുന്നതിലും അപ്പുറമാണെന്നും പറഞ്ഞു രാജാവ് ആ പദ്ധതി തള്ളി. മാര്‍ക്കോ പോളോയുടെ വിശ്വാസയോഗ്യമല്ലാത്ത വിവരണങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് കൊളംബസിന്റെതെന്ന് രാജാവ് നിയോഗിച്ച വിദഗ്ധസമിതിയും വിധിയെഴുതി.
പോര്‍ച്ചുഗല്‍ രാജാവിലുണ്ടായിരുന്ന പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ചതോടെ കൊളംബസ് സ്പെയിനിലേക്ക് തിരിച്ചു.