ചാവുകടൽ
ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടൽ. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ് . ആണ്ടു പോവില്ല എന്നതാണ് ഈ തടാകത്തിന്റെ ഒരു പ്രത്യേകത. ഇതിന് സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന് മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്. ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തുവളർച്ചയെ പോഷിപ്പിക്കുന്നില്ല. കടൽക്കരയിൽ ആവട്ടെ സസ്യലതാദികൾ വളരുകയുമില്ല.
അറബിയിൽ ഇതിനെ അൽ-ബഹർ അൽ-മയ്യിത്ത് എന്ന് വിളിക്കുന്നു. ലൂത്ത് നബിയുടെ സമൂഹത്തെ ഭൂമിയെ അട്ടിമറിച്ച് ശിക്ഷിച്ച സ്ഥലത്താണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് എന്ന വിശ്വാസം കാരണവും മത്സ്യങ്ങളും മറ്റ് ജീവികളും ഇതിനകത്ത് ജീവിക്കാത്തത് കൊണ്ടുമാവാം ഇതിനെ ഇങ്ങനെ വിളിക്കുന്നത്. അത്രയൊന്നും പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു. ഹീബ്രുവിൽ യാം ഹ-മെലാഹ് (ഉപ്പിന്റെ കടൽ) അല്ലെങ്കിൽ യാം ഹ-മാവെത് എന്നോ വിളിക്കുന്നു. പ്രാചീന കാലത്ത് യാം ഹ-മിസ്റാഹി അല്ലെങ്കിൽ യാം ഹ-അറവ എന്നിങ്ങനെ വിളിക്കപ്പെട്ടിരുന്നു. ഗ്രീക്കുകാർ ഇതിനെ ലേക്ക് അസ്ഫാൾട്ടിറ്റെസ് എന്ന് വിളിച്ചു. ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യത്തോടെ ചാവുകടലിൽ വെള്ളത്തിൽ തോത് കുറഞ്ഞു വരുന്നതായി കണക്കാക്കപ്പെടുന്നു. ഒരു വർഷം ഇവിടെ ലഭിക്കുന്ന മഴ നൂറുമീറ്റർ തികയുന്നില്ല. ജോർദ്ദാൻ നദിയും മറ്റുചില ചെറുനദികളും ചാവുകടലിൽ ശുദ്ധജലം നൽകുന്നുണ്ട്. അതാവട്ടെ ഉപ്പുവെള്ളത്തിൽ കലരുന്നു. താപം വെള്ളത്തെ വേഗം ആവി ആക്കുകയും ചെയ്യുന്നു. ഇത് കാരണം ചാവുകടലിൽ ലവണത ഒരുകാലത്തും കുറയുന്നുമില്ല. ഇതിലെ ഉയർന്ന ലവണതയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഉള്ള കഴിവ് നൽകുന്നത്. അത് നീന്തി കുളിക്കുന്നവർക്ക് സൗകര്യം ആവുന്നു.
ഭൂമിശാസ്ത്രം
ഭൂമിയിലെ കരഭാഗത്തെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. 80 കി. മീ. നീളവും 18 കി. മീ. വീതിയും ഉള്ള ഇതിന്റെ വടക്കേ പകുതി ജോർദാനുള്ളതാകുന്നു. തെക്കേ പകുതി ജോർദാനും ഇസ്രായേലിനുമുള്ളതാകുന്നു. എന്നിരുന്നാലും 1967-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദാനിയൻ പീഠഭൂമികളുടെയും ഇടയിൽ ചാവുകടൽ സ്ഥിതിചെയ്യുന്നു. ജോർദാൻ നദിയിൽ നിന്നണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ഈ ഭാഗത്തെ ആകെയുള്ള ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്. ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്.
ചരിത്രം
മഹാറിഫ്റ്റ് മലയോരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു നീണ്ട ചുഴിയിലാണ് ചാവുകടലിന്റെ സ്ഥാനം. 6000 കി.മീ. നീളമുള്ള ഈ മഹത്തായ വിടവ് അഥവാ മഹാറിഫ്റ്റ് മലയോരം ടർക്കി യിലെ ടോറസ് മലനിരകൾ മുതൽ ദക്ഷിണാഫ്രിക്കയിലെ സാംബേസി വരെ നീണ്ടു കിടക്കുന്ന ഒന്നാണ്.